• HOME
  • »
  • NEWS
  • »
  • kerala
  • »
  • Guruvayoor Sathyagraha | 90 പൂര്‍ത്തിയാക്കി കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തിന് കരുത്ത് പകര്‍ന്ന ഗുരുവായൂര്‍ സത്യാഗ്രഹം

Guruvayoor Sathyagraha | 90 പൂര്‍ത്തിയാക്കി കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തിന് കരുത്ത് പകര്‍ന്ന ഗുരുവായൂര്‍ സത്യാഗ്രഹം

അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിന് എതിരെയായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം

  • Share this:
    ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗക്കാരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനായി നടത്തിയ കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തിന് ഇന്ന് 90 വര്‍ഷം പൂര്‍ത്തിയാവുന്നു. 1931 നവംബര്‍ ഒന്നിനായിരുന്നു കെ. കേളപ്പന്റ (K Kelappan) നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹസമരം തുടങ്ങിയത്.

    അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിന് എതിരെയായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെ മഞ്ജുളാലിലും പരിസരപ്രദേശങ്ങളിലുമാണ് ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന് വേദിയായത്. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്ക്ക് കരുത്ത് പകര്‍ന്ന സമരമായിരുന്നു അത്.

    1931മെയില്‍ വടകരയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നു കൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ ആശയം സാക്ഷാത്കരിക്കാന്‍ പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തത് കെ കേളപ്പനായിരുന്നു. സമരത്തിന്റെ വൊളന്റിയര്‍ ക്യാപ്ററനായി എ കെ ഗോപാലനുമുണ്ടായിരുന്നു. സമരത്തിന് വീര്യം പകരാന്‍ പി കൃഷ്ണപിള്ള സോപാനത്തില്‍ കയറി മണിയടിച്ചത് ബ്രാഹ്‌മണസമൂഹത്തെ ഇളക്കിമറിച്ചു. ബ്രാഹ്‌മണര്‍ക്ക് മാത്രം അനുവദനീയമായ പ്രവൃത്തി ചെയ്ത കൃഷ്ണപിള്ളയ്ക്ക് ഏറെ മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടി വന്നു.

    കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായിരുന്നു സമരത്തിന്റെ മുന്നണിയില്‍. 1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി. കെ കേളപ്പനെ കൂടാതെ സുബ്രഹ്‌മണ്യന്‍ തിരുമുമ്പ്, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവര്‍ സമരത്തിന്റെ മുന്‍നിരയില്‍ നിന്നു. പലവിധ തടസങ്ങളെയും അതിജീവിച്ചായിരുന്നു സമരം. ജാഥാ ക്യാപ്റ്റനായ എകെജിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. 1934ലാണ് ഗാന്ധിജിയുടെ ഗുരുവായൂരിലെ വിഖ്യാതമായ അയിത്തോച്ചാടന പ്രസംഗം. മദിരാശി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന ബില്‍ പാസാക്കിയ ശേഷം അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത് 1947ലാണ്.

    കിഴക്കേനടയിലെ വിളക്കുമാടത്തിനപ്പുറം അവര്‍ണരെന്ന് കണക്കാക്കി മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ സമരം തുടങ്ങി പിന്നെയും 15 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. പിന്നീട് മദിരാശി സര്‍ക്കാര്‍ ക്ഷേത്ര പ്രവേശനബില്‍ പാസാക്കിയ ശേഷം 1947 ജൂണ്‍ രണ്ടിനാണ് ക്ഷേത്രകവാടം എല്ലാ ഹിന്ദു ക്കകള്‍ക്കുമായി തുറന്നത്. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ അന്നത്തെ സമൂഹത്തെ ഇളക്കിമറിച്ച സംഭവം കൂടിയായിരുന്നു അത്.

    സമരത്തിന്റെ നവതിയാഘോഷം അതിവിപുലമായാണ് ആഘോഷിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരി പാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
    Published by:Karthika M
    First published: