• HOME
  • »
  • NEWS
  • »
  • kerala
  • »
  • എ സി മൊയ്തീനും കെ ടി ജലീലും അടക്കം അഞ്ച് എംഎൽഎമാർ അജ്മീരില്‍; സൂഫികള്‍ ബഹുസ്വര ഇസ്ലാമിന്റെ വക്താക്കളെന്ന് ജലീല്‍

എ സി മൊയ്തീനും കെ ടി ജലീലും അടക്കം അഞ്ച് എംഎൽഎമാർ അജ്മീരില്‍; സൂഫികള്‍ ബഹുസ്വര ഇസ്ലാമിന്റെ വക്താക്കളെന്ന് ജലീല്‍

അജ്മീര്‍ ദര്‍ഗയില്‍ ലഭിച്ച സ്വീകണത്തിന്റെ ചിത്രങ്ങളും ജലീൽ പങ്കുവെച്ചു

Photo- KT Jaleel/ Facebook

Photo- KT Jaleel/ Facebook

  • Last Updated :
  • Share this:
കോഴിക്കോട്: ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തിയ സൂഫി ആചാര്യനായിരുന്നു ഖാജാ മുഈനുദ്ധീന്‍ ചിശ്തിയെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച സൂഫിവര്യനാണ് ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയെന്നും ഹിന്ദുമതമുള്‍പ്പടെ എല്ലാ മതങ്ങളെയും സ്‌നേഹിച്ച അദ്ദേഹം ഇന്ത്യന്‍ ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ചാണ് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്നും ജലീല്‍ പറയുന്നു. വര്‍ഗ്ഗീയ ചേരിതിരിവ് ശക്തമായ വര്‍ത്തമാന കാലത്ത് പോലും ശാന്തിയും സ്‌നേഹവും തേടി നാനാജാതി മതസ്ഥര്‍ അജ്മീറിലെത്തുന്നത് ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ പരമത സഹിഷ്ണുത കൊണ്ടാണെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ അതിഥികളായി പ്രവാസി ക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ അഞ്ച് എം.എല്‍.എമാരടങ്ങിയ സംഘമാണ് ജയ്പൂരിലെത്തിയത്. അവിടെ നിന്നാണ് സംഘം പോലീസ് അകമ്പടിയോടെ അജ്മീരിലെത്തിയത്.  ഫേസ്ബുക്ക് പോസ്റ്റ്.

2006ലെ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നേടിയ അട്ടിമറി ജയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ജയിച്ചാല്‍ അജ്മീറില്‍ തന്നെ തീര്‍ത്ഥാടനത്തിന് എത്തിക്കാമെന്ന് നേര്‍ച്ചയുണ്ടെന്ന് അജ്ഞാതന്‍ ഫോണ്‍ വിളിച്ച് അറിയിച്ചെന്നും രണ്ടു വര്‍ഷം കഴിഞ്ഞാണ് അതിന് സാധിച്ചതെന്നും ജലീല്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് അജ്മീര്‍ സന്ദര്‍ശിക്കുന്നതെന്നും ജലീല്‍ വ്യക്തമാക്കുന്നു. സൂഫിസവും സൂഫിവര്യന്‍മാരും ഇന്ത്യയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ് അജ്മീരെന്നും ഇവിടെ വിശ്വാസ വൈരുദ്ധ്യങ്ങളല്ല, സമന്വയമാണ് കാണാനാവുകയെന്നും ജലീല്‍ വ്യക്തമാക്കുന്നു.

സൂഫികളെക്കുറിച്ചും ദര്‍ഗകളെക്കുറിച്ചും മുസ്ലിംകളിലെ വിവിധ വിശ്വാസ ധാരയിലുള്ളവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. സൂഫി കേന്ദ്രങ്ങള്‍ ഇസ്ലാമിക വിരുദ്ധ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് സലഫി സംഘടനകളുടെ വാദം. പരമ്പരാഗത സുന്നി വിശ്വാസികള്‍ സൂഫിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും രൂക്ഷമാണ്. ഇസ്ലാമിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഇതര വിശ്വാസ ധാരകളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും ചെയ്തവരാണ് സൂഫികളെന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ടുകൂടിയാണ് സൂഫീ കേന്ദ്രങ്ങളില്‍ എല്ലാ മതവിശ്വാസികളും എത്തുന്നതെന്നാണ് കരുതുന്നത്.കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ടാം തവണയാണ് ഞാന്‍ അജ്മീര്‍ സന്ദര്‍ശിക്കുന്നത്. 2008 ലെ ആദ്യത്തെ വരവിന് ഒരു കാരണമുണ്ട്. 2006 ലെ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. മുമ്പ് പരിചയമില്ലാത്ത ഒരാളാണ് വിളിച്ചത്. ഞാന്‍ ജയിച്ചാല്‍ അജ്മീറില്‍ എന്നെ തീര്‍ത്ഥാടനത്തിനെത്തിക്കാമെന്ന് അദ്ദേഹം നേര്‍ച്ച നേര്‍ന്നിട്ടുണ്ടത്രെ. എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്തിനാണ് അത്തരമൊരു നേര്‍ച്ചക്ക് മുതിര്‍ന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് മറുപടി ഇല്ല. അയാള്‍ പറഞ്ഞാല്‍ ഞാനത് കേള്‍ക്കുമെന്ന് മനസ്സ് പറഞ്ഞുവെന്നാണ് ന്യായം. ഫോണ്‍ വെക്കുന്നതിന് മുമ്പ് തന്റെ അഭ്യര്‍ത്ഥന അജ്ഞാതന്‍ പലതവണ ആവര്‍ത്തിച്ചു. നോക്കാമെന്ന് സമാശ്വസിപ്പിച്ച് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ആ ഫോണ്‍ കോള്‍ ദിവസങ്ങളോളം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അപരന്റെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കലും നന്‍മയാണെന്ന ചിന്ത അജ്മീര്‍ സന്ദര്‍ശനത്തിന് തത്വത്തില്‍ തീരുമാനിക്കുന്നതിന് ഹേതുവായി. സാഹചര്യം ഒത്തുവന്നത് രണ്ടു വര്‍ഷം കഴിഞ്ഞാണ്. ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് ഒരു രാജസ്ഥാനിയെ ഏര്‍പ്പാടാക്കിത്തന്നത് സുഹൃത്തും അയല്‍വാസിയുമായ പപ്പനാണ്. ചുരിദാര്‍ ഉണ്ടാക്കി കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന ബിസിനസ്സാണ് പത്മകുമാറിന്. സ്ഥിരമായി ചുരിദാര്‍ മെറ്റീരിയല്‍ എടുക്കാന്‍ ജയ്പൂരില്‍ വരുന്ന വിവരം അറിയുന്നത് കൊണ്ടാണ് അവനോട് കാര്യം പറഞ്ഞത്. ജയ്പൂരില്‍ എത്തിയ എന്നെ പപ്പന്‍ ഏര്‍പ്പാടാക്കിയ സഹായി അജ്മീറിലേക്ക് അനുഗമിച്ചു. യാത്രയിലുടനീളം അജ്മീറിനെ കുറിച്ചും ആ പട്ടണത്തിന്റെ  മതമൈത്രിയുടെ പാരമ്പര്യത്തെ കുറിച്ചുമാണ് സഹയാത്രികന്‍ വാചാലനായത്. ചേളാരി സമസ്താലയത്തില്‍ പഠിക്കവെ നാഗൂറിലും മമ്പുറത്തും മുത്തുപ്പേട്ടയിലും പോയ ഓര്‍മ്മയാണ് അജ്മീറിലെത്തി ചുറ്റും കണ്ണോടിച്ചപ്പോള്‍ സ്മൃതിപഥങ്ങളില്‍ ഓടിയെത്തിയത്. അതിനു ശേഷമുള്ള രണ്ടാം യാത്രയാണ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ സൗഹൃദ ഭൂമിയിലേക്ക്.
ഞങ്ങള്‍ അഞ്ച് എം.എല്‍.എമാര്‍ പ്രവാസി ക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ എ.സി മൊയ്തീന്റെ നേതൃത്വത്തിലാണ് രാവിലെ 8.40 ന് ജയ്പൂരില്‍ നിന്ന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അതിഥികളായി എക്‌സ്പ്രസ് ഹൈവേ വഴി പോലീസ് അകമ്പടിയോടെ അജ്മീറിലേക്ക് പുറപ്പെട്ടത്. 130 കിലോമീറ്റര്‍ താണ്ടിയുള്ള യാത്രയില്‍ കണ്ണെത്താ ദൂരത്തോളം ഗോതമ്പ് പാടങ്ങളും ചോളകൃഷിയിടങ്ങളും നീണ്ടു കിടക്കുന്നത് കാണാം. പതിനൊന്ന് മണിയോടെ അജ്മീര്‍ ദര്‍ഗയുടെ മുന്നിലെത്തി. മുഹറം ഒന്ന് മുതല്‍ പത്തുവരെ ഉല്‍സവമാണ് ദര്‍ഗയില്‍. പതിനായിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്നത്. അതില്‍ ജാതിയും മതവുമൊന്നുമില്ല. പത്തു പതിനഞ്ചോളം മലയാളികളെയും കൂട്ടത്തില്‍ കണ്ടു. ദര്‍ഗയുടെ നടത്തിപ്പുകാരില്‍ ഒരാളായ ഖാളി ഹാജി മുഖദ്ദസ് മൊയ്‌നി ഞങ്ങളെ സ്വീകരിച്ചാനയിച്ചു. അദ്ദേഹം ഞങ്ങളെ ദര്‍ഗയുടെ മുന്നില്‍ വെച്ച് തലപ്പാവണിയിച്ചാണ് സ്‌നേഹാദരങ്ങള്‍ കൈമാറിയത്. ജനത്തിരക്കില്‍ മൊയ്‌നി സാഹബിന്റെ വഴികാട്ടല്‍ വലിയ അനുഗ്രഹമായി.ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ട അജ്മീര്‍ ഇന്ത്യയിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പൃഥ്വിരാജ് ചൗഹാന്‍ ഭരിച്ചിരുന്ന കാലത്ത് അജയമേരു എന്നാണ് ഈ നഗരം അറിയപ്പെട്ടത്. അജ്മീറിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളം വരും. ബ്രിട്ടീഷ് ഇന്ത്യയില്‍ മേര്‍വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ പട്ടണം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബര്‍ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ അജ്മീര്‍ പ്രത്യേക സംസ്ഥാനമായിരുന്നു. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമെന്ന നിലയിലും നഗരം ഖ്യാതി നേടി.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂഫി സന്യാസിയായ ഖ്വാജ മുഇനുദ്ദീന്‍ ചിഷ്തി അജ്മീരില്‍ താമസമാക്കിയതോടെ നാനാജാതി മതസ്ഥര്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി അജ്മീറിലെത്തി.
അജ്മീരിനടുത്തുള്ള പുഷ്‌കര്‍ തടാകം പുരാതനകാലം മുതല്‍ക്കേ ഒരു തീര്‍ത്ഥാടന സ്ഥലമെന്ന നിലയില്‍ പ്രശസ്തമാണ്. പ്രദേശ വാസികളുടെ സംസാര ഭാഷ അജ്മീരിയാണ്.
ഇന്ത്യയിലെ സുല്‍ത്വാനുല്‍ ഹിന്ദ് ഖ്വാജാ തങ്ങളുടെ സ്മരണകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ രാജസ്ഥാനി നഗരം. അജ്മീര്‍ ദര്‍ഗയുടെ ചുറ്റുമായി മൂന്ന് മസ്ജിദുകള്‍ കാണാം. ഒന്ന് അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചത്. മറ്റൊന്ന് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ വക. മൂന്നാമത്തെ പള്ളി ഔറംഗസേബാണ് പണിതത്.
ഇറാനിലെ സിജിസ്ഥാന്‍ പ്രവിശ്യയിലെ സഞ്ചര്‍ എന്ന ഗ്രാമത്തിലാണ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി ജനിച്ചത്.അദ്ദേഹത്തിന്റെ ജനനവും മരണവും ഒരേ മാസത്തിലാണത്രെ നടന്നത്. പ്രവാചക പുത്രി മഹതി ഫാത്തിമയുടെ പതിനൊന്നാമത്തെ തലമുറയില്‍ പെട്ട ശൈഖ് ഗിയാസുദ്ദീന്‍ എന്നവരുടെ മകനായാണ് ഖ്വാജാ തങ്ങളുടെ ജനനം. പ്രമുഖ പണ്ഡിതനും പൗരപ്രമുഖനുമായ ഗിയാസുദ്ദീന്‍, പ്രദേശവാസികളുടെ മതകാര്യ ഉപദേഷ്ടാവായിരുന്നു. സയ്യിദ് കുടുംബത്തില്‍ പെട്ട ബീവി ഉമ്മുല്‍ വറഅ് മാഹിന്‍ നൂറാണ് സഹധര്‍മ്മിണി. തികഞ്ഞ മതഭക്തയും പണ്ഡിതയുമായ അവര്‍ നാട്ടിലെ വനിതകള്‍ക്കും കുട്ടികള്‍ക്കും ഖുര്‍ആന്‍ പാരായണവും മതനിയമങ്ങളും പഠിപ്പിച്ചു.
അറിവും സമ്പത്തും കൈമുതലുള്ള ആ ദമ്പതികള്‍ ഐശ്വര്യ പൂര്‍ണമായ ജീവിതമാണ് നയിച്ചത്. ഖ്വാജയെ ഗര്‍ഭം ധരിച്ചതു മുതല്‍ പല അത്ഭുതങ്ങള്‍ക്കും അവര്‍ സാക്ഷികളായെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശൈശവ കാലത്ത് തന്നെ ഖ്വാജയുടെ ആത്മീയ സിദ്ധികള്‍ നാട്ടുകാര്‍ക്ക് ബോധ്യമായതായും പറയപ്പെടുന്നു. ഗ്രാമവാസികളായ സ്ത്രീകള്‍ അവരുടെ അസുഖം ബാധിച്ച കൈക്കുഞ്ഞുങ്ങളെയുമേന്തി വേവലാതി പറഞ്ഞെത്തുമ്പോള്‍ കുഞ്ഞായ ഖ്വാജ അവരെ തലോടുകയും ഇളം കൈകളുയര്‍ത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തല്‍ക്ഷണം രോഗശമനം വന്നതായി ജനങ്ങള്‍ പരമ്പരാഗതമായി ധരിച്ച് പോരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹം വേദനയനുഭവിക്കുന്നവരുടെ ആഭയകേന്ദ്രമായി അറിയപ്പെട്ടു.നിരവധി രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന ഗിയാസുദ്ദീന് ഖ്വാജയുടെ ജനനം കൂടുതല്‍ അഭിവൃദ്ധി നല്‍കിയത്രെ. സമ്പദ്സമൃദ്ധിയില്‍ വളര്‍ന്ന ഖ്വാജക്ക് പക്ഷേ, കുടുംബത്തിന്റെ സുഖ സമ്പൂര്‍ണമായ ജീവിതത്തോട് ഒരാഭിമുഖ്യവും തോന്നിയില്ല. ആത്മീയ ഗുരുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയും സദുപദേശങ്ങള്‍ തേടിയും നിരന്തരം അദ്ദേഹം യാത്ര ചെയ്തു. ഈ സഞ്ചാരങ്ങളിലൂടെയാണ് ആത്മീയ പരിവര്‍ത്തനത്തിന്റെ അനുരണനങ്ങള്‍ അദ്ദേഹത്തില്‍ മുളപൊട്ടുന്നത്.
സഞ്ചര്‍ ഗ്രാമത്തില്‍ മാതാപിതാക്കളോടൊത്ത് സൗഖ്യത്തോടെ ജീവിക്കുന്ന കാലത്താണ് ഖ്വാജാ മുഈനുദ്ദീന്റെ ജീവിതത്തെ മാറ്റിമറിച്ച ചില സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇറാനില്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം സഞ്ചര്‍ നിവാസികളെയും പ്രതിസന്ധിയിലാക്കി. യുദ്ധക്കെടുതികളില്‍ നിന്ന് രക്ഷ നേടാനും അതിജീവനത്തിന്റെ പുതിയ വഴികള്‍ ചികഞ്ഞും ഗ്രാമീണര്‍ വിവിധ നാടുകളിലേക്ക് പലായനം ചെയ്തു. ഖ്വാജയുടെ കുടുംബം ഖുറാസാനിലെ നിഷ്പൂര്‍ എന്ന ഗ്രാമത്തിലേക്കാണ് കുടിയേറിയത്. ശൈഖ് ഗിയാസുദ്ദീന്‍ അവിടെ സ്ഥിരതാമസമാക്കി. ഉപജീവനത്തിനായി ഒരു മുന്തിരിത്തോട്ടം വിലക്കുവാങ്ങി. വൈകാതെ അദ്ദേഹം ചരമമടഞ്ഞു. അനാഥനായ ഖ്വാജയെ മാതാവ് ഉമ്മുല്‍ വറഅ് വാത്സല്യത്തോടെ വളര്‍ത്തി. താമസിയാതെ അവരും മരണം പ്രാപിച്ചു.
മാതാപിതാക്കളുടെ വിയോഗം പതിനാല് വയസ്സ് മാത്രം പ്രായമായ ഖ്വാജയെ വല്ലാതെ തളര്‍ത്തി. അചഞ്ചലമായ ദൈവ വിശ്വാസം അദ്ദേഹത്തിന് ആത്മബലം നല്‍കി. ദൈനംദിന ചെലവുകള്‍ കണ്ടെത്താനായി മുന്തിരി തോട്ടത്തില്‍ ജോലി ചെയ്തു. ശൈഖ് ഇബ്റാഹിമുമായുള്ള കണ്ടുമുട്ടല്‍ ഖ്വാജാ മുഈനുദ്ദീന്റെ ജീവിതത്തിലെ വഴിത്തിരിവായി. പ്രപഞ്ച നാഥനെക്കുറിച്ചുള്ള ചിന്തയാല്‍ അദ്ദേഹത്തിന്റെ ഉള്ളം നിറഞ്ഞു. ഭൗതിക ജീവിതത്തോട് വിരക്തി തോന്നി. ദൈവത്തിന്റെ പ്രീതിയും സാമീപ്യവും നേടുന്നതിലാണ് ജീവിത വിജയമെന്ന് ഖ്വാജ തിരിച്ചറിഞ്ഞു. അധ്യാത്മിക ഔന്നത്യം തേടിയുള്ള അന്വേഷണം അദ്ദേഹത്തിന്റെ ബോധമണ്ഡലത്തെ ഉഴുതുമറിച്ചു.
കുടുംബ സ്വത്തായി അനന്തരം ലഭിച്ച മുന്തിരിത്തോട്ടം കിട്ടിയ വിലക്ക് വിറ്റു. നേടിയ പണമൊക്കെ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തു. ആത്മീയ ഉറവ തേടി ഖ്വാജ മുഈനുദ്ദീന്‍ നിഷ്പൂരിനോട് സലാം പറഞ്ഞു. അറിവിന്റെ അക്ഷയഖനി പ്രാപിക്കാനുള്ള അലച്ചിലായിരുന്നു പിന്നീട്. കാടും കടലും മലയും മരുഭൂമിയും താണ്ടിയുള്ള സഞ്ചാര വീഥിയില്‍ പ്രതിബന്ധങ്ങളൊന്നും അദ്ദേഹത്തിന് തടസ്സമായില്ല. ലോകത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായ, ബഗ്ദാദ്, ഈജിപ്ത്, കോര്‍ദോവ, തുര്‍ക്കി, സമര്‍ഖന്ദ് എന്നിവിടങ്ങളെല്ലാം സന്ദര്‍ശിച്ചു. മതിവരുവോളം വിജ്ഞാനത്തിന്റെ മധു നുകര്‍ന്നു. ഒടുവില്‍ റഷ്യയിലെ ബുഖാറയില്‍ എത്തി.
പ്രസിദ്ധ പണ്ഡിതനായ മൗലാന ഹിസാമുദ്ദീന്‍ ബുഖാരിയുടെ ശിഷ്യത്വം സ്വീകരിച്ച ഖ്വാജാ സാഹിബ് ആ ഗുരുസന്നിധിയെ പുണര്‍ന്ന് കുറച്ചു കാലം കഴിച്ചുകൂട്ടി. വിശുദ്ധ ഖുര്‍ആന്‍ ബുഖാറയില്‍ വെച്ച് ഹൃദിസ്ഥമാക്കിയ അദ്ദേഹം കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടുകയും ചെയ്തു. ഒടുങ്ങാത്ത ജ്ഞാന ദാഹം ഖ്വാജയെ ഒരിടത്തും ഉറപ്പിച്ചു നിര്‍ത്തിയില്ല. വന്ദ്യഗുരുവിന്റെ അനുഗ്രഹങ്ങള്‍ വാങ്ങി ആത്മജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള അനുസ്യൂതമായ യാത്ര തുടര്‍ന്നു.


ഈശ്വര സാമീപ്യം കൊതിച്ചും പ്രപഞ്ചത്തിന്റെ പരം പൊരുളന്വേഷിച്ചുമുള്ള പ്രയാണം നിലച്ചത് മഹാപണ്ഡിതനും ചിശ്തി ത്വരീഖത്തിന്റെ ശൈഖും ഖലീഫയുമായ ഉസ്മാന്‍ ഹാറൂനി അവര്‍കളുടെ സന്നിധിയിലാണ്. ഹാറൂനിയുടെ ശിഷ്യത്വം ശിരസാവഹിച്ച് രണ്ട് പതിറ്റാണ്ടോളം അവിടെ സഹവസിച്ചു. അറിവിന്റെ കൊടുമുടി കയറിയ ഖ്വാജ അവര്‍കള്‍ അധ്യാത്മികതയുടെ ഗിരിശൃംഗങ്ങള്‍ കീഴടക്കി. ഖ്വാജയെപ്പോലെ ഒരു സത്യാന്വേഷിയെ സേവകനായി ലഭിച്ചതില്‍ ഹാറൂനി അതിരറ്റ് സന്തോഷിച്ചു. അരുമ ശിഷ്യന്റെ കഴിവില്‍ ആകൃഷ്ടനായ ഗുരു ചിശ്തി ത്വരീഖത്തിന്റെ സമുന്നത നേതാവായി ഖ്വാജ മുഈനുദ്ദീനെ അവരോധിച്ചു. സ്ഥാനവസ്ത്രവും തലപ്പാവും നല്‍കി. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.
വിശുദ്ധ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം ഗുരുവിനും ശിഷ്യനുമിടയില്‍ അനിവാര്യമായ വേര്‍പിരിയല്‍ വേണ്ടിവന്നു. ഇരുവരും അതില്‍ ദു:ഖിച്ചു. എങ്കിലും നാഥന്റെ ഇഷ്ടം കാംക്ഷിച്ച് വിരഹ ദു:ഖവുമായി ഹാറൂനിയുടെ ഗുരുകുലത്തില്‍ നന്ന് സമ്മതം വാങ്ങി ഖ്വാജ യാത്ര പുനരാരംഭിച്ചു.
ഇന്തോ-പാക് അതിര്‍ത്തി പ്രദേശമായ ഖൈബര്‍ ചുരത്തിലെ ദുര്‍ഘട പാതകള്‍ താണ്ടിയാണ് ശൈഖ് മുഈനുദ്ദീന്‍ ചിശ്തി നാല്‍പ്പത് ശിഷ്യന്‍മാരോടൊത്ത് ഇന്ത്യയിലെ അജ്മീറിലെത്തിയത്.
നിരവധി വൈദേശിക ശക്തികളെ തോല്‍പ്പിച്ച രജപുത്ര രാജകുടുംബത്തിലെ പ്രധാനിയായ പൃഥിരാജ് ചൗഹാനാണ് അന്ന് അജ്മീര്‍ പ്രവിശ്യ ഭരിച്ചിരുന്നത്. മഹമൂദ് ഗസ്നിയും മുഹമ്മദ് ഗോറിയും തുഗ്ലക്കുമെല്ലാം സായുധ സൈന്യവുമായാണ് രാജ്യം കീഴടക്കിയത്. നിരായുധമായി വന്ന ഖ്വാജയും അനുചരരും സൗമ്യവും കുലീനവുമായ പെരുമാറ്റത്തിലൂടെയാണ് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചത്.
നിറപുഞ്ചിരിയോടെ ജനങ്ങളെ സമീപിച്ച ഖ്വാജാ മുഈനുദ്ദീനെ എല്ലാ മതവിഭാഗക്കാരും അംഗീകരിച്ചു. സ്നേഹവും സഹനവും മുഖമുദ്രയാക്കി വര്‍ത്തിച്ച അദ്ദേഹം അനായാസം ജനമനസ്സുകളില്‍ ഇടം നേടി. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലും അദ്ദേഹത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞു. ഡല്‍ഹിയിലെ എല്ലാ ചുമതലകളും ശിഷ്യനും പണ്ഡിതനുമായ ഖുത്ബുദ്ദീന്‍ ബഖ്തിയാര്‍ കാഖിയെ ഏല്‍പ്പിച്ച് ക്വാജാ മുഈനുദ്ദീന്‍ അജ്മീറിലേക്കു തന്നെ മടങ്ങി.
ആരാധനകള്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത മുറിയില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കെ ആ പുണ്യാത്മാവ് സൃഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി പരലോകം പൂകി.
പാവങ്ങള്‍ക്ക് തണലായാണ് എക്കാലവും ഖ്വാജ മുഈനുദ്ദീന്‍ ജീവിച്ചത്. അതു കൊണ്ടാണ് 'ഗരീബ് നവാസ്' (നിരാലംബരുടെ സംരക്ഷകന്‍) എന്ന് സര്‍വ്വരാലും വിളിക്കപ്പെട്ടത്. ലാളിത്യത്തിന്റെ നിറകുടമായി ജീവിച്ച ശൈഖ് ഖ്വാജ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ മഹാനായ ആധ്യാത്മിക സുല്‍ത്താനായി പരിലസിച്ച് നില്‍ക്കുന്നു. ജീവിത വിശുദ്ധി കൊണ്ടും വ്യക്തി മാഹാത്മ്യം കൊണ്ടും ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മഹാനാണ് ഖ്വാജ ശൈഖ് ചിശ്തി. അതുകൊണ്ടാണ് ഇന്നും അദ്ദേഹത്തിന്റെ ദര്‍ഗയില്‍ വന്ന് ദേശീയ-അന്തര്‍ ദേശീയ നേതാക്കളും ഭരണാധികാരികളും അനുഗ്രഹീതരാകുന്ന പാരമ്പര്യം തുടരുന്നത്. നാനാജാതി മതസ്ഥര്‍ ശാന്തി തേടിയെത്തുന്ന തീര്‍ത്ഥാടന കേന്ദ്രമായി അജ്മീര്‍ മാറിയതും മറ്റൊന്നുകൊണ്ടുമല്ല.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച സൂഫിവര്യനാണ് ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി. ഹിന്ദുമതമുള്‍പ്പടെ എല്ലാ മതങ്ങളെയും സ്‌നേഹിച്ച അദ്ദേഹം ഇന്ത്യന്‍ ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ചാണ് ഇസ്ലാമിനെ പരിചയപ്പെടുത്തിയത്. വര്‍ഗ്ഗീയ ചേരിതിരിവ് ശക്തമായ വര്‍ത്തമാന കാലത്ത് പോലും ശാന്തിയും സ്‌നേഹവും തേടി നാനാജാതി മതസ്ഥര്‍ അജ്മീറിലെത്തുന്നത് ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ പരമത സഹിഷ്ണുത കൊണ്ടാണ്.
ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനു ശേഷം ഞങ്ങള്‍ ഉച്ചയോടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തി. അനാസാഗര്‍ തടാകത്തോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളിലാണ് സര്‍ക്യൂട്ട് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ മൂന്നാം നിലയില്‍ നിന്ന് നോക്കിയാല്‍ തടാകവും അതിനു നടുവിലെ മനോഹരമായ കൊച്ചു തുരുത്തും അജ്മീറിന്റെ കൈക്കുമ്പിള്‍ ദൃശ്യവും മതിവരുവോളം കാണാം. സമൃദ്ധമായ പരമ്പരാഗത രാജസ്ഥാനി ഉച്ചയൂണും കഴിച്ച് മൂന്ന് മണിയോടെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി അന്തിയുറങ്ങുന്ന മണ്ണിനോട് ഗുഡ്‌ബൈ പറഞ്ഞു. സൂഫിസവും സൂഫിവര്യന്‍മാരും ഇന്ത്യയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ജീവല്‍ പ്രതീകമാണ് അജ്മീര്‍ ഉള്‍പ്പടെയുള്ള സൂഫീ കേന്ദ്രങ്ങള്‍. അവിടെ വിശ്വാസങ്ങളുടെ വൈരുദ്ധ്യങ്ങളല്ല, സമന്വയമാണ് അനുഭവിക്കാനാവുക.
Published by:Rajesh V
First published: