Kerala Gold Rate| സ്വർണവിലയിൽ പ്രതീക്ഷിക്കാത്ത ഇടിവ്; വെള്ളി വിലയും കുറഞ്ഞു
- Published by:Sneha Reghu
- news18-malayalam
Last Updated:
യുഎസ് ഡോളറിന്റെ ശക്തമായ തിരിച്ചുവരവാണ് വിലയിടിയാൻ കാരണമായ ഒരു പ്രധാന ഘടകം
തിരുവനന്തപുരം: സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവില, ഇന്ന് അക്ഷരാർത്ഥത്തിൽ മൂക്കുംകുത്തി വീഴുകയായിരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 5,240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു.
ഇന്നലെ പവൻ വില 1.31 ലക്ഷം രൂപയും ഗ്രാം വില 16,000 രൂപയും കടന്ന് കുതിച്ചിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 655 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 15,640 രൂപയായി.
സ്വർണത്തിനൊപ്പം വെള്ളിവിലയിലും ഇന്ന് ഇടിവ് പ്രകടമാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 395 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും ഇത്ര വലിയ വിലക്കുറവിന് കാരണമായത്.
advertisement
രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 5,570 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന സ്വർണവില ഇന്ന് 5,171 ഡോളറിലേക്ക് കൂപ്പുകുത്തി. ഒരു ഘട്ടത്തിൽ വില 5,131 ഡോളർ വരെ താഴ്ന്നതോടെ ആഗോളതലത്തിൽ ഏകദേശം 4 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് (Profit Booking) ആരംഭിച്ചതും ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിൽ നിന്ന് പിൻവാങ്ങിയതും ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി.
യുഎസ് ഡോളറിന്റെ ശക്തമായ തിരിച്ചുവരവാണ് വിലയിടിയാൻ കാരണമായ ഒരു പ്രധാന ഘടകം. ലോകത്തെ പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളർ ഇൻഡക്സ് 0.33% ഉയർന്ന് 96.58-ൽ എത്തിയത് സ്വർണത്തിന് തിരിച്ചടിയായി. ഇറാൻ-യുഎസ് സംഘർഷവും ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും ഉയർത്തിയ ഭൗമരാഷ്ട്രീയ ഭീതികൾ സ്വർണവിലയെ നേരത്തെ സ്വാധീനിച്ചിരുന്നെങ്കിലും, നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുപ്പിലേക്ക് നീങ്ങിയത് വിപണിയെ താഴേക്ക് നയിച്ചു. ഇതിനുപുറമെ അമേരിക്കൻ വിപണിയിലെ ടെക് ഓഹരികളിലുണ്ടായ തകർച്ചയും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന പദവിയിൽ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 30, 2026 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവിലയിൽ പ്രതീക്ഷിക്കാത്ത ഇടിവ്; വെള്ളി വിലയും കുറഞ്ഞു








