ഒടുവിൽ ആർച്ച അറിഞ്ഞു; യാത്രാമൊഴി ചൊല്ലി പോയ അച്ഛൻ ഇനി തിരികെ വരില്ലെന്ന്
Last Updated:
മകളുടെ വിവാഹത്തലേന്ന് ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരണമടഞ്ഞ എസ്ഐ നീണ്ടകര പുത്തൻതുറ ചമ്പോളിൽ തെക്കതിൽ പി വിഷ്ണുപ്രസാദിന്റെ (55) സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു
കൊല്ലം: അച്ഛൻ പാടിമറഞ്ഞത് ജീവിതത്തിൽ നിന്നുതന്നെയാണെന്ന് മകൾ ആർച്ച ഒടുവിൽ അറിഞ്ഞു. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയയ്ക്കാൻ വരാതിരുന്ന അച്ഛനെ അവൾ ഇന്നലെ അവസാനമായി കണ്ടു. അതു ഹൃദയം നുറുങ്ങുന്ന യാത്രപറച്ചിലായി. പാടിമുഴുമിപ്പിക്കാത്ത വരികളിൽ യാത്രാമൊഴിചൊല്ലിയ പിതാവ് മകളുടെ അന്ത്യചുംബനം ഏറ്റുവാങ്ങി യാത്രയായി. മകളുടെ വിവാഹത്തലേന്നു ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരണമടഞ്ഞ എസ്ഐ നീണ്ടകര പുത്തൻതുറ ചമ്പോളിൽ തെക്കതിൽ പി വിഷ്ണുപ്രസാദിന്റെ (55) സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു.
അച്ഛൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിശ്വാസത്തിൽ ഞായറാഴ്ച വിവാഹശേഷം വരന്റെ വീട്ടിലേക്കു തിരിച്ച ആർച്ചയെ ഇന്നലെ വരവേറ്റത് അച്ഛനില്ലാത്ത വീടായിരുന്നു. ആർച്ചയെയും അമ്മയെയും സഹോദരിയെയും മരണവിവരം അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. തലേന്നു രാത്രി കുഴഞ്ഞു വീണ വിഷ്ണുപ്രസാദ് ആശുപത്രിയിൽ ഐസിയുവിലാണെന്നായിരുന്നു ഇവരെ ധരിപ്പിച്ചിരുന്നത്. ആ ഉറപ്പിലാണ് വിവാഹശേഷം ആർച്ച ഭർത്താവ് വിഷ്ണുപ്രസാദിന്റെ കൈപിടിച്ചു കടയ്ക്കലിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയത്.
advertisement
ഭർതൃവീട്ടിലെത്തിയ ആർച്ച, അച്ഛന്റെ രോഗവിവരം അന്വേഷിച്ചപ്പോഴും ആരും അവളെ ഒന്നുമറിയിച്ചില്ല. അച്ഛന്റെ രോഗത്തെക്കുറിച്ചുള്ള സങ്കടത്തിലായിരുന്നു അവൾ. എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും. അച്ഛൻ മരിച്ച വിവരം വിവാഹദിവസം മകളെ അറിയിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കൾ. ഇന്നലെ രാവിലെ ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്കു പോകുംവഴിയാണ് അവൾ മരണവിവരം അറിയുന്നത്. ഇന്നലെ 12 മണിയോടെ വിഷ്ണുപ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2019 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒടുവിൽ ആർച്ച അറിഞ്ഞു; യാത്രാമൊഴി ചൊല്ലി പോയ അച്ഛൻ ഇനി തിരികെ വരില്ലെന്ന്