ടിടിഇമാർ കോച്ചിൽ നിന്നിറക്കിവിട്ട കുഞ്ഞ് മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
Last Updated:
കണ്ണൂർ: സ്ലീപ്പർ കോച്ചിൽ സീറ്റു നൽകാതെ ടിടിഇമാർ ഇറക്കി വിട്ടതിനെ തുടർന്ന് ഒരു വയസുകാരി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ഇടക്കാല റിപ്പോർട്ടിൽ ഉണ്ടാകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാറിന്‍റെ ഉത്തരവിൽ പറയുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഒരു വയസുകാരി പെൺകുട്ടിക്കാണ് ടി ടി ഇമാരുടെ കർശന നടപടിയിൽ ജീവൻ നഷ്ടമായത്. കണ്ണൂർ ഇരിക്കൂർ കെ സി ഹൗസിൽ ഷമീർ - സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടി ടി ഇമാർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒരു വയസുകാരിയുടെ ദാരുണാന്ത്യം.
advertisement
കുട്ടി തളർന്നതിനെ തുടർന്ന് കുറ്റിപ്പുറത്തിനടുത്ത് എത്തിയപ്പോൾ യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
കഴിഞ്ഞദിവസം കുട്ടിക്ക് പനി ബാധിച്ചിരുന്നു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ കൊണ്ടുചെല്ലാൻ പറയുകയായിരുന്നു. രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും ജനറൽ ടിക്കറ്റ് ആയിരുന്നു ലഭിച്ചത്. ബോഗിയിൽ തിരക്കായതിനാൽ സ്പീപ്പർ കോച്ചിൽ കയറുകയായിരുന്നു. എന്നാൽ, ടി ടി ഇമാർ കാരണങ്ങൾ ഒന്നും കേൾക്കാതെ ഇവരെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് സുമയ്യ കുട്ടിയെയും കൊണ്ട് ലേഡീസ് കംപാർട്മെന്‍റിലും ഷമീർ ജനറൽ കംപാർട്മെന്‍റിലും കയറുകയായിരുന്നു. കുട്ടിയുടെ അവസ്ഥ കണ്ട യാത്രക്കാർ ആണ് ചങ്ങല വലിച്ച് വണ്ടിനിർത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2018 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിടിഇമാർ കോച്ചിൽ നിന്നിറക്കിവിട്ട കുഞ്ഞ് മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും