കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസി ഓഫീസില്‍ നിന്നെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് ഡിസിസി ഓഫീസില്‍ നിന്നാണെന്ന് പിപി ദിവ്യ ആരോപിച്ചു.
ടിക്കറ്റിന്റെ പൈസ ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'വിമാനത്തില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്. ട്രാവല്‍ ഏജന്‍സിക്ക് ഇനിയും പണം നല്‍കിയിട്ടില്ല'- എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്.
അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായ ഫര്സീന് മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ലഭിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്.
കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇവരെ മര്‍ദിച്ച് താഴെയിടുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. 36 പേരാണ് കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിന് ക്രൂവും ഉള്‍പ്പെടെ മൊത്തം 40 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വധശ്രമത്തിനാണ് കേസടുത്തത്.
വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന് ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.
മൂന്ന് പേരും 13ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡിജിപി വാദിച്ചു. എന്നാല്‍ കോടതി ഒടുവില്‍ ജാമ്യം നല്‍കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.