ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഇനി തൃശൂരില്‍. ആലപ്പുഴയിൽ നിന്ന് പോകുമ്പോൾ കൊവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്താണ് ജില്ലയുടെ പ്രിയപ്പെട്ട കളക്ടര്‍ ചുമതലയൊഴിയുന്നത്. വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ആറ് കുട്ടികൾക്ക് വീടുകൾ നിർമിച്ചു നൽകുന്നത്.
ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വി ആർ കൃഷ്ണ തേജ വാക്ക് നൽകി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കളക്ടറുടെ ചുമതല ഒഴിഞ്ഞത്. എ ഡി എം. എസ് സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു.
കഴിഞ്ഞ ഏഴരമാസക്കാലം എല്ലാവരും നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വി ആര്‍ കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായാണ് നിയമിച്ചത്. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാര്‍ ആണ് ആലപ്പുഴയിലേക്ക് എത്തുക. ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറിയത് അടക്കം ഹൃദയം തൊടുന്ന പല തീരുമാനങ്ങള്‍ കൊണ്ടും കൃഷ്ണ തേജ ജില്ലയ്ക്ക് പ്രിയപ്പട്ടയവനായി മാറിയത് വളരെ വേഗമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.