പുതുപ്പള്ളിയിലെ ജോക്കുട്ടൻ ഹീറോ! പിതാവിന് രക്ഷകനായി അഞ്ച് വയസുകാരൻ
- Published by:Rajesh V
- news18-malayalam
Last Updated:
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ബോധരഹിതനായി വീണ അച്ഛനെ രക്ഷിക്കാൻ ജോര്‍ദന് കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഈ കഥ ഇങ്ങനെ
കൊല്ലും കൊലയും അതിക്രമങ്ങളും മാത്രം കേൾക്കുന്ന ഈ സമയത്ത് ഒരു അഞ്ചുവയസുകാരൻ അച്ഛനെ രക്ഷിച്ച കഥയാണിത്. കോട്ടയം പുതുപ്പള്ളി പയ്യപ്പാടി സ്വദേശികളായ മീനുവിന്റെയും അനുവിന്റെയും മകനായ ജോക്കുട്ടൻ എന്ന ജോർദൻ ആണ് ഇപ്പോൾ നാട്ടിൽ ഹീറോ ആയിരിക്കുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ബോധരഹിതനായി വീണ അച്ഛനെ രക്ഷിക്കാൻ ജോര്‍ദന് കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഈ കഥ ഇങ്ങനെ.
ജോർദൻ സ്കൂൾ വിട്ടുവന്നപ്പോൾ വീട്ടിൽ അച്ഛൻ അനു മാത്രമാണുണ്ടായിരുന്നത്. ജോക്കുട്ടന് ഭക്ഷണം നൽകിയതിന് പിന്നാലെ ബോധം ചെറുതായി നഷ്ടപ്പെടുന്നതായി അനുവിന് തോന്നി. ഇതിനിടെ ജോർദൻ സൈക്കിൾ ചവിട്ടി പുറത്തുപോകാതിരിക്കാൻ വീടിന്റെ വാതിലുകളെല്ലാം അനു പൂട്ടിയിരുന്നു. പിന്നാലെ ബോധം മറഞ്ഞു നിലത്തേക്ക് വീണു.
ഇതുകണ്ട ജോർദൻ 'അപ്പാ.. എന്നാ പറ്റി' എന്ന് വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ മറുപടി പറയാൻ അനുവിന് സാധിക്കുന്നുണ്ടായിരുന്നില്ല. തനിക്ക് ബോധം തെളിഞ്ഞപ്പോൾ ആംബുലൻസിൽ കിടക്കുകയായിരുന്നുവെന്നും പിതാവ് അനു പറയുന്നു. പപ്പയുടെ ബോധം പോയെന്ന് മനസിലാക്കിയ ജോർദൻ പിന്നെ വേറൊന്നും ആലോലിച്ചില്ല. അവിടെ കിടന്ന കസേര വലിച്ചിഴച്ച് വാതിലിന് അടുത്തെത്തിച്ചു. അതിൽ കയറി ലോക്ക് മാറ്റി. പിന്നാലെ പുറത്തേക്ക് ഓടി അയൽവാസികളെ വിവരം അറിയിച്ചു. ഇതിനിടെ നിലത്ത് കിടന്ന പിതാവിന് ഫസ്റ്റ് എയ്ഡ് ചെയ്യാനും ജോർദൻ ശ്രമിച്ചു.
advertisement
അയൽവാസികളെയെല്ലാം വിളിച്ച് കൂട്ടി തക്കസമയത്ത് തന്നെ പുതുപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു ഈ കൊച്ചു മിടുക്കൻ. പുതുപ്പള്ളിയിലെ തങ്ങളുടെ കടയിൽ ആയിരുന്ന മാതാവ് മീനു വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും ആരോഗ്യവനായി കിടക്കുന്ന ഭർത്താവ് അനുവിനേയും അയവാസികളുടെ പ്രശംസകൾ ഏറ്റുവാങ്ങി, അവർ വാങ്ങി നൽകിയ മിഠായികളും കഴിച്ച് നിൽക്കുന്ന ജോർദനേയും ആണ് കണ്ടത്.
advertisement
മെഡിക്കൽ ഫീല്‍ഡുമായി ബന്ധമുള്ള അമ്മ മീനു സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ. ''കുഞ്ഞുംനാളുമുതലേ ഞാൻ ചെയ്യുന്നത് അനുകരിക്കുന്ന സ്വഭാവം അവനുണ്ട്. അമ്മയ്ക്ക് മരുന്ന് കൊടുക്കുമ്പോഴും എടുത്തുകൊടുക്കാൻ താൽപര്യം കാണിക്കും. ഇൻസുലിൻ എടുക്കാനും വാശിപിടിക്കും. മമ്മിക്ക് ഫിസിയോ തെറാപ്പി ചെയ്യിക്കുമ്പോൾ, അത് കണ്ട് പിന്നീട് മമ്മിയെ ചെയ്യിക്കുന്നതും അവനാണ്. ആർക്കെങ്കിലും വല്ലായ്ക വന്നാൽ എന്തുചെയ്യണമെന്നും പനിയാണെങ്കിൽ തോർത്ത് നനച്ച് തുടച്ചുകൊടുക്കണമെന്നും അവനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ അവൻ ഇതൊക്കെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. അവന്റെ പ്രവൃത്തിയിൽ മാതാപിതാക്കൾ എന്ന നിലയിൽ അഭിമാനമുണ്ട്''.
advertisement
ഒറ്റ ദിവസം കൊണ്ട് നാട്ടുകാരുടേയും അധ്യാപകരുടേയും കൂട്ടുകാരുടേയും എല്ലാ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് ജോർദൻ. യുകെജി വിദ്യാർത്ഥിയായ ജോർദൻ പഠിക്കുന്ന പുതുപ്പളളി എംഡിഎൽപി സ്കൂളിലെ സ്കൂൾ അസംബ്ലിയിലും ജോർദനെ അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
March 21, 2025 1:03 PM IST