തിരുവനന്തപുരം: ജനങ്ങൾക്ക് മേൽ വലിയ നികുതി അടിച്ചേൽപ്പിച്ച് 50 കോടിയിലധികം ചെലവഴിച്ച് സര്‍ക്കാർ വാര്‍ഷിക ആഘോഷം നടത്തുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണ്. വാര്‍ഷികാഘോഷത്തിന് ഖജനാവിലെ തുക തൊടരുത്. സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍ ആഘോഷങ്ങൾക്ക് പാർട്ടി പണം ഉപയോഗിക്കണമെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്.
പിആര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാന വകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്.
Also Read- സാമൂഹ്യസുരക്ഷയ്ക്കായി കേരളം ഇന്നു മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ അധികം നൽകും
ക്ഷേമ പെന്‍ഷന്‍കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നെല്‍കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍, പാചകത്തൊഴിലാളികള്‍, വീല്‍ചെയര്‍ രോഗികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങള്‍ക്കും സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികള്‍ വൃഥാ കത്തിയമരുന്നത്. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ വിഹിതം കുടിശിക ആയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്. Also Read- സാമൂഹ്യസുരക്ഷയ്ക്കായി കേരളം നാളെ മുതൽ മദ്യത്തിന് 40 രൂപ കൂടുതൽ നൽകും
രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നില്ക്കുമ്പോള്‍ 4,000 കോടി രൂപയുടെ ബജറ്റ് നികുതി നിര്‍ദേശങ്ങള്‍ നടപ്പില്‍ വന്നതോടെ ജനജീവിതം അങ്ങേയറ്റം ദുസഹമായി. പെട്രോള്‍/ ഡീസല്‍ വില വര്‍ധന സമസ്ത മേഖലകളിലും വില വര്‍ധിപ്പിച്ചു. മരുന്നുകള്‍ക്ക് 12% വില കൂടി. വെള്ളക്കരം, പാചകവാതകം, വൈദ്യുതി, ബസ്‌കൂലി തുടങ്ങിയ എല്ലാത്തിനും ലോകത്തിലില്ലാത്ത വിലയാണ്. വസ്തുനികുതി, ഭൂമി രജിസ്‌ട്രേഷന്‍, ഭൂമിയുടെ ന്യായവില തുടങ്ങിയവ കുതിച്ചു കയറി. ജീവിതഭാരം താങ്ങനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു.
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍, സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതു പാര്‍ട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K sudhakaran