'ഒരച്ഛനുണ്ടാകുന്ന സന്തോഷം'; ഇലക്ട്രിക് ബസ് ഫ്ലാഗ് ഓഫ് അറിയിച്ചില്ല; ഗണേഷിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജു
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തില്‍ തന്നെയാണ് ബസുകള്‍ ഓടിക്കേണ്ടിവരികയെന്നും ആന്റണി രാജു
തിരുവനന്തപുരം: ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ആന്റണി രാജു. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിലും ആന്റണി രാജു അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയില്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി 100 കോടി ഉപയോഗിച്ച് 103 ഇലക്ട്രിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്. ജനുവരി ആദ്യത്തെ ആഴ്ചയില്‍തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ എത്തി. രണ്ടാമത്തെ ആഴ്ച തന്നെ അടുത്ത ബസും എത്തി. യഥാർത്ഥത്തില്‍ ജനുവരിയില്‍ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികള്‍ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു.
ഇതുവഴി വെറുതേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടനത്തിനായി ഒരുക്കിനിര്‍ത്തിയിരിക്കുന്നത് കണ്ടത്. എന്നോട് ബന്ധപ്പെട്ടവര്‍ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണ് ഇത്രയും ബസുകള്‍ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാല്‍, ഇവിടെവെച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
പുത്തരിക്കണ്ടത്തിന് പകരം വികാസ് ഭവന്‍ ഡിപ്പോയില്‍വെച്ചാണ് ബസുകളുടെ ഫ്ലാഗ് ഓഫ് നടന്നത്. ആന്റണി രാജുവിന്റെ മണ്ഡലത്തിന് പുറത്താണ് പരിപാടി എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.
കിഴക്കേകോട്ട- തമ്പാനൂര്‍ തുടങ്ങിയവയൊക്കെയാണ് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗം. കഴിഞ്ഞ തവണ 50 ബസുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാലയില്‍വെച്ചാണ്. അവിടെവെച്ചൊക്കെ ചെയ്യുന്നതിന് പകരം ഒഴിഞ്ഞ മൂലയില്‍ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്തിനാണെന്നും ആന്റണി രാജു ചോദിച്ചു.
തന്റെകൂടി കുഞ്ഞാണ്. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളു. ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തില്‍ തന്നെയാണ് ബസുകള്‍ ഓടിക്കേണ്ടിവരികയെന്നും ആന്റണി രാജു പറഞ്ഞു.
advertisement
മുംബൈ നഗരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ഉള്ള സംസ്ഥാനം കേരളമാണ്. വടക്കേ ഇന്ത്യയില്‍ ഇലക്ട്രിക് ഡബിള്‍ ഡെക്കറേയില്ല. ഓപ്പണ്‍ റൂഫുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ആണ് തിരുവനന്തപുരത്തേത്. ഇതൊക്കെ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിക്കാന്‍ സാധിച്ചുവെന്നതില്‍ ചാരിതാർത്ഥ്യമുണ്ട്. ''ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് ഇപ്പോള്‍ എനിക്കും''- ആന്റണി രാജു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 15, 2024 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരച്ഛനുണ്ടാകുന്ന സന്തോഷം'; ഇലക്ട്രിക് ബസ് ഫ്ലാഗ് ഓഫ് അറിയിച്ചില്ല; ഗണേഷിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജു