തിരുവനന്തപുരം: ഇസ്രയേലിൽ ആധുനിക കൃഷി രീതി പഠിക്കാനായി പോയ സംഘത്തിൽ നിന്ന് കർഷകനെ കാണാതായ സംഭവത്തിൽ കൃഷിവകുപ്പിനെയും സർക്കാരിനെ പരിഹസിച്ച് കർഷക സംഘടനയായ കിഫ (കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ). സംഘത്തിലെ കർഷകൻ ഇസ്രായേൽ വിനോദയാത്ര കേരളം ഉപേക്ഷിച്ച് പോകാനുള്ള ഒരു അവസരമായി ഉപയോഗിച്ചു എങ്കിൽ എത്ര ഭീകരമായ അവസ്ഥയാണ് ഇന്നാട്ടിലെ കർഷകർ നേരിടുന്നത് എന്ന് ലളിതമായി മനസിലാക്കാവുന്നതാണെന്ന് കിഫ പറയുന്നു.
ഒരാളുടെ എങ്കിലും ഭാവി സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കാൻ അവസരം ഒരുക്കിക്കൊടുത്തതിന് കൃഷിമന്ത്രിക്ക് വകുപ്പിനും നന്ദിയുണ്ടെന്ന് സംഘടന പറയുന്നു. അടുത്ത തവണ ഇതുപോലെ ആളുകളെ കൊണ്ടു പോകുമ്പോൾ ചാടിപ്പോകാതെ ഇരിക്കാനായി ചീറ്റയെ കൊണ്ടുവന്ന പെട്ടികൾ ഉപയോഗിക്കാവുന്നതാണെന്ന് കിഫ. രക്ഷപെട്ടു പോയ കർഷക സുഹൃത്തിന് ഇസ്രായേലിൽ നല്ല ഭാവി ആശംസിക്കുന്നതായും സംഘടന പറയുന്നു.
Also Read-ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു
കിഫയുടെ ഫേസ്ബുക്ക് പോസ്റ്റ്
കർഷകൻ രക്ഷപെട്ടു!
ഇസ്രായേലിൽ ആധുനിക കൃഷി പഠിപ്പിക്കാൻ സർക്കാർ കൊണ്ടുപോയ 27 അംഗ സംഘത്തിലെ ഒരു കർഷകൻ സംഘവുമായുള്ള ബന്ധം ഉപേക്ഷിച്ചു രക്ഷപെട്ടിരിക്കുന്നു.
കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത 27 പേരിൽ 20 കർഷകർ എന്നത് കേരളത്തിലെ കർഷകരുടെ പ്രതിനിധികൾ ആണ്. അതിലും ഉപരി സ്വന്തമായി യാത്ര ചിലവ് കണ്ടെത്തിയ അവരിൽ ഭൂരിഭാഗവും സാമ്പത്തികമായി തീർത്തും താഴെ തട്ടിൽ അല്ല എന്നും മനസിലാക്കാം.
ഇനി സർക്കാർ ഭാഗത്തുനിന്നും വരാൻ സാധ്യതയുള്ള വിശദീകരണങ്ങളും കർഷകനെ കൊണ്ട് പറയിപ്പിക്കാൻ സാധ്യതയുള്ള കാരണങ്ങളും എന്തുതന്നെയായാലും, സാമ്പത്തികമായി നല്ല നിലയിലുള്ള ഈ സംഘത്തിലെ കർഷകൻ പോലും, ഈ ഇസ്രായേൽ വിനോദയാത്ര, കേരളം ഉപേക്ഷിച്ച് പോകാനുള്ള ഒരു അവസരമായി ഉപയോഗിച്ചു എങ്കിൽ എത്ര ഭീകരമായ അവസ്ഥയാണ് ഇന്നാട്ടിലെ കർഷകർ നേരിടുന്നത് എന്ന് ലളിതമായി മനസിലാക്കാവുന്നതാണ്.
ഇക്കാര്യത്തിൽ കേരള കൃഷിവകുപ്പിന് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു, കാരണം ഒരാളെ എങ്കിലും നിങ്ങൾക്ക് രക്ഷപെടുത്താൻ സാധിച്ചല്ലോ..!
കർഷകന് സമൂഹത്തിൽ മാന്യമായ സ്ഥാനവും, അത്യാധുനിക സൗകര്യങ്ങളും നൽകുന്ന ഇസ്രായേലിൽ നിന്നും ആധുനിക കൃഷിയും പഠിച്ച് തിരിച്ചു കേരളത്തിൽ വന്ന്, പന്നി കുത്തിമറിക്കുന്ന വയലിൽ വിത്തെറിഞ്ഞ്, പന്നി കുത്താത്ത ഭാഗം മുളച്ച് പൊന്തുന്നത് ആനയും ചവിട്ടി ഊമ്പിത്തിരിഞ്ഞ് മേലോട്ട് നോക്കി ഇരിക്കുന്ന ബാക്കി 19 പേരെ അപേക്ഷിച്ച് ഒരാളുടെ എങ്കിലും ഭാവി സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കാൻ അവസരം ഒരുക്കിക്കൊടുത്തല്ലോ? നന്ദിയുണ്ട് കൃഷിമന്ത്രിക്ക് വകുപ്പിനും.
കൃഷിയുടെ അടിസ്ഥാന ഘടകങ്ങൾ ഗതാഗത സൗകര്യം, ജല ലഭ്യത, രോഗ കീട വന്യജീവി നിയന്ത്രണം, സംഭരണ ശേഷി ന്യായ വില എന്നിവയാണ്. പഠനം ഒക്കെ ഗൂഗിളും യുട്യൂബും നോക്കി ആർക്കും പഠിക്കാം. ഇത് ഒരുക്കിക്കൊടുക്കാതെ ടിക്കറ്റും എടുത്ത് ഇസ്രയേൽ അല്ല, ചന്ദ്രനിൽ പോയാലും തിരിച്ചു വന്ന് കൂടുതലായി ഒന്നും ചെയ്യാനുണ്ടാവില്ല.
അടുത്ത തവണ ഇതുപോലെ ആളുകളെ കൊണ്ടു പോകുമ്പോൾ ചാടിപ്പോകാതെ ഇരിക്കാനായി ചീറ്റയെ കൊണ്ടുവന്ന പെട്ടികൾ ഉപയോഗിക്കാവുന്നതാണ്. താങ്കളെ ഏതു വിധേനയും തിരിച്ചുപിടിച്ചു കൊണ്ടുവരിക എന്നത് ടൂർ സംഘടിപ്പിച്ചവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ് എന്നുള്ളത് ഒരു ആശങ്കയായി തന്നെ നിൽക്കെ, രക്ഷപെട്ടു പോയ കർഷക സുഹൃത്തിന് ഇസ്രായേലിൽ നല്ല ഭാവി ആശംസിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.