വി എസിനെ ക്രൂരമർദനത്തിലൂടെ മൃതപ്രായനാക്കിയ പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കാൻ ആയുസ് നീട്ടിക്കൊടുത്ത കള്ളൻ
- Published by:Rajesh V
- news18-malayalam
- Written by:Chandrakanth viswanath
Last Updated:
78 കൊല്ലം മുമ്പ് കള്ളൻ കോലപ്പനെന്ന ആളിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അതിക്രൂരമായ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട അനേകം കമ്മ്യൂണിസ്റ്റുകാരിൽ ഒരാൾ മാത്രം ആകുമായിരുന്നു ഈ പുന്നപ്രക്കാരൻ. ആരെങ്കിലും പിന്നീട് അയാളെ ഓർക്കാൻ പോലും ഉണ്ടാകുമായിരുന്നില്ല.
മുറിച്ചാൽ മുറികൂടുന്ന ജന്മം ആണ് വി എസ് അച്യുതാനന്ദന്റേത്. രക്ഷകരാകേണ്ട പോലീസുകാരുടെ മർദനത്തിൽ മരിച്ചു എന്ന് കരുതിയ അദ്ദേഹത്തെ രക്ഷിച്ചത് ഒരു കള്ളൻ ആയിരുന്നു എന്നത് വിധി വൈപരീത്യമാകാം. 78 കൊല്ലം മുമ്പ് കള്ളൻ കോലപ്പനെന്ന ആളിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അതിക്രൂരമായ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട അനേകം കമ്മ്യൂണിസ്റ്റുകാരിൽ ഒരാൾ മാത്രം ആകുമായിരുന്നു ഈ പുന്നപ്രക്കാരൻ. ആരെങ്കിലും പിന്നീട് അയാളെ ഓർക്കാൻ പോലും ഉണ്ടാകുമായിരുന്നില്ല.
23ാം വയസിൽ, മീനച്ചിലാറിന്റെ തീരത്തെ മരണമുഖത്തുനിന്ന് വി എസ് അച്യുതാനന്ദനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു മോഷ്ടാവിന്‍റെ ഇടപെടലാണെന്നത് ചരിത്രമാണ്. 1946 ഒക്ടോബറിലെ സംഭവം വിഎസ് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
കോട്ടയത്തിന്റെ മലയോര മേഖലയായ പൂഞ്ഞാറിലെ കര്‍ഷക സംഘത്തിന്റെ നേതാക്കളെ അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് ആദ്യം വി എസ് അവിടെ എത്തിയത്. ഒളിവില്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടാഴ്ച കഴിയവേ തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി കെ വി പത്രോസിന്റെ കത്ത്. ആലപ്പുഴയിലേക്ക് പോകുക. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി പോരാടാനായിരുന്നു ആഹ്വാനം.
advertisement
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പൊലീസ് തുടങ്ങിയ നരനായാട്ട് നേരിടാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. വാര്‍ഡുകളില്‍ ട്രേഡ് യൂണിയന്‍ കൗണ്‍സിലര്‍ രൂപീകരിച്ച് വോളന്റിയര്‍ സംഘടനയ്ക്കു രൂപം കൊടുത്തു. യുദ്ധം കഴിഞ്ഞ് സർവീസിൽ നിന്ന് പിരിഞ്ഞു വന്ന പട്ടാളക്കാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. പൊലീസിനെയും പട്ടാളത്തെയും നേരിടാന്‍ ക്യാമ്പില്‍ പരിശീലനം.
എന്നാല്‍ പട്ടാളം വെടിവയ്ക്കുമ്പോള്‍ പിന്തിരിയാതിരിക്കാന്‍ കായിക പരിശീലനം മാത്രം പോരെന്നും പോരാളികൾക്ക് വേണ്ട രാഷ്ട്രീയ ബോധം നല്‍കേണ്ട ചുമതല ഏല്‍പ്പിക്കാനുമായിരുന്നു വിഎസിനെ വിളിപ്പിച്ചത്. പുന്നപ്രയിലെ മൂന്നു ക്യാമ്പുകളുടെ ചുമതല വിഎസിനായിരുന്നു.ഒരു വോളന്റിയര്‍ ക്യാമ്പില്‍ മുന്നൂറിലേറെ പ്രവര്‍ത്തകരുണ്ടായിരുന്നു.
advertisement
മൂന്നാഴ്ച പിന്നിട്ടപ്പോള്‍ 1946 ഒക്ടോബര്‍ 23, കൊല്ലവർഷം തുലാം ഏഴിലെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ തിരുനാള്‍ പ്രമാണിച്ച് ദിവാന്‍ കൂടുതല്‍ പോലീസ് സ്റ്റേഷനുകളും ക്യാമ്പുകളും തുറന്നു. വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രകടനം പൊലീസ് ക്യാമ്പുകളിലേക്ക് നടത്താനും പൊലീസ് ക്യാമ്പുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും കമ്മ്യൂണിസ്റ്റുപാര്‍ട്ടി തീരുമാനിച്ചു.
പുന്നപ്രയിലെ പുതിയ പൊലീസ് ക്യാമ്പിലേക്ക് വോളന്റിയര്‍മാര്‍ മാര്‍ച്ചു നടത്തി. ഒരു ഭാഗം വരെ വിഎസും മാര്‍ച്ചിനൊപ്പമുണ്ടായിരുന്നു. അറസ്റ്റു വാറന്റുള്ളതിനാല്‍ മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം കിട്ടിയ വിഎസ് ഒരു തൊഴിലാളിയുടെ വീട്ടിലേക്കു മാറി. ഇതിനിടെ പിരിഞ്ഞു പോകാന്‍ പൊലീസ് മേധാവി ജനങ്ങളോട് ആവശ്യപ്പെട്ടതിനൊപ്പം വെടി വയ്ക്കാനും ഉത്തരവിട്ടു. വോളന്റിയര്‍മാര്‍ വാരിക്കുന്തവുമായി നിലത്തു കിടന്നു.പിന്നെ പൊലീസ് ക്യാമ്പിലേക്ക് ഇഴഞ്ഞു നീങ്ങി.അക്രമാസക്തരായ വോളന്റിയര്‍മാര്‍ ഒരു എസ്‌ഐയുടെ തലവെട്ടി. എട്ടോളം പൊലീസുകാരെ കൊന്നു. പുന്നപ്രയുടെ മണ്ണ് തൊഴിലാളികളുടെ രക്തം കൊണ്ട് കുതിർന്ന് ചുവന്നു.
advertisement
ഈ സംഭവത്തിനുശേഷം വിഎസ് വീണ്ടും പൂഞ്ഞാറിലേക്കു പോയി. ഇതിനിടെ വയലാര്‍ അടക്കമുള്ള വോളന്റിയര്‍ ക്യാമ്പുകള്‍ പട്ടാളം ആക്രമിച്ചു. തിരുവിതാംകൂറിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് രക്തത്തിന്റെ ഗന്ധം പരന്നു.
പൂഞ്ഞാറിൽ നിന്നും പൊലീസ് ഒക്ടോബര്‍ 28ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു.അന്നത്തെ അടുത്ത സ്റ്റേഷനായ പാലായിലേക്ക് കൊണ്ടുപോകും വഴിതന്നെ പൊലീസ് മര്‍ദനം ആരംഭിച്ചിരുന്നു. ഏതാണ്ട് 5 കിലോമീറ്റർ പിന്നിട്ട് ഈരാറ്റുപേട്ട പൊലീസ് ഔട്ട് പോസ്റ്റില്‍ വച്ച് ഒരു പോലീസുകാരൻ കുനിച്ചുനിർത്തി മുതുകിനിടിച്ചു. അവിടെ നിന്ന് തുടങ്ങിയ തല്ല് ഏതാണ്ട് 10 കിലോമീറ്റർ അകലെ പാലാ പോലീസ് സ്റ്റേഷൻവരെ നീണ്ടു. പാലായിലെത്തിയപ്പോൾ അടിയുടെ ശക്തിയും കൂടി.
advertisement
പത്രോസ് എവിടെ?
കൃഷ്ണപിള്ള എവിടെ?
എന്ന് ചോദിച്ചായിരുന്നു മർദ്ദനം.
ഉത്തരംകിട്ടാതെ വന്നപ്പോൾ മർദനത്തിന്റെ ശക്തി കൂടി.
ആദ്യദിവസം തന്നെ ഇടിയൻ നാരായണപിള്ളയെന്ന പാലാ ഇൻസ്പെക്ടറുടെ വക നടുവിനൊരു ചവിട്ടുകിട്ടിയെന്നാണ് വിഎസ് പറഞ്ഞത്. പിന്നീട് രണ്ടുദിവസം മൂത്രമൊഴിക്കാൻ കഴിഞ്ഞില്ല. അന്ന് സെല്ലിലുണ്ടായിരുന്നത് കള്ളൻ കോലപ്പൻ എന്ന് വിളിപ്പേരുള്ള ഒരു മോഷ്ടാവാണ്. അയാളുടെ തടവലിനും ശുശ്രൂഷ്യ്ക്കും ശേഷമാണ് മൂത്രമൊഴിക്കാൻ കഴിഞ്ഞത്.
പിന്നീട് ആലപ്പുഴയിൽ നിന്ന് സിഐഡിമാരുൾപ്പെട്ട വലിയൊരുസംഘം പോലീസുകാരും പാലാ സ്റ്റേഷനിലേക്കെത്തി. അവരും മർദനത്തിൽ പിശുക്ക് കാണിച്ചില്ല. സെല്ലിന് പുറത്തേക്ക് ഇരുമ്പുകമ്പികൾക്കിടയിലൂടെ രണ്ടും കാലും കടത്തിയതിനുശേഷം ലാത്തികൊണ്ട് കാൽപ്പത്തിയ്ക്ക് അടിക്കുന്നതായിരുന്നു രീതി. കാൽ ഉള്ളിലേക്ക് വലിക്കാൻ കഴിയാത്തവിധത്തിൽ കെട്ടിയിട്ടശേഷമാണ് ചൂരൽകൊണ്ടുള്ള അടി.
advertisement
ലോക്കപ്പിലെ അഴികളില്‍ കാല്‍ കെട്ടി ക്രൂരമർദ്ദനമേറ്റിട്ടും വിഎസിന്‍റെ വായിൽനിന്ന് പോലീസുകാർക്ക് വേണ്ടതൊന്നും ഒരക്ഷരംപോലും കിട്ടിയില്ല. കണ്ണിൽ ഇരുട്ട് പരന്നു.പതിയെ ബോധം മറഞ്ഞു.
പിന്നീട് എപ്പോഴോ കണ്ണു തുറക്കുമ്പോൾ പാലായിലെ സർക്കാർ ആശുപത്രിയിലായിരുന്നു വിഎസ്..
പോലീസുകാരാണ് അവിടെ കൊണ്ടിട്ടത്.
ബോധം പോയശേഷമുള്ള കാര്യങ്ങൾ കള്ളൻ കോലപ്പനിൽനിന്നാണ് അദ്ദേഹം അറിയുന്നത്.
സ്റ്റേഷനിൽ പൊലീസുകാര്‍ തോക്കിന്റെ പാത്തികൊണ്ട് തുടർച്ചയായി ഇടിച്ചു. രണ്ടു പൊലീസുകാര്‍ ഉള്ളം കാലില്‍ ചൂരല്‍ കൊണ്ട് മാറി മാറി തല്ലി. ഇതിനിടെ ഒരു പൊലീസുകാരന്‍ ബയണറ്റു പിടിപ്പിച്ച തോക്ക് ഉള്ളം കാലില്‍ ആഞ്ഞു കുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് കയറി. വിഎസിന്‍റെ ബോധം പൂർണമായും മറഞ്ഞു. രക്തത്തിൽ കിടന്നിരുന്ന ശരീരം പോലീസുകാർ ലോക്കപ്പിന്‍റെ ഒരു മൂലയിലേക്ക് മാറ്റിയിട്ടു.
advertisement
അനക്കമില്ലാതെ കിടക്കുന്നതുകണ്ടപ്പോൾ മരിച്ചുപോയെന്നാണ് പോലീസ് കരുതിയത്. ചത്തെങ്കിൽ മൃതദേഹം കാട്ടിൽ കളയാനായിരുന്നു കല്പന. രണ്ട് കള്ളന്മാരുടെ സഹായത്തോടെ ശരീരം ജീപ്പിലേക്ക് എടുത്തിട്ട പോലീസ് പാലായിൽനിന്നും തിരികെ ഈരാറ്റുപേട്ടയിലേക്ക് യാത്രതിരിച്ചു. ശരീരം വഴിമധ്യേയുള്ള എവിടെയെങ്കിലും എറിയാനായിരുന്നു തീരുമാനം. അക്കാലത്ത് അതൊരു സാധാരണ സംഭവമായിരുന്നു.
എന്നാൽ യാത്രയ്ക്കിടെ അവിശ്വനീയം എന്ന് പറയാവുന്ന ഒരു കാര്യം നടന്നു. ഇയാൾ ശ്വാസം വലിക്കുന്നുണ്ടെന്നും ശരീരം വലിച്ചെറിയാൻ കഴിയില്ലെന്നും കോലപ്പൻ പറഞ്ഞു. സഹതടവുകാരൻ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ കോലപ്പൻ കരഞ്ഞു പറഞ്ഞതിനെ തുടർന്ന് എന്തോ ദയ തോന്നിയ പോലീസുകാർ വിഎസിനെ പാലായിലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ക്രൂരമർദനത്തിൽ തകർന്ന യുവാവിന്‍റെ ശരീരംകണ്ട ഡോക്ടർമാർ പോലീസിനെ കണക്കറ്റ് ശകാരിച്ചു. രണ്ടുപേരെ മാത്രം ആശുപത്രിയിൽനിർത്താൻ സമ്മതിച്ച് മറ്റുള്ളവരോട് തിരികെ പോകാൻ പറഞ്ഞു.ബയണറ്റ് കുത്തിക്കയറ്റിയ കാൽ നിലത്തുകുത്താൻ ചുരുങ്ങിയത് ഒൻപത് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞപ്പോൾ ചികിത്സയുടെ ഫലം കണ്ടുതുടങ്ങി.
അന്ന് ആ ചെറുപ്പക്കാരന് ജീവനുണ്ടായിരുന്നെന്ന് കള്ളൻ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ പോലീസ് അയാളെ എവിടെയെങ്കിലും തള്ളിയേനെ. ഒരുപക്ഷേ കേരളത്തിന്‍റെ ചരിത്രം മറ്റൊന്ന് ആയേനെ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 21, 2025 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി എസിനെ ക്രൂരമർദനത്തിലൂടെ മൃതപ്രായനാക്കിയ പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കാൻ ആയുസ് നീട്ടിക്കൊടുത്ത കള്ളൻ