മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്
കൊച്ചി: മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കാൻസര് ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കബറടക്കം ബുധൻ രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ നദീറ, മക്കൾ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ അബ്ബാസ്, വി ഇ അനൂബ്
advertisement
മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 തിരഞ്ഞെടുപ്പുകളിൽ പുതുതായി രൂപീകരിച്ച കളമശ്ശേരിയിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി. 2005 ജനുവരി മുതൽ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്നാണ് 2005ൽ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
advertisement
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു, കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 06, 2026 3:43 PM IST






