നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ നിര്യാതനായി

  മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ നിര്യാതനായി

  ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം

  Anil_Radhakrishnan

  Anil_Radhakrishnan

  • Share this:
   തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

   1992 ൽ പ്രസ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ (പിടിഐ) യുടെ മുംബൈ ബ്യൂറോയിൽ പത്രപ്രവർത്തനം ആരംഭിച്ച അനിൽ 1997 ൽ ദ ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം എന്നീ മേഖലകളുടെ പുരോഗതിക്കുതകുന്ന അനവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
   കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ചു.

   പരേതനായ രാധാകൃഷ്ണന്‍ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ നടക്കും.

   അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ ഗവർണർ അനുശോചിച്ചു

   'ദ ഹിന്ദു' വിന്റെ കേരള ബ്യുറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ അകാല നിര്യാണത്തിൽ ഗവർണർ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മാധ്യമ പ്രവർത്തനത്തിലെ മൂല്യങ്ങളോടും കേരളത്തിന്റെ വികസനം, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയവയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാൽ ശ്രദ്ധേയമായിരുന്നു അനിലിന്റെ റിപ്പോർട്ടുകളെന്ന് ഗവർണർ
   അനുശോചന സന്ദേശത്തിൽ പറഞ്ഞു.

   അനിൽ രാധാകൃഷ്ണൻ മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തി- മുഖ്യമന്ത്രി

   ദ ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   നേരിന്‍റെ പക്ഷത്തുനിന്ന മാധ്യമപ്രവർത്തകനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

   ദ ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. നേരിന്റെ പക്ഷത്ത് നിന്ന് മാധ്യമ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അനിൽ രാധാകൃഷ്ണൻ്റെ വേർപാട് മാധ്യമ ലോകത്തിനും കേരള സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രതിക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

   മാധ്യമ പ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു

   ധാർമ്മികകയുള്ള പത്രപ്രവർത്തകനായിരുന്നു അനിൽ രാധാകൃഷ്ണൻ. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കൊപ്പം അദ്ദേഹം ഒരിക്കലും നിന്നിട്ടില്ല. നാടിനും പൊതു സമൂഹത്തിനും വേണ്ടിയിട്ടുള്ള ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും നിന്നിട്ടുള്ള ഒരു പോസിറ്റീവ് പത്രപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. അനിൽ രാധാകൃഷ്ണൻ്റെ കുടുംബത്തിൻ്റെയും, മാധ്യമ പ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

   വിശ്വസിക്കാനാവാത്ത വിയോഗം: കെ. സുരേന്ദ്രൻ

   മുതിർന്ന മാദ്ധ്യമപ്രവർത്തകനും ദ ഹിന്ദു തിരുവനന്തപുരം ബ്യൂറോ ചീഫുമായ എസ്.അനിൽ രാധാകൃഷ്ണൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മാദ്ധ്യമ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന അനിലിൻ്റെ വിയോഗം വിശ്വസിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

   നഷ്ടമായത് സ്നേഹത്തിൻ്റെ നിറ സാന്നിധ്യം: ജോസ് കെ മാണി

   ദ ഹിന്ദു ചീഫ് ഓഫ് ബ്യൂറോ അനിൽ രാധാക്യഷ്ണൻ്റെ വിയോഗത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അനുശോചിച്ചു. സ്നേഹത്തിൻ്റെയും സൗമ്യതയുടെയും മുഖമാണ് വിശ്വസിക്കാൻ കഴിയാത്ത വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് ജോസ് കെ മാണി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}