' ഇടുക്കിയിലെ തമിഴർക്കു വേണ്ടി തമിഴ് പാർട്ടികൾ വേണം'; തമിഴ് ഭൂരിപക്ഷ മേഖലയിൽ മത്സരിക്കാൻ ഡിഎംകെയും
- Published by:Sneha Reghu
- news18-malayalam
Last Updated:
തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് സീറ്റുകളിലേക്കും തമിഴ് പാർട്ടികൾ കണ്ണു വെക്കുന്നുണ്ട്
ഇടുക്കി ജില്ലയിലെ തമിഴ് വോട്ട് ലക്ഷ്യമിട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ ഇടുക്കിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സൂചന.
വൻകിട തോട്ടങ്ങൾ വൻ പ്രതിസന്ധി നേരിടുന്ന മേഖലകളായ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ നിരവധി പഞ്ചായത്ത് വാർഡുകളിൽ തമിഴ് വോട്ടർമാർക്ക് നിർണായക സ്വാധീനമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് സീറ്റുകളിലേക്കും ഈ പാർട്ടികൾ കണ്ണു വെക്കുന്നുണ്ട്. ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവയ്ക്ക് പുറമെ ഇടുക്കി, തൊടുപുഴ എന്നീ രണ്ട് മണ്ഡലങ്ങൾ കൂടിയാണ് ജില്ലയിൽ ഉള്ളത്.
മൂന്നാർ, ഉപ്പുതറ എന്നിവടങ്ങളിൽ ഡിഎംകെ പാർട്ടി ഓഫീസ് തുറന്നു. തമിഴ്‌നാടിലെ പ്രമുഖ പാർട്ടിയായ വിസികെയ്ക്ക് (വിടുതലൈ ചിരുതൈഗൾ കച്ചി) പിന്നാലെയാണ് ഡിഎംകെ നീക്കം.
advertisement
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തമിഴർ കൂടൂതലായുള്ള തോട്ടം മേഖലകളിൽ പരമാവധി സീറ്റുകളിൽ സ്ഥാനാർഥികളെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിപ്പിക്കുമെന്ന് ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജനാർദൻ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ മാത്രമെ തോട്ടം തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുകയുള്ളൂവെന്നാണ് ഡിഎംകെ നേതാവിന്റെ അഭിപ്രായം.
തമിഴ്‌നാട്ടിലെ മറ്റൊരു പ്രമുഖ പാർട്ടിയായ അണ്ണാഡിഎംകെയ്ക്ക് 2019ൽ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നു. ഇതോടെയാണ് ജില്ലയിലെ തമിഴ് പാർട്ടി സ്വാധീനം ശ്രദ്ധയായത്. യുഡിഎഫ് പിന്തുണയോടെയാണ് എസ് പ്രവീണ അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2020-ൽ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
advertisement
പീരുമേട് മണ്ഡലത്തിലെ വണ്ടിപെരിയാറിൽ വിസികെ ഓഫീസ് തുറന്നു. വണ്ടിപെരിയാർ, പീരുമേട്, ഏലപ്പാറ, കുമിളി പഞ്ചായത്തുകളിലെ തമിഴ് ജനസംഖ്യ കൂടുതലുള്ള വാർഡുകളിൽ സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറായി. പ്ലാന്റേഷൻ മേഖലയിലെ തമിഴ്, ദളിത് വോട്ടുകളാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് വിസികെയുടെ കേരളവക്താവ് റിസ്‌വാൻ കോയ കെ.എസ്. പറഞ്ഞു
തോട്ടം മേലയിലെ പ്രതിസന്ധികളും തമിഴരായ തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങളുമാണ് ഇവർ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. തമിഴ് സമൂഹത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതും മറ്റൊരു പ്രശ്‌നമായി ഉയർത്തുന്നുണ്ട്.
advertisement
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കേരളത്തിലെ തോട്ടം മേഖലയിൽ സാന്നിധ്യം ഉറപ്പിക്കുന്നത് കേരളത്തിലെ ഇരുമുന്നണികളും ശ്രദ്ധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്ന് കാട്ടി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്ത് അയയ്ക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. ഡിഎംകെയും വിസികെയും ഇൻഡി സഖ്യത്തിലെ അംഗങ്ങളായതിനാൽ തദ്ദേശതിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുമായി കോൺഗ്രസ് സഖ്യ സാധ്യതകളും തേടുമെന്ന് സൂചിപ്പിച്ചു.
തമിഴ് നാട്ടിൽ സിപിഎമ്മും സിപിഐയും കോൺഗ്രസിനൊപ്പം ഡിഎംകെയുടെ സഖ്യകക്ഷികളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
November 07, 2025 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ഇടുക്കിയിലെ തമിഴർക്കു വേണ്ടി തമിഴ് പാർട്ടികൾ വേണം'; തമിഴ് ഭൂരിപക്ഷ മേഖലയിൽ മത്സരിക്കാൻ ഡിഎംകെയും


