കാണാതായിട്ട് 47 ദിവസം; അവള്‍ എങ്ങോട്ടാണ് മാഞ്ഞുപോയത്?
Last Updated:
ഇക്കഴിഞ്ഞ മാര്‍ച്ച് 22-ന് പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടതാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെസ്‌ന മരിയ ജെയിംസ് എന്ന 20-കാരി. ജെസ്‌ന അങ്ങോട്ടുള്ള ബസില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള്‍ അവിടെ എത്തിയിട്ടില്ല. വീട്ടിലേക്ക് തിരിച്ചും. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോള്‍ 47 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
പിതാവിന്റെയും കൂടപ്പിറപ്പുകളുടെയും ഉള്ളിലെ കനലായി ജെസ്‌ന ഇതെങ്ങോട്ടു മാഞ്ഞുപോയി? പൊലീസിനും ഉത്തരമില്ല. വീട്ടില്‍ നിന്ന് സന്തോഷപൂര്‍വം പുറത്തേക്ക് പോയ ഒരു പെണ്‍കുട്ടി ഇനിയും അവിടേക്ക് തിരിച്ചെത്തിയിട്ടില്ല.
അതേസമയം തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കാണാതായ ജസ്‌നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
ജസ്‌നയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതായ ജസ്‌ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.
advertisement
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. അതുകൊണ്ടുതന്നെ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
കാണാതാകുന്ന ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
advertisement
രാവിലെ 9.30ന് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്‌ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
ജെസ്നയെ ആരോ തട്ടിക്കണ്ടുപോയതാകാമെന്നാണ് വീട്ടുകാരുടെ സംശയം.
ഇതിനിടെ ബംഗളൂരുവില്‍ നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടി വെച്ചൂച്ചിറ എ എസ് ഐയും സംഘവും ബംഗളൂരുവിലേക്കു പോയിരുന്നു. എന്നാല്‍ കാര്യമായ ഫലമുണ്ടായില്ല.
advertisement
ജെസ്‌ന സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്‌നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പൊലീസ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2018 1:46 PM IST