ഒപ്പമുണ്ടായിരുന്നയാൾ അന്ത്യവിശ്രമത്തിലും ഒപ്പം; വീട്ടുജോലിക്കാരനും കുടുംബക്കല്ലറയിൽ ഇടമൊരുക്കി ഒരു കുടുംബം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഏറെക്കാലമായി കളപ്പുരയ്ക്കൽ കുടുംബത്തിലെ ജോലിക്കാരനായിരുന്ന ദേവസ്യ കോവിഡ് ബാധിച്ചാണ് മരിച്ചത്.
കണ്ണൂർ: വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരന് കുടുംബകല്ലറയില്‍ അന്ത്യവിശ്രമം ഒരുക്കി ഒരു കുടുംബം. രാജഗിരി ഇടവകയിലെ കളപ്പുരയ്ക്കൽ കുടുംബാംഗങ്ങളാണ് വീട്ടുജോലിക്കാരൻ ദേവസ്യയ്ക്ക് തങ്ങളുടെ മാതാപിതാക്കൾക്ക് സമീപത്തായി കുടുംബക്കല്ലറയിൽ ഇടമൊരുക്കിയത്.
ഏറെക്കാലമായി കളപ്പുരയ്ക്കൽ കുടുംബത്തിലെ ജോലിക്കാരനായിരുന്ന ദേവസ്യ കോവിഡ് ബാധിച്ചാണ് മരിച്ചത്. അവിവാഹിതനായ ദേവസ്യ വീട്ടുകാർക്ക് പ്രിയപ്പെട്ട ദേവസ്യാപ്പി ആയിരുന്നു. കളപ്പുരയ്ക്കൽ മൈക്കിൾ-ദേവസ്യ കുടുംബത്തിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ജോലിക്കെത്തിയതാണ് ദേവസ്യ. ഈ ദമ്പതിമാരുടെ മരണശേഷം കരുവാഞ്ചലിലെ ഒരു അഗതി മന്ദിരത്തിൽ കുടുംബാംഗങ്ങൾ ദേവസ്യക്കായി പ്രത്യേകം മുറി ഒരുക്കുകയും ചെയ്തു. മാസംതോറും 10,000 രൂപയും നൽകിയിരുന്നു. പലവിധ രോഗങ്ങൾ അലട്ടിയപ്പോൾ കണ്ണൂർ തണൽ സ്നേഹവിട്ടീലേക്ക് മാറ്റി.
ഇതിനിടെയാണ് രോഗബാധിതനായത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം തന്നെ ദേവസ്യയെയും സംസ്കരിക്കാൻ മൈക്കിൾ–ത്രേസ്യാമ്മ ദമ്പതികളുടെ മക്കൾ തീരുമാനിച്ചത്. അങ്ങനെ കളപ്പുരയ്ക്കൽ കുടുംബക്കല്ലറയിൽ ദേവസ്യയ്ക്കും അന്ത്യ വിശ്രമത്തിന് ഇടമൊരുങ്ങി.
advertisement
Also Read-കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നൽകും
രക്തബന്ധത്തെക്കാൾ അടുപ്പം സൂക്ഷിച്ചിരുന്ന തങ്ങളുടെ ദേവസ്യയെ സംരക്ഷിക്കണമെന്ന മൈക്കിൾ–ത്രേസ്യാമ്മ ദമ്പതികളുടെ ആഗ്രഹം കൂടിയാണ് ഈയൊരു പ്രവൃത്തിയിലൂടെ അവരുടെ പത്ത് മക്കള്‍ ചേർന്ന് പൂർത്തീകരിച്ചിരിക്കുന്നത്.
ഹിന്ദുമത വിശ്വാസിയുടെ സംസ്ക്കാരത്തിന് സ്ഥലം നൽകി എടത്വ പള്ളി
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ സംസ്കാരത്തിന് സ്ഥലവും സൗകര്യങ്ങളും നല്കി എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളിയും വാർത്തകളിൽ നിറഞ്ഞിരുന്നു. കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്‍റെ (86) മൃതദേഹമാണ് കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ സാധിക്കാതെയായത്. ഇതോടെ ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു. ഇതോടെ ഫാ. മാത്യു ചൂരവടി ഇടപെട്ട് പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് ശ്രീനിവാസന്‍റെ സംസ്ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു.
advertisement
സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്, ജെഫിന്, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവര്‍ പിപി കിറ്റ് അണിഞ്ഞും വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന് കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരത്തിന് നേതൃത്വം നല്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2021 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒപ്പമുണ്ടായിരുന്നയാൾ അന്ത്യവിശ്രമത്തിലും ഒപ്പം; വീട്ടുജോലിക്കാരനും കുടുംബക്കല്ലറയിൽ ഇടമൊരുക്കി ഒരു കുടുംബം


