കൊച്ചി: കേന്ദ്ര അന്വേഷണ എജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന കുറ്റാന്വേഷണ വിഭാഗമായ ക്രൈം ബ്രാഞ്ചും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. ഇ.ഡിക്കെതിരായ കേസില്‍ ജയിലിലെത്തി സ്വപ്നാ സുരേഷിന്റെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. അതിനിടെ കേസുകള്‍ റദ്ദാക്കാനുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വരാനിരിക്കെ തിരക്കുപിടിച്ചുള്ള ക്രൈംബ്രാഞ്ച് നീക്കം അനാവശ്യമാണെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു .
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന വനിതാ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റിനെതിരെ എടുത്ത ആദ്യ കേസിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കുന്നത്.സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്.
എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹര്‍ജി പരിഗണിക്കവെ കേസില്‍ അന്വേഷണം തുടരാമെന്നും എന്നാല്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇ.ഡി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സമ്പന്ധിച്ച വിവരങ്ങള്‍ തേടണം , ഓഡിയോ സന്ദേശത്തിന്റെ നിജസ്ഥിതി അറിയണം തുടങ്ങിയ കാര്യങ്ങള്‍ക്കായി സ്വപ്നയെ ജയിലിലെത്തി കണ്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.എന്നാല്‍ ക്രൈംബ്രാഞ്ച് നീക്കത്തെ ഇ.ഡി അഭിഭാഷകന് എതിര്‍ത്തു.
കേസുകള്‍ റദ്ദാക്കണമെന്ന ഇ.ഡി ഹര്‍ജികളില്‍ ഹൈക്കോടതി 16ന് ഉത്തരവ് പറയാനിരിക്കെ തിടുക്കപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് നടപടി അനുചിതവും, അനാവശ്യവുമാണെന്ന് ഇ.ഡി നിലപാടെടുത്തു.ഇതോടെ കേസ് പരിഗണിക്കുന്നത് കോടതി, ഹൈക്കോടതി ഉത്തരവ് പറയുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസില്‍ തുടര്‍ നടപടികള്‍ തത്കാലം വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.രഹസ്യമൊഴിയെടുക്കാനും ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.