'വിസിമാരുടെ നിയമനം ചട്ടവിരുദ്ധമെങ്കിൽ ഉത്തരവാദി ഗവർണർ'; ആദ്യം ഒഴിയേണ്ടത് വിസിമാരോ? മുഖ്യമന്ത്രി

Last Updated:

'ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണത്'

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: സംസ്ഥാനത്തെ വൈസ് ചാൻസലർമാരുടെ നിയമനം ചട്ടവിരുദ്ധമെങ്കിൽ ഉത്തരവാദി ഗവർണർ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒൻപത് സർവ്വകലാശാലകളിലും വിസി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ പറയുന്നത്. ഒൻപത് സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവർണർക്ക്‌ തന്നെയല്ലേ. ഗവർണറുടെ തന്നെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. അതിന് വിരുദ്ധമായ പ്രവണത ഉയരുമ്പോൾ സ്വാഭാവികമായും പ്രതികരണങ്ങൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നതിലൂടെ നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണ്ണർ മറക്കുകയാണ്.
അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സർവകലാശാലകളിലെ വൈസ് ചാൻസലമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു എന്ന് ഗവർണർ ട്വീറ്റ് ചെയ്തത്. ഇതിനർത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ചാൻസലർ പദവി ദുരുപയോഗീക്കപ്പെടുന്നു എന്നാണ്. അതിന് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നു എന്നാണ് ഇത് കാണിക്കുന്നത്. അത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിൻ്റെ അന്ത:സത്തെയെ നിരാകരിക്കുന്നതുമായ രീതിയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ഇത്തരം അമിതാധികാര പ്രവണതകൾ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവർണർക്ക് നൽകുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെടിയു വൈസ് ചാൻസലർ നിയമനം സംബന്ധിച്ച കോടതി വിധിയുടെ മറപിടിച്ചാണ് ഒൻപത് വൈസ് ചാൻസലർമാരോട് ഏകപക്ഷീയമായി രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. അക്കാദമിക മികവിൻ്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സർവ്വകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങൾ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി ചോദിച്ചു.
advertisement
കെടിയു വൈസ് ചാൻസലർക്ക് അക്കാദമിക് യോഗ്യതയില്ലെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടില്ല. നടപടിക്രമം സംബന്ധിച്ച ഒരു പ്രശ്നം മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതിൽ തന്നെ ഹൈക്കോടതിയിലെ തർക്ക വിഷയമായിരുന്നില്ല ഈ കേസിൽ സുപ്രീം കോടതി പരിഗണിച്ചത്. ആ വിധിയിൽ പുനഃ പരിശോധനാ ഹർജി നൽകാൻ ഇനിയും അവസരവുമുണ്ട്. എന്നാൽ, സംസ്‌ഥാനത്തെ സർവ്വകലാശാലാഭരണത്തെയാകെ അസ്‌ഥിരപ്പെടുത്താൻ ഈ സാഹചര്യത്തെ ഉപയോഗിക്കുകയാണ് ചാൻസലർ. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാൻസലർമാരുടെ വാദം പോലും കേൾക്കാതെയാണ് ചാൻസലറുടെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ നീക്കം.
advertisement
സേർച്ച്‌ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവർ നൽകുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സർവ്വകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ പറയുന്നതുപോലെയാണ് രാജ്യത്തെല്ലായിടത്തും നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പല സംസ്‌ഥാനങ്ങളിലും ഗവണ്മെന്റിന്റെ പ്രതിനിധികൾ ️വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇൻ ചാർജ് സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ അംഗമാണ്. കർണ്ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള നാലംഗ സേർച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് സർക്കാരാണ്.
സേർച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും രാജ്യത്തെ സർവ്വകലാശാലകളിൽ വ്യത്യസ്ത രീതി നിലനിൽക്കുന്നു. 3 മുതൽ 7 വരെ അംഗങ്ങളുള്ള സേർച്ച്‌ കമ്മിറ്റികളാണ് രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ വിസി നിയമനത്തിനായി രൂപീകരിക്കപ്പെടുന്നത്. വിവിധ യൂണിവേഴ്സിറ്റികളിൽ വിവിധ രീതിയിലാണ് സേർച്ച്‌ കമ്മിറ്റിയിലേക്കുള്ള നോമിനേഷൻ നടക്കുന്നത്. വിസിറ്റർ/ചാൻസലർ, യു ജി സി, സംസ്‌ഥാന ഗവണ്മെന്റ്, സെനറ്റ്, സിൻഡിക്കേറ്റ്, എക്‌സിക്യുട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ എന്നീ ബോഡികളുടെ പ്രതിനിധികൾ കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് അല്ലെങ്കിൽ ഇവരുടെ പ്രതിനിധി, സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി തുടങ്ങിയവരാണ് സേർച്ച്‌ കമ്മിറ്റിയിൽ ഇടം പിടിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
1973 ലെ യുപി യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം അല്ലഹാബാദ് ഹൈകോടതി ജഡ്ജിയോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് തന്നെയോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയോ സേർച്ച്‌ കമ്മിറ്റിയിൽ അംഗമായിരിക്കും.
മധ്യ പ്രദേശ് നിയമ പ്രകാരം ഹൈ കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ നോമിനി സേർച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഗുജറാത്തിൽ സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി/നോമിനി സേർച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഇതിന് പുറമേ സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലും സംയുക്തമായും ഒരു സേർച്ച്‌ കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കും. ഇതൊക്കെ കാണാതെയാണ് കേവല സാങ്കേതികതയിൽ തൂങ്ങി ഒരു സംസ്‌ഥാന ഗവർണർ ഒൻപത് സർവ്വകലാശാലാ വൈസ് ചാൻസലർമാരോട് ഇറങ്ങിപ്പോകാൻ പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണത്.
ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധം ഉള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. അതു മറ്റാർക്കും ബാധകമല്ല. ആ വിസിക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതു ഹർജിയാണെങ്കിൽ തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാൽ, ഇക്കാര്യം വ്യത്യസ്തമാണ്.
advertisement
മറ്റു ഒൻപതു വിസിമാർക്കെതിരെ നിയമപരമായ എന്തെങ്കിലും പ്രശ്നം നിലനിൽക്കുന്നില്ല. ടെക്നോളജി യൂനിവേഴ്സിറ്റി വിസിയ്ക്ക് എതിരെ മാത്രം വന്ന വിധി സർവർക്കും ബാധകമാക്കാൻ സാധിക്കില്ല എന്നതും കൂടി കണക്കിലെടുത്താൽ വിസിമാരുടെ രാജി ആവശ്യപ്പെടുന്നതിനു നിയമപരമായ സാധൂകരണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമതായി, സർവ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാൽ മാത്രമേ ഒരു വിസിയെ നീക്കം ചെയ്യാൻ കഴിയൂ. എന്നാൽ ഈ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാൽ മാത്രമേ വിസിയെ നീക്കാൻ കഴിയൂ. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. ഒരു സർവകലാശാലയുടെ ചീഫ് എക്‌സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാൽ വിസിമാരോട് രാജിവെക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാൻ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിസിമാരുടെ നിയമനം ചട്ടവിരുദ്ധമെങ്കിൽ ഉത്തരവാദി ഗവർണർ'; ആദ്യം ഒഴിയേണ്ടത് വിസിമാരോ? മുഖ്യമന്ത്രി
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement