തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ രണ്ട് ഗോഡൗണുകളിൽ അഞ്ച് ദിവസത്തിനിടെ തിപിടിത്തമുണ്ടായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. അഞ്ച് ദിവസത്തിനിടെ ഒരേ സ്വഭാവമുളള രണ്ടാമത്തെ തീപിടുത്തമാണ് തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്തെ ഗോഡൗണിൽ തീപിടിത്തമുണ്ടായിരുന്നു. കൊല്ലത്തും അർദ്ധരാത്രിയാണ് തീപിടിത്തമുണ്ടായത്. കൊല്ലത്തും ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന സ്ഥലം തന്നെയാണ് കത്തിയത്.
പുതിയ എംഡി ജീവൻ ബാബു ചുമതല ഏറ്റെടുത്ത് ഒരു മാസം പൂർത്തിയാകും മുൻപാണ് രണ്ട് ഗോഡൗണുകളിൽ തീപിടിത്തമുണ്ടായതെന്നത് ശ്രദ്ധേയമാണ്. ബ്ലീചിംഗ് പൗഡറിൽ സ്ഫോടനം നടക്കാനുള്ള കെമിക്കൽ കലർന്നിരുന്നോയെന്നും സംശയം ഉയരുന്നുണ്ട്. കൂടാതെ മറ്റ് ഏതെങ്കിലും രാസ വസ്തു സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നൽ തീപിടുത്തത്തിന് കാരണമായോയെന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.
അതേസമയം ബ്ലീച്ചിംഗ് പൗഡർ ഭാഗത്താണ് ആദ്യം തീപിടുത്തം ഉണ്ടായതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തണം. ഫോറൻസിക് പരിശോധന നടത്തണം. മറ്റ് കെ.എം.എസ്.സി.എൽ സ്ഥലങ്ങളിലെ സുരക്ഷ പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരനും, വെയർ ഹൗസ് മാനേജറും സ്ഥലത്ത് ഉണ്ടായിരുന്നു. മറ്റ് അട്ടിമറികൾ എന്തേലും ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.
Also See- കിൻഫ്ര തീപിടിത്തം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും
തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരണ കേന്ദ്രത്തിനാണ് ഇന്ന് പുലർച്ചെ 1.30 ഓടെ തീപിടിച്ചത്. വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ഈ സമയം സെക്യൂരിറ്റി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാൻ രഞ്ജിത്ത് മരണപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire, Kerala, Thiruvananthapuram