'പാർട്ടിയെ കുത്തിക്കീറി വലിക്കുന്നു'; യോഗം വിലക്കിയത് സർക്കാർ ഇടപെട്ടെന്ന് കുമ്മനം രാജശേഖരൻ
- Published by:Anuraj GR
- news18-malayalam
Last Updated:
'പ്രവർത്തന സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നു. പാർട്ടിയെ തകർക്കാൻ ശ്രമിയ്ക്കുന്നു. വളഞ്ഞിട്ട് ആക്രമിയ്ക്കുന്നു. പാർട്ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നു'- കുമ്മനം രാജശേഖരൻ
കൊച്ചി: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരൻ രംഗത്തെത്തി. പാർട്ടിയെ കുത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ് ചെയ്യുന്നത്. കോർ കമ്മിറ്റി യോഗം വിലക്കിയത് സർക്കാർ ഇടപെട്ടിട്ടാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു.
കൊച്ചിയിലെ ഹോട്ടലിൽ കോർ കമ്മിറ്റി യോഗം ചേരാൻ മുൻകൂർ അനുമതി വാങ്ങിയിരുന്നതായി കുമ്മനം രാജശേഖരൻ പറഞ്ഞു. ഒരുക്കങ്ങളും നടത്തി എന്നാൽ സർക്കാർ ഇടപെട്ട് വിലക്കുകയായിരുന്നു. കീഴ് വഴക്കങ്ങൾ ലംഘിയ്ക്കുന്നു. മൗലികാവകാശങ്ങൾ ലംഘിയ്ക്കുന്നു. പ്രവർത്തന സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നു. പാർട്ടിയെ തകർക്കാൻ ശ്രമിയ്ക്കുന്നു. വളഞ്ഞിട്ട് ആക്രമിയ്ക്കുന്നു. പാർട്ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കൊടകര കുഴൽപ്പണ ഇടപാടിൽ കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കാനും അപഹാസ്യനാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കേസിലെ പ്രതികൾ സി.പി.ഐക്കാരും സി.പി.എമ്മുകാരും ആണ്. പരാതിക്കാരനാണ് ധർമ്മരാജൻ. അയാൾ ഫോൺ വിളിച്ചയാളെ തേടി പിടിയ്ക്കുന്നു. ധർമ്മരാജനെ തെരഞ്ഞെടുപ്പ് കാലത്ത് ചില ജോലികൾ ഏൽപ്പിച്ചിരുന്നു. ഈ സംഭവവികാസങ്ങളിലൂടെ ബി.ജെ. പിയെ നശിപ്പിയ്ക്കുകയാണ് ലക്ഷ്യം. പാർട്ടിയെ അവഹേളിച്ച് കരിതേച്ച് നശിപ്പിയ്ക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ കുഴൽപ്പണത്തേക്കുറിച്ച് ചോദിയ്ക്കാൻ കോടിയേരിയ്ക്ക് ധാർമ്മികമായി അവകാശമില്ല. പാർട്ടി ഒറ്റക്കെട്ടാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
advertisement
ബിജെപി കോർ കമ്മിറ്റി യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിന് നോട്ടീസ് നൽകി പോലീസ്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം ഒരു തരത്തിലുമുള്ള യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് നോട്ടീസിൽ പറയുന്നു. മൂന്നു മണിയ്ക്ക് ചേരാനിരുന്ന കോർ കമ്മിറ്റിയ്ക്ക് മുന്നോടിയായി പി. കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ ഹോട്ടലിൽ എത്തിയിരുന്നു.
നേരത്തെ യോഗത്തിന്റെ വിശദാംശങ്ങളും നിയമപരമായി നടത്താനുള്ള സാധുതയും പോലീസ് പരിശോധിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുന്നതിനിടെയാണ് നടപടി. പത്തു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ വിശദീകരണം.
advertisement
Also Read- കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കൊടകര കുഴൽപ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇന്നത്തെ കോർ കമ്മിറ്റിയോഗം.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പറഞ്ഞിരുന്നു. അത് പ്രകൃതി നിയമമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും പ്രകൃതി സംരക്ഷണ ദിനത്തില്‍ ആ ഒരുവാക്ക് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും പത്മനാഭന്‍ വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടിയെ കുത്തിക്കീറി വലിക്കുന്നു'; യോഗം വിലക്കിയത് സർക്കാർ ഇടപെട്ടെന്ന് കുമ്മനം രാജശേഖരൻ