ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ രാജിവയ്ക്കുമോ?
Last Updated:
പത്മകുമാറും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുന്നു
തിരുവനന്തപുരം: സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജിയെച്ചൊല്ലിയുള്ള അഭ്യൂഹം ശക്തമാകുന്നു. രാജിവയ്ക്കാന്‍ പത്മകുമാറിന് മേല്‍ സിപിഎം സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതു നിഷേധിച്ചു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതു മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് ഭിന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ ബോര്‍ഡ് സ്വീകരിച്ചത്. പ്രസിഡന്റ് എ. പത്മകുമാറിനെതിരേ മുഖ്യമന്ത്രി പരസ്യമായി രംഗത്തുവരികയും ചെയ്തു. ഒരുഘട്ടത്തില്‍ പത്മകുമാറിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടു എന്നതരത്തിലും വാര്‍ത്തകള്‍ വന്നു. പ്രസിഡന്റിനെ വിശ്വാസത്തിലെടുക്കാതെ, ബോര്‍ഡംഗം കെപി ശങ്കര്‍ദാസിനെയും കമ്മിഷണര്‍ വാസുവിനെയും കൊണ്ട് സുപ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുപ്പിക്കുന്ന സാഹചര്യവുമുണ്ടായി. പിന്നീട് ബോര്‍ഡ് പ്രസിഡന്റ് നിലപാട് തിരുത്തിയെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത തുടര്‍ന്നു.
advertisement
സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ബോര്‍ഡും സര്‍ക്കാര്‍ നിലപാടിനൊപ്പം പരസ്യമായി നിന്നു. ഇത് പ്രസിഡന്റിന്റെ അറിവോടെയായിരുന്നില്ലെന്നാണ് സൂചന. ദേവസ്വം കമ്മീഷണറെ ഉപയോഗിച്ച് സര്‍ക്കാര്‍ ബോര്‍ഡിന്റെ നിലപാട് തിരുത്തിച്ചു എന്നാണ് ആക്ഷേപം. ഇതിനെ ഭാഗികമായെങ്കിലും ശരിവയ്ക്കുന്ന പ്രതികരണമാണ് പത്മകുമാറിന്റെ ഭാഗത്തു നിന്നുണ്ടായതും. ഇതാണ് രാജിസംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാക്കുന്നത്. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതു നിഷേധിക്കുന്നു. മന്ത്രി ഇതു പറയുമ്പോഴും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാറും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുകയാണെന്നു വ്യക്തം. പ്രസിഡന്റിന്റെ രാജി പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹം സ്വയം ഒഴിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2019 7:24 PM IST


