HOME » NEWS » Kerala » HIGH COURT SLAMS KERALA GOVERNMENT FOR OVERCROWDING IN FRONT OF BEVERAGE OUTLETS RV TV

കല്യാണവീട്ടില്‍ 20 പേർ മാത്രം; ബെവ്‌കോയില്‍ 500 പേർ; മദ്യവില്‍പനയില്‍ സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍

News18 Malayalam | news18-malayalam
Updated: July 8, 2021, 12:06 PM IST
കല്യാണവീട്ടില്‍ 20 പേർ മാത്രം; ബെവ്‌കോയില്‍ 500 പേർ; മദ്യവില്‍പനയില്‍ സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി
highcourt
  • Share this:
കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ വ്യക്തമാക്കി.

തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവർത്തിയ്ക്കുന്ന കടയുടെ ഉടമകൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. എക്‌സൈസ് കമ്മീഷണർ അനന്തകൃഷ്ണനും  ബിവറേജസ് കോര്‍പറേഷന്‍ എം ഡി യോഗേഷ് ഗുപ്തയും സ്ഥലം എസ്.ഐയും കോടതിയില്‍ ഹാജരായി. എക്സൈസ് ബിവറേജസ് ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിയ്ക്കുകയും ചെയ്തു.

കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉളപ്പോൾ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.

Also Read- റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി പി.എസ്.സി. ഉദ്യോഗാർത്ഥികൾ

രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.

മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിദ്ധ്യത്തില്‍ കോടതി ബിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിക്കുന്നു. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്‌കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Also Read- പാലായിൽ സ്വന്തം വോട്ട് ചോർന്നുവെന്ന് CPM; അത് അവരുടെ ആഭ്യന്തര കാര്യമെന്ന് ജോസ് കെ മാണി

മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തിരക്ക് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാരിനും എക്‌സൈസിനും ബെവ്‌കോയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഇനി 16 ന് പരിഗണിയ്ക്കും.

മദ്യാവില്‍പ്പനശാലകളിലെ അനിയന്ത്രിതമായ തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്നലെ സ്വമേധയാ കേസ് എടുത്തിരുന്നു. ഹര്‍ജി അടുത്ത ദിവസം പരിഗണിയ്ക്കാനിരിയ്‌ക്കെയാണ് കോടതിയുടെ ഭാഗത്തു നിന്നും വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം സര്‍ക്കാരിനെതിരെയുണ്ടായിരിക്കുന്നത്.
Published by: Rajesh V
First published: July 8, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories