മോതിരം അണിയുന്നവർ സൂക്ഷിക്കുക; മാധ്യമപ്രവർത്തകയുടെ കൈവിരലറ്റ ‘റിങ് അവല്‍ഷന്‍’
- Published by:Sneha Reghu
- news18-malayalam
Last Updated:
വടകരയിലേക്ക് ജോലിക്കായി പോയി മടങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്
കോഴിക്കോട്: യാത്രാമധ്യേയുണ്ടായ അപകടത്തിൽ വനിതാ മാധ്യമപ്രവർത്തകയായ രാഖി റാസിന് മോതിരവിരൽ നഷ്ടമായി. ഓണത്തിന് മുന്നെ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിരൽ അപകടത്തിൽപ്പെട്ടത്. ഈ സംഭവം പുറത്തുവന്നതോടെ 'റിങ് അവൽഷൻ' എന്ന അവസ്ഥയെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ച സജീവമായി.
വടകരയിലേക്ക് ജോലിക്കായി പോയി മടങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തക രാഖി റാസിന് ഈ ദുരനുഭവം ഉണ്ടായത്. ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ വാതിലിന്റെ വശത്തെ തകിടിൽ മോതിരം ഉടക്കി വിരൽ വലിച്ചെടുക്കപ്പെടുകയായിരുന്നു. നേരിയ വേദന മാത്രമാണ് രാഖിക്ക് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് നോക്കിയപ്പോഴാണ് വിരൽ മുറിഞ്ഞുപോയെന്ന് മനസ്സിലായത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്താണ് റിങ് അവൽഷൻ?
മോതിരം ഏതെങ്കിലും വസ്തുവിൽ കുടുങ്ങി ബലമായി വലിച്ചെടുക്കുമ്പോൾ ചർമ്മം, രക്തക്കുഴലുകൾ, ഞരമ്പുകൾ, ചിലപ്പോൾ അസ്ഥികൾ എന്നിവയ്ക്ക് സംഭവിക്കുന്ന ഗുരുതരമായ പരിക്കാണ് 'റിങ് അവൽഷൻ'. ഇത് ചിലപ്പോൾ വിരൽ പൂർണമായും അറ്റുപോവാനും കാരണമാകും. 'ഡീഗ്ലോവിങ്' എന്ന അവസ്ഥയിൽ ചർമ്മവും മറ്റ് ഭാഗങ്ങളും പൂർണ്ണമായി അടർന്നുപോകും.
advertisement
സ്വകാര്യ ബസുകളുടെ ഡിസൈനുകൾ ഇത്തരം അപകടങ്ങൾക്ക് കാരണമാകുമെന്ന് രാഖി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ചില പ്രതിരോധ മാർഗങ്ങളും അവർ നിർദേശിച്ചു.
- മോതിരം കുടുങ്ങാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് യന്ത്രപ്പണികൾ ചെയ്യുന്ന ജോലിസ്ഥലങ്ങളിൽ മോതിരം ധരിക്കുന്നത് ഒഴിവാക്കുക.
- കനം കുറഞ്ഞ മോതിരങ്ങൾ ഉപയോഗിക്കുക.
- അപകടമുണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.
- അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം അപകടങ്ങളെക്കുറിച്ച് ശ്രദ്ധ പുലർത്തണമെന്നാണ് രാഖിയുടെ അനുഭവം നൽകുന്ന പാഠം.
മാധ്യമപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിരലില്ലാത്ത ഓണം
advertisement
------------------------------------
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓണമാണ് ഇത്തവണ കടന്നുപോയത്. നാൽപത്തൊൻപത് കൊല്ലം ഞാൻ കാത്തു സൂക്ഷിച്ച ബന്ധം അറ്റുപോയ ഒരോണം.... എന്റെ മോതിര വിരൽ എനിക്ക് നഷ്ടപ്പെട്ട ശേഷം ദിവസങ്ങൾക്കുള്ളിൽ വന്നെത്തിയ ഓണം. ബസ് ഇറങ്ങവേ മോതിരം കുടുങ്ങിയാണ് എന്റെ വിരൽ അറ്റത്. അല്പം നീണ്ട കുറിപ്പ് ആണ്. മനക്കട്ടിയുള്ളവർ മാത്രം തുടർന്നു വായിക്കുക. ഇല്ലാത്തവർ അവസാന ഭാഗം മാത്രം വായിക്കുക. ഫോട്ടോകളും കാണുക.
--------------------------
ഞാൻ മലയാള മനോരമയുടെ വനിത മാഗസിനിൽ എഡിറ്റർ ആയാണ് ജോലി ചെയ്യുന്നത് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ....
advertisement
ആഗസ്റ്റ് 21 ന് ജോലി സംബന്ധമായി വടകര പോയി തിരികെ പ്രൈവറ്റ് ബസിൽ കോഴിക്കോട്ടേക്ക് വരികയായിരുന്നു. KSRTC പ്രേമിയായ ഞാൻ ആനവണ്ടി കിട്ടാത്തതിനാലാണ് പ്രൈവറ്റ് ബസിൽ കയറിയത്. കോഴിക്കോട് മാവൂർ റോഡിൽ KSRTC സ്റ്റാൻഡിന് സമീപം ഇറങ്ങവേ വലതുകൈയുടെ മോതിര വിരൽ എവിടെയോ ഉടക്കി വലിഞ്ഞു. മോതിരം ചെറുതായി വലിഞ്ഞത് പോലെയൊരു നേരിയ വേദന തോന്നിയതിനാൽ കൈ ഉയർത്തി നോക്കി. മോതിര വിരലിന്റെ സ്ഥാനത്ത് എല്ലു മാത്രം നിൽക്കുന്നത് കണ്ടു ഞാൻ നടുങ്ങി. എനിക്ക് പുറകേ മറ്റൊരാൾ കൂടി ഇറങ്ങിയതിനാൽ ബസ് വിട്ടിരുന്നില്ല.
advertisement
അയ്യോ... എന്റെ വിരൽ മുറിഞ്ഞുപോയി എന്നു പുലമ്പിക്കൊണ്ട് ഞാൻ ബസിലേക്ക് തിരികെ കയറി. താഴെ വിരൽ അറ്റു വീണ് കിടപ്പുണ്ടോ എന്നു പരതി. ബസ്സിൽ ചോര ചീറ്റി തെറിച്ചിരിക്കുന്നത് അപ്പോഴാണ് ഞാനും യാത്രക്കാരും ഡ്രൈവറും കാണുന്നത്. വലിയ മുറിവായതിനാൽ ഇന്ദ്രിയങ്ങൾ മരവിച്ചതിനാലാകണം എനിക്ക് നേരിയ നീറ്റലേ അനുഭവപ്പെട്ടിരുന്നുള്ളു.
അറ്റുപോയ വിരൽ നിലത്ത് ഉണ്ടായിരുന്നില്ല. മോതിരം ഉടക്കിയ, അല്പം അകന്നു നിൽക്കുന്ന ബസിന്റെ കൂർത്ത ഭാഗത്ത് മോതിരവും ഊരിപ്പോയ വിരലും തറഞ്ഞ് ഇരിപ്പുണ്ടായിരുന്നു. വിരലിന്റെ ചലന വള്ളി (tendon ) വലിഞ്ഞു പൊട്ടി ഇരട്ടിയിലധികം നീളത്തിൽ വിരലിൽ നിന്ന് തൂങ്ങി കിടന്നിരുന്നു.
advertisement
എവിടന്നോ കിട്ടിയ ധൈര്യത്തിൽ, വിരലും മോതിരവും ഊരിയെടുത്ത് ബസുകാരോട് എന്നെ ഉടനടി ആശുപത്രിയിൽ എത്തിക്കണം എന്നു ഞാൻ പറഞ്ഞു. അവർ എന്നെയും മറ്റു യാത്രക്കാരെയും കൊണ്ട് അല്പദൂരം കൂടി സഞ്ചരിച്ച് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിന്റെ നടയിൽ നിർത്തി.
ഞാൻ വിരലും താങ്ങി ആശുപത്രിയിലേക്ക് ഓടി. വീൽ ചെയർ വേണമെന്നും തല കറങ്ങുന്നുണ്ടെന്നും പറഞ്ഞു. അവർ വീൽ ചെയറിൽ എന്നെ കാഷ്വാലിറ്റിയിലേക്ക് നയിച്ചു. വെള്ളം കുടിക്കാൻ തന്ന ശേഷം വേദന മറവിക്കാനുള്ള ഇൻജക്ഷനുകൾ തന്നു. ഇത്തരം കേസ് എടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാൻ നിർദേശിച്ചു.
advertisement
(ആ ഓട്ടത്തിൽ എന്റെ ബാഗും തൂക്കിയെടുത്ത് കൂടെ വന്ന യാത്രികർ ആയ, ഹിജാബ് ധരിച്ച രണ്ട് സ്ത്രീകളെയും കുറച്ച് നല്ലവരായ മറ്റു കോഴിക്കോട്ടുകാരെയും ഹൃദയത്തോട് ചേർക്കുന്നു.
നാഷണൽ ഹോസ്പിറ്റലിൽ എന്നെ പരിചരിച്ച ഡോ. ഷനീദ് പി കെ(ഓർത്തോപീഡിക്സ്), ഡോ അഞ്ജു പി വി (RMO), സിസ്റ്റർ ചിഞ്ചു, ആംബുലൻസ് ഡ്രൈവർ ബിജു എന്നിവരെയും സ്നേഹത്തോടെ ഓർക്കുന്നു.)
ഞാൻ ആദ്യം വിവരം വിളിച്ചറിയിച്ചത് എന്റെ അനുജൻ രാഹുലിനെയാണ്. ആ സമയം രാഹുൽ തിരുവനന്തപുരത്തായിരുന്നു. ഉടൻ പുറപ്പെട്ടാലും രാഹുൽ എത്താൻ വൈകും. അടുത്തതായി പരിപാടി നടന്ന സ്ഥലത്തെ വനിതയുടെ ഉദ്യോഗസ്ഥൻ ഗോപനെയാണ് വിളിച്ചത്. സെക്കന്റുകൾക്കുള്ളിൽ എന്റെ കമ്പനിയായ എംഎംപിയിൽ (മനോരമയുടെ പബ്ലിക്കേഷൻസ് ഡിവിഷൻ ) വിവരമറിഞ്ഞു.
വെറും 10 മിനിറ്റിനുള്ളിൽ എംഎംപി യുടെ പേർസണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ടീം ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി. അവിടെ നിന്നും ആംബുലൻസിൽ എന്നെ പ്ലാസ്റ്റിക് സർജറി സൗകര്യമുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഞാൻ അഭ്യർത്ഥിച്ച പ്രകാരം നാഷണൽ ഹോസ്പിറ്റൽ ടീം എന്റെ അറ്റുപോയ വിരൽ വൃത്തിയാക്കി ഐസ് പാക്ക് ചെയ്തു തന്നു.
(ഞങ്ങളുടെ സിഇഒ സജീവ് സർ, എഡിറ്റർ ഇൻ ചാർജ് സിന്ധു വിജയകുമാർ മാഡം, എംഎംപി പി ആൻഡ് എ വിഭാഗത്തിന്റെ ചുമതലയുള്ള ബിവിൻ സർ, രാജേഷ് സർ, പ്രിൻസൺ, മാർക്കറ്റിങ് വിഭാഗത്തിലെ ഗോപൻ സി എന്നിവരോടുള്ള തീരാത്ത നന്ദിയും സ്നേഹവും വാക്കുകളിൽ ഒതുങ്ങില്ല. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിയ രാഹുലിന്റെ കോഴിക്കോട് സുഹൃത്തുക്കൾക്കും സ്നേഹം...)
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജൻ ഡോ. കൃഷ്ണകുമാർ കെ. എസ്. ആണ് 'തന്റെ വിരൽ വേണ്ട വിധത്തിൽ എത്തിച്ചെങ്കിലും തുന്നി ചേർക്കാൻ കഴിയില്ല' എന്നറിയിക്കുന്നത്. അതു ചീന്തിയെടുത്ത വിധത്തിൽ ആയിപ്പോയിരുന്നു. അകത്തെ സംവിധാനങ്ങൾക്ക് കേട് പറ്റാത്ത വിധം രണ്ടായി മുറിഞ്ഞ അവയവമേ തുന്നി ചേർക്കാൻ കഴിയൂ... ഏറ്റവും മികച്ച ആ സാധ്യത എനിക്ക് നഷ്ടപ്പെട്ടു. പിന്നീടുള്ളവ ദ്രുതഗതിയിൽ ചെയ്യേണ്ടതല്ല താനും.
'Ring Avulsion' എന്ന അപകടമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത് എന്നു പറഞ്ഞു തന്നതും അദ്ദേഹമാണ്.
മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനം ദീപികയ്ക്ക് വേണ്ടിയും വനിതയ്ക്ക് വേണ്ടിയും പലവട്ടം ഞാൻ ലേഖനങ്ങൾക്കായി സമീപിച്ചിട്ടുള്ള എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ആർ ജയകുമാറിന്റെ പേര് മിന്നായം പോലെ എനിക്കപ്പോൾ ഓർമ്മ വന്നു. മൂന്ന് വർഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും ഞാൻ ഡോക്ടറെ വിളിച്ചിട്ട്. ഉൾക്കനത്തോടെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം സൗമ്യനായി പറഞ്ഞു.
"രാഖിയുടെ അവസ്ഥ ഹൃദയം തകർക്കുന്നതാണ്. ഈ അവസരത്തിൽ നിങ്ങൾക്ക് ദു:ഖമില്ലെങ്കിൽ നിങ്ങൾ മനുഷ്യനല്ല... പക്ഷേ സംഭവിച്ചതിനെ സംയമനത്തോടെ ഉൾക്കൊള്ളൂക എന്നത് സാധ്യമാണ്. വിരലിന്റെ തകർന്ന ബാക്കിഭാഗം കൂടി മുറിച്ചു മാറ്റുകയാണ് നിങ്ങളിൽ ചെയ്യാനാകുന്ന ചികിത്സ. നിങ്ങളുടെ വിരൽ നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തിൽ മുന്നേറാൻ കഴിയും. ഇപ്പോൾ ചെയ്യുന്നതെല്ലാം ഈ വിരൽ ഇല്ലാതെ ചെയ്യാനുള്ള പ്രാപ്തി നിങ്ങൾ നേടിയെ ടുക്കും. "
മറ്റു പല മാർഗങ്ങളും അദ്ദേഹം പറഞ്ഞുവെങ്കിലും ഏറ്റവും അനുയോജ്യമായ തീരുമാനം അദ്ദേഹം നിർദേശിച്ച പ്രകാരം amputation ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഈ അവസ്ഥ നേരിടാൻ എനിക്ക് ശക്തി പകർന്നു.
കൂട്ടിരിക്കാൻ ആളില്ലാത്ത, വേണ്ടപ്പെട്ടവർ ഇല്ലാത്ത ഇവിടെ നിന്നും സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് എന്നെ മാറ്റണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. എനിക്ക് വേണ്ടതെന്തും ചെയ്തു തരാൻ മനോരമ തയ്യാറായിരുന്നു. മികച്ച സൗകര്യങ്ങൾ തികഞ്ഞ ICU ആംബുലൻസിൽ നഴ്സിന്റെ അകമ്പടിയോടെ രാത്രി 9.30 ന് ഞാൻ ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിൽ നിന്ന് യാത്ര തിരിച്ചു.
വലിയ ചെലവ് വരുന്ന ആംബുലൻസ് സൗകര്യം എനിക്കനുവദിച്ചു തന്നതിന് മനോരമ കമ്പനിയോട് അങ്ങേയറ്റം നന്ദിയുണ്ട്. കാരണം വെളുപ്പിന് 2.30 ന് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ എത്തും വരെ ഞാൻ അനുഭവിച്ച അവസ്ഥ കഠിനമായിരുന്നു.
വേദനിച്ചും തലകറങ്ങിയും ഛർദ്ദിക്കാൻ വെമ്പിയും മരിക്കുമെന്ന് തോന്നിയും മറ്റുമുള്ള ആ യാത്രയിൽ എന്നെ താങ്ങി നിർത്തിയത് ഒരു മാലാഖ കുട്ടിയാണ്. സിസ്റ്റർ സിനോബിയ.
ICU ആംബുലൻസ് കെയറിൽ പ്രത്യേക പരിശീലനം ലഭിച്ച നഴ്സ് ആണ് സിനോബിയ. വേദന സംഹാരത്തിനും മറ്റു പല പ്രയാസങ്ങൾക്കുമുള്ള ഇൻജക്ഷനുകൾ ഇടയ്ക്കിടെ നൽകിയും, പ്രഷർ കൂടെ കൂടെ പരിശോധിച്ചും സംസാരിച്ചും സമാധാനിപ്പിച്ചും സിനോമ്പിയയും, പല വട്ടം ആംബുലൻസ് നിർത്തി സ്‌ട്രെച്ചർ പൊസിഷൻ മാറ്റിയും, ജ്യൂസ് വാങ്ങി തന്നും അഭിഷ്ണവ്, മജീദ് എന്നീ രണ്ടു ആംബുലൻസ് ഡ്രൈവർ പയ്യന്മാരും എന്നെ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. ആലുവയിൽ നിന്നും അനിയനും ഭാര്യയും ആംബുലൻസിനെ അനുഗമിച്ചു.
സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ഡോ. ജയകുമാർ വേണ്ട നിർദേശങ്ങൾ എനിക്കായി നൽകിയിരുന്നു.
"ഞാൻ ഡോ.അഞ്ജലി രവികുമാർ. പ്ലാസ്റ്റിക് സർജൻ ആണ് " എന്നു പരിചയപ്പെടുത്തിയ പെൺകുട്ടിയുടെ വിടർന്ന കണ്ണുകളും സുന്ദരമായ പുരികക്കൊടികളും വേദനയുടെ നീരാളി പിടിത്തത്തിലും ഞാൻ ശ്രദ്ധിച്ചു.
'നല്ല ഭംഗിയുണ്ട് ഡോക്ടറുടെ കണ്ണുകൾ' എന്ന് ഈ അവസ്ഥയിൽ കിടന്ന് പറയാൻ കഴിയുന്നത്ര ഭ്രാന്തുള്ള എന്റെ കൈ അലിവോടെ നോക്കി വേദന ശമിക്കുന്നതിനുള്ള അടുത്ത ഡോസ് മരുന്നിന് ഡോക്ടർ നിർദേശം നൽകി.
പ്രയോജനപ്പെടില്ല എന്നറിയാമെങ്കിലും കൂടെ കൂട്ടിയ, ചാപിള്ള പോലെ തണുത്തു മരവിച്ച് എന്നെ അനുഗമിച്ച എന്റെ പാവം വിരൽ അവിടെ അടക്കം ചെയ്യപ്പെട്ടു.
പിറ്റേന്ന് രാവിലെ എന്റെ ചുമതല ഏറ്റെടുത്ത സീനിയർ പ്ലാസ്റ്റിക് സർജൻ ഡോ. സെന്തിൽ കുമാറും ഡോ. ജയകുമാറും എന്നെ കാണാനെത്തി. തലേന്ന് ഡോ. ജയകുമാർ പറഞ്ഞ കാര്യങ്ങൾ - എന്റെ അവസ്ഥ, ചികിത്സകൾ എന്നിവ - തമിഴ് ചന്തമുള്ള മലയാളത്തിൽ കൂടുതൽ വ്യക്തമായി ഡോ. സെന്തിൽ വിശദീകരിച്ചു.
ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച ആംപ്യൂട്ടേഷൻ സർജറി കഴിഞ്ഞു ഞാൻ റൂമിൽ എത്തുന്നത് രാത്രി പത്തരയ്ക്ക് .
സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പല വിഭാഗങ്ങളിൽ എന്നോട് ഏറ്റവും നന്നായി ഇടപെട്ട ഓരോ സ്റ്റാഫിനെയും ഈ അവസരത്തിൽ സ്നേഹത്തോടെ ഓർക്കുന്നു...
സ്പെഷ്യലിസ്റ്റിൽ എത്തിയ നേരം മുതൽ അനുജൻ രാഹുലും ഭാര്യ ശൈലജയും ഇടം വലം ഉണ്ടായിരുന്നു. അനുജന്റെ ഭാര്യ ആണെങ്കിലും എന്റെ മൂത്ത മകൾ ആയാണ് ഞാൻ ശൈലജയെ ഗണിക്കുന്നത്. ആ തോന്നൽ ഈ അവസരത്തിൽ ഉറച്ചു. അത്രയ്ക്കും പരിചരണവും പിന്തുണയുമാണ് അവളിൽ നിന്നും കിട്ടിയത്. എന്റെ അനുജൻ ഏത് വീഴ്ചയിലും എന്നെ താങ്ങിക്കൊള്ളും എന്നെനിക്ക് അത്രമേൽ ഉറപ്പാണല്ലോ...
അച്ഛനോടും അമ്മയോടും യഥാർത്ഥ വിവരം പറഞ്ഞിരുന്നില്ല. അതു മറയ്ക്കാൻ ഞാനും രാഹുലും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് അവർക്ക് മനസിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വന്ന ശേഷം വിവരം പറഞ്ഞപ്പോൾ ഏറ്റവും സംയമനത്തോടെ അവരത് കേട്ടു.
എന്റെ മക്കൾ അനാമികയും അൽമിത്രയും പക്വതയോടെ ഇതുൾക്കൊണ്ടു.
വീട്ടിൽ എത്തിയ ശേഷം ഈ വരികൾ എഴുതാൻ പ്രാപ്തി നേടിയ ഇന്നു വരെ എന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തിയത് എന്റെ കുഞ്ഞുമോൾ അൽമിത്രയാണ്. ബാംഗ്ലൂർ പഠിക്കുന്ന അനാമിക വാക്കുകൾ കൊണ്ടെന്നെ ശക്തിപ്പെടുത്തി. അച്ഛനും അമ്മയും പിന്നെ എന്നും എന്നെ താങ്ങുന്ന നെടുംതൂണുകൾ ആണല്ലോ...
എന്റെ വീട്ടുകാർ, ബന്ധുക്കൾ, മേലധികാരികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവർ ഒഴുക്കിവിട്ട സ്നേഹത്തിലും പിന്തുണയിലും ഞാൻ പുതിയ ജീവിതത്തിന് ഹരിശ്രീ കുറിക്കുകയാണ്.
പഴയ വേഗത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ പുതിയ പാഠങ്ങൾ പഠിക്കേണ്ടി വരും. കയ്യിലെടുക്കുന്ന ചെറിയ വസ്തുക്കൾ മോതിര വിരൽ ഇല്ലായ്മയിലൂടെ താഴെ വീഴുന്നത് അറിഞ്ഞു തുടങ്ങി. വേദന മാറിയാലും മുറുകെ പിടിക്കാൻ ഇനി കഴിഞ്ഞെന്ന് വരില്ല. എന്റെ ആലിംഗനങ്ങളിൽ ഇനി ഒരു തോട് രൂപപ്പെടും...
ഇങ്ങനെയൊക്കെ ആകിലും പഴയ എന്നേക്കാൾ കരുത്തോടെ ഞാൻ മുന്നോട്ട് പോകും എന്ന പ്രതീക്ഷയിലാണ്....
ഇനി പറയാൻ പോകുന്നത് നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട
ചില കാര്യങ്ങൾ ആണ്.
------------------------------------------------------
▪️പ്രൈവറ്റ് ബസുകളുടെ ഡിസൈനിൽ പലവിധ അപകട സാധ്യത ഉണ്ട്. അതിൽ ഒന്നാണ് ring avulsion സാധ്യത. ഇതേ അനുഭവം നേരിട്ട വേറെയും ആളുകൾ ഉണ്ട്.
▪️എനിക്ക് മുൻപൊരിക്കൽ കൊച്ചിയിലൊരു പ്രൈവറ്റ് ബസിൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. (KSRTC യിൽ ഈ അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല). അന്ന് എന്റെ വിരലിൽ കിടന്ന നേർത്ത സ്വർണ മോതിരം പൊട്ടിപ്പോയി. മോതിരം പൊട്ടിപോകാതെ വിരൽ അറ്റുപോകുന്ന വിധത്തിൽ ഈ അപകടം മാറാം എന്ന ധാരണ ആ അവസരത്തിൽ എനിക്ക് ഉണ്ടായില്ല. 'റിങ് അവൽഷൻ' എന്ന അപകടത്തെക്കുറിച്ച് എനിക്ക് സംഭവിക്കും വരെ അറിയില്ലായിരുന്നു. ഇത്തവണ സാമാന്യം കനം ഉള്ള വെള്ളി മോതിരമാണ് ഞാൻ അണിഞ്ഞിരുന്നത്.
▪️റിംഗ് അവൽഷൻ എന്നത് ഒരു ബാഹ്യവസ്തു അല്ലെങ്കിൽ വീഴ്ച മൂലം, അല്ലെങ്കിൽ ശക്തമായ ചലനം മൂലം നിങ്ങളുടെ വിരലിലെ മോതിരം പെട്ടെന്ന് ബലമായി വലിച്ചെടുക്കപ്പെടുമ്പോൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ, ടെൻഡോണുകൾ, അസ്ഥി എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചിലപ്പോൾ പൂർണ്ണമായ വിരൽ ഛേദത്തിന് കാരണമാവുകയും ചെയ്യുന്ന അപകടം ആണ്. ചികിത്സയുടെ സങ്കീർണ്ണത പരിക്കിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു,
▪️ഏറ്റവും ഫലപ്രദമായ പ്രതിരോധം മോതിരം കുരുങ്ങാൻ സാധ്യതയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും യന്ത്രപ്പണികൾ ഉള്ള ജോലി സ്ഥലത്തും മോതിരങ്ങൾ നീക്കം ചെയ്യുക എന്നതാണ്.
എന്റേത് എന്റെ തെറ്റ് കൊണ്ടല്ലാത്ത,
( മോതിരം എത്രയോ ആളുകൾ സ്ഥിരമായി അണിയുന്നതാണല്ലോ) വളരെ സ്വഭാവികമായ, അപകടരഹിതം എന്നു കരുതപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായതാണ്. പ്രൈവറ്റ് ബസുകളിൽ ചിലതിന്റെ ബോഡി ഡിസൈൻ, മെയിന്റനൻസ് കുറവ് എന്നിവയാണ് കാരണം.
രണ്ടു മെറ്റൽ ഭാഗങ്ങൾക്കിടയിലെ ഗ്യാപ്പ് സീൽ ചെയ്തിരുന്നതിൽ വന്ന ചെറിയ പൊട്ടൽ ആണ് എന്റെ വിരൽ നഷ്ടത്തിന് വഴി വച്ചത്. (ഫോട്ടോയിൽ സൂക്ഷിച്ചു നിരീക്ഷിച്ചാൽ മനസ്സിലാക്കാം)
▪️പ്രൈവറ്റ് ബസിൽ നിന്നും ഇതേ അപകടം സംഭവിച്ച് വേറെയും ആളുകൾ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെന്ന് ഡോക്ടമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബസിന്റെ ബോഡി ഡിസൈനിൽ സുരക്ഷിതത്വം വരുത്തൽ, സൂക്ഷ്മമായ മെയിന്റനൻസ് ഒന്നും ഇന്നാട്ടിൽ നടക്കില്ല എന്നതിനാൽ സ്വയം സൂക്ഷിക്കുക.
▪️കനം കുറഞ്ഞ മോതിരം അണിയുകയോ, മോതിരം ഒഴിവാക്കുകയോ ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 09, 2025 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോതിരം അണിയുന്നവർ സൂക്ഷിക്കുക; മാധ്യമപ്രവർത്തകയുടെ കൈവിരലറ്റ ‘റിങ് അവല്‍ഷന്‍’