വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ നിരാഹാര സമരം തുടങ്ങി
Last Updated:
സമരത്തിന് പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സമര പന്തൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പാലക്കാട്: വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ നിരാഹാര സമരം തുടങ്ങി. വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നിരാഹാരം.
ജനുവരി 26 മുതലാണ് പെൺകുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഫെബ്രുവരി 5 മുതൽ നിരാഹാരം സമരം തുടങ്ങിയിരുന്നു. ഇവരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഡി എച്ച് ആർ എം നേതാവ് സലീന പ്രക്കാനം നിരാഹാരം തുടങ്ങി.
ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ജലജ മാധവൻ നിരാഹാരം തുടങ്ങിയത്. വാളയാർ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയത് പൊലീസിന്റെ വീഴ്ച മൂലമാണെന്ന് കേസിൽ മൂന്നു മാസത്തോളം പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവൻ ആരോപിച്ചിരുന്നു. എന്നാൽ, കേസിലെ വീഴ്ച പരിശോധിച്ച ജുഡീഷ്യൽ കമ്മീഷൻ പൊലീസിന് പുറമെ പ്രോസിക്യൂട്ടർമാർക്കും വീഴ്ച പറ്റിയതായി കണ്ടെത്തി. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിയതെന്നാണ് ജലജ മാധവൻ ആരോപിച്ചത്.
advertisement
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ചത് ചൂണ്ടിക്കാണിച്ചതിന് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതായും ഇവർ ആരോപിച്ചിരുന്നു. ഇപ്പോൾ വാളയാർ നീതി സമര സമിതിയുമായി യോജിച്ച് പ്രവർത്തിക്കുകയാണ് ജലജ മാധവൻ.
തല മുണ്ഡനം ചെയ്തും പ്രതിഷേധം
വാളയാർ കേസിൽ നീതി വൈകുന്നതിന് എതിരെ തല പാതി മുണ്ഡനം ചെയ്ത് പ്രതിഷേധം. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സാമൂഹ്യ പ്രവർത്തകനായ ആറുമുഖൻ പത്തിച്ചിറ തല, പാതിമുണ്ഡനം ചെയ്തത്.
advertisement
വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്, പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് വാളയാർ നീതി സമരസമിതി പ്രവർത്തകനായ ആറുമുഖൻ പത്തിച്ചിറ തല, പാതി മുണ്ഡനം ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അനിശ്ചിതകാല സമരം നടക്കുന്ന പാലക്കാട് വെച്ചാണ് തലയും മീശയും പാതി വടിച്ച് പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം മറ്റൊരു പ്രവർത്തകനായ മാരിയപ്പനും തല മുണ്ഡനം ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം നിരാഹാര സമരവും തുടരുകയാണ്. വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പെൺകുട്ടികളുടെ അമ്മ തന്നെ തലമുണ്ഡനം ചെയ്ത് സർക്കാരിനെതിരെ പ്രചാരണം നടത്തും. എന്നാൽ സമരക്കാരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
advertisement
സമരത്തിന് പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സമര പന്തൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 21, 2021 3:36 PM IST








