'വലിയ ആശ്വാസം'; റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിയ മലയാളി തൃശൂർ സ്വദേശി തിരിച്ചെത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
മലയാളി അസോസിയേഷന്റെ ഇടപെടലിലൂടെയാണ് ജെയിനിന് നാട്ടിലെത്താൻ കഴിഞ്ഞത്
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ജെയിൻ നാട്ടിൽ തിരിച്ചെത്തി. മടങ്ങിയെത്താൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു. തൊഴിൽ തട്ടിപ്പിനിരയായാണ് ജെയ്ൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്.
പട്ടാളത്തിൽ അകപ്പെട്ട് പത്ത് ദിവസത്തെ പരിശീലനത്തിനൊടുവിൽ യുക്രൈൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ജെയിൻ പറയുന്നു. ജെയിനിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കളായ സന്ദീപ്, ബിനിൽ എന്നിവരും കൂലിപ്പട്ടാളത്തിൽ കുടുങ്ങിയിരുന്നു. എന്നാൽ, അവർക്ക് രണ്ടു പേർക്കും രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല.
ജെയിനിന് പരിക്കേൽക്കുന്നതിന് ഒരു ദിവസം മുന്നെയാണ് ബിനിൽ കൊല്ലപ്പെട്ടത്. ജെയിനിന്റെ മുന്നിൽ നിന്നാണ് ബിനിൽ മരണപ്പെട്ടത്. ബിനിലിന്റെ മൃതദേഹം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും റഷ്യൻ സർക്കാരിന്റെ സഹായത്താൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും ജെയിൻ പറഞ്ഞു.
advertisement
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിൽ എത്തിയത്. ഇലക്ട്രീഷ്യന്റെ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരേയും കൊണ്ടുപോയത്. എന്നാൽ ഇരുവരെയും റഷ്യയിലെ മലയാളി ഏജന്റ് കബളിപ്പിച്ച് കൂലിപ്പട്ടാളത്തിൽ എത്തിക്കുകയായിരുന്നു.
രേഖകൾ കൈവശമുണ്ടായിരുന്നതിനാൽ റഷ്യയിലെ മലയാളി അസോസിയേഷൻ സഹായിച്ചെന്നാണ് ജെയിൻ പറഞ്ഞത്. ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതും മലയാളി അസോസിയേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.യുക്രൈൻ അതിർത്തിയിൽവെച്ച് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ആശുപത്രിയിൽ വെച്ചാണ് നാട്ടിൽ തിരികെയെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. റഷ്യൻ ആർമിയുമായുള്ള ഒരു വർഷത്തെ കരാർ ഏപ്രിൽ 14ന് അവസാനിച്ചുവെന്നും തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യതയുണ്ടെന്നും ജെയിൻ കുടുംബത്തെയും അറിയിച്ചു. തുടർന്ന് മലയാളി അസോസിയേഷന്റെ ഇടപെടലിലൂടെയാണ് ജെയിനിന് നാട്ടിലെത്താൻ കഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 24, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വലിയ ആശ്വാസം'; റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിയ മലയാളി തൃശൂർ സ്വദേശി തിരിച്ചെത്തി