'തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ല; ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിശോധിക്കും': എം വി ഗോവിന്ദൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ല''
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ല. കരുനാഗപ്പള്ളി ലഹരി കടത്തിൽ ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്‍റ് ചെയ്തത്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളുണ്ടായാൽ സംഘടനാ ഇടപെടൽ സ്വാഭാവികമാണ്. താഴേത്തട്ടിൽ വരെ പാർട്ടി ഇടപെടും. സസ്പെൻഷൻ എന്നത് പാർട്ടിയുടെ ജാഗ്രതയുള്ള നടപടിയാണ്. അന്വേഷണം നടത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ. പാർട്ടിയുടെ മുന്നിൽ വരുന്ന കേസുകളെല്ലാം അന്വേഷിച്ച് നടപടിയെടുക്കും. ലക്ഷക്കണക്കിനു മികച്ച പാർട്ടിക്കാരുള്ള സംഘടനയിൽ ചുരുക്കം ചിലർക്കെതിരെ പരാതികൾ ഉണ്ടാകും. കുട്ടനാട്ടിൽ ആരും പാർട്ടി വിടില്ലെന്നും പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം വിഗോവിന്ദൻ പറഞ്ഞു.
advertisement
”ഇ പി ജയരാജനെതിരെ പരാതിയുണ്ടെന്നു പറഞ്ഞതും ഇല്ലെന്നു പറഞ്ഞതും മാധ്യമങ്ങളാണ്. പരാതി ഉണ്ടോ ഇല്ലയോ എന്നു മാധ്യമങ്ങളോട് പറയേണ്ടതില്ല. തെറ്റു തിരുത്തൽ പാർട്ടിക്കകത്താണ് നടത്തേണ്ടത്. റിസോർട്ട് വർഷങ്ങളായി ഉള്ളത് വസ്തുതയാണ്. അത് ഇല്ലെന്ന് ആരും പറഞ്ഞിട്ടില്ല. സംഘടനാപരമായി പരിശോധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കും. പാർട്ടിക്ക് ഒന്നും മറിച്ചുവയ്ക്കാറില്ല. എല്ലാ കാര്യവും തുറന്നു പറയുന്ന ആളല്ല താൻ. പറയേണ്ട വേദിയിൽ കാര്യങ്ങള്‍ പറയും”- എം വി ഗോവിന്ദൻ പറഞ്ഞു.
സ്വകാര്യ സർവകലാശാലകളുടെ വ്യവസ്ഥകൾ സുതാര്യമായിരിക്കണമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതു സംബന്ധിച്ച ചർച്ച നടത്താതെ ഏകപക്ഷീയമായി സംസ്ഥാനത്ത് നടപ്പിലാക്കില്ല. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എല്ലാ തലത്തിലും ചർച്ച നടത്തും. അല്ലെങ്കിൽ അപകടമുണ്ടാകും. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവും സ്വകാര്യ യൂണിവേഴ്സിറ്റികൾ ആരംഭിക്കുന്നതും വ്യത്യസ്ത വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also Read- തൃശൂരിൽ 75 കാരിയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചത് പത്ത് സെന്റ് പുരയിടം സ്വന്തംപേരിലേക്ക് മാറ്റാൻ
കേന്ദ്രത്തിന്റെയും ആർ എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഫെബ്രുവരി 20 മുതൽ മാർച്ച് 18വരെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. കാസർകോടുനിന്ന് ആരംഭിക്കുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കും. പി കെ.ബിജു ജാഥയുടെ മാനേജർ ആയിരിക്കും. സി എസ് സുജാത, എം സ്വരാജ്, ജെയ്ക്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ ജാഥയിലെ അംഗങ്ങളായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 13, 2023 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ല; ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിശോധിക്കും': എം വി ഗോവിന്ദൻ