വ്യാജ സർട്ടിഫിക്കറ്റ് ; നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്തവിലക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ഇതോടെ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കോഴ്സിലും സ്ഥാപനത്തിലും നിഖില്‍ തോമസിന് ഇനി ഒരു തരത്തിലുള്ള പഠനവും നടത്താനാകില്ല.
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സർവകലാശാല ആജീവനാന്ത വിലക്കേർപ്പെടുത്തി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയതിനെ തുടര്‍ന്നാണ് എസ്എഫ്ഐ മുന്‍ കായംകുളം ഏരിയ സെക്രട്ടറി കൂടിയായ നിഖില്‍ തോമസിനെതിരെ പോലീസ് കേസെടുത്തത്. ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് നിഖിലിനെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കോഴ്സിലും സ്ഥാപനത്തിലും നിഖില്‍ തോമസിന് ഇനി ഒരു തരത്തിലുള്ള പഠനവും നടത്താനാകില്ല.
എംകോം അഡ്മിഷന്‍ നേടുന്നതിനായി നിഖില്‍ തോമസ് എംഎസ്എം കോളേജില്‍ നല്‍കിയ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളേജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.
നിഖിലിന് അഡ്മിഷന്‍ നല്‍കിയത് സംബന്ധിച്ച് കായംകുളം എംഎസ്എം കോളേജ് നല്‍കിയ വിശദീകരണത്തിലും സര്‍വകലാശാല അതൃപ്തരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ കേളേജിന്റെ ചുമതലയിലുണ്ടായിരുന്നവരെ വിളിച്ച് വരുത്തും. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം.
advertisement
അതിനിടെ അറസ്റ്റിലായ നിഖില്‍ തോമസിനേയും നിഖിലിന് ഏജന്‍സി വഴി വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ അബിന്‍ രാജിനേയും പോലീസ് തെളിവെടുപ്പിനെത്തിച്ചു. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് താനെന്ന് അന്വേഷണ സംഘത്തോട് എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡൻറ് അബിൻ സി രാജ് സമ്മതിച്ചു. തിരുവനന്തപുരത്ത് വച്ചാണ് വ്യാജരേഖ ചമച്ച ഒറിയോൺ എന്ന ഏജൻസിയുമായി ബന്ധപ്പെടുന്നതെന്നും ചോദ്യം ചെയ്യലിൽ അബിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 27, 2023 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ സർട്ടിഫിക്കറ്റ് ; നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്തവിലക്ക്