എമ്പുരാൻ നിർമാതാക്കളായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ ഇഡി റെയ്ഡ്
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്
കൊച്ചി: എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ 'എമ്പുരാൻ' 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.
എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയിൽ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കൾ തന്നെ ഇടപെട്ട് 24 കട്ടുകൾ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കി റീ -സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ അന്ന് പ്രതികരിച്ചിരുന്നു.
advertisement
'ഞാൻ അവസാനമാണ് ഈ സിനിമയുമായി സഹകരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരും തന്നെ ഇതുവരെയും ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്ക് ആർക്കും ആഗ്രഹമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തിൽ സിനിമ കാണണം. സിനിമ സെൻസർ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്. മോഹൻലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാൽ സേവനം എന്നാണ് ഞാൻ കാണുന്നത്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാൻ കഴിയാതെ നിന്ന് പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അതിൽ സഹകരിച്ചത്'- ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 04, 2025 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എമ്പുരാൻ നിർമാതാക്കളായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ ഇഡി റെയ്ഡ്