മണിപ്പൂരിലേത് അടിസ്ഥാനപരമായി ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം; നിലപാടുമാറ്റി യാക്കോബായ സഭ
- Published by:Vishnupriya S
- news18-malayalam
Last Updated:
കേരളത്തിൽനിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു
തിരുവനന്തപുരം: ഓർത്തഡോക്സ് സഭയ്ക്ക് പിന്നാലെ മണിപ്പൂർ വിഷയത്തിൽ നിലപാട് മാറ്റി യാക്കോബായ സഭ. മണിപ്പൂരിലേത് അടിസ്ഥാനപരമായി ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. മണിപ്പൂരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
മണിപ്പൂർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ നിലപാട് ശരിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മണിപ്പുരിലെ തർക്കപരിഹാരത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്നു പറഞ്ഞ മോഹൻ ഭഗവത്, പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയതിനെ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കേരളത്തിൽനിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിപ്പീരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന നിലപാടായിരുന്നു ക്രൈസ്തവ സഭകളെല്ലാം സ്വീകരിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ, രണ്ടു പ്രധാന സഭകളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. മണിപ്പൂരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 12, 2024 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണിപ്പൂരിലേത് അടിസ്ഥാനപരമായി ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം; നിലപാടുമാറ്റി യാക്കോബായ സഭ