ബി.ജെ.പിയിൽ ഇനിയും പുനഃസംഘടന ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
- Published by:Jayashankar AV
- news18-malayalam
Last Updated:
ചില സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും ജില്ലാ പ്രസിഡണ്ടുമാരുടെ കാര്യത്തിലുമാണ് ഇന്ന് തീരുമാനങ്ങള്‍ വന്നിരിക്കുന്നത്.
കോഴിക്കോട്: പാര്‍ട്ടിയില്‍ പുനഃസംഘടന ഇനിയുണ്ടാകുമെന്ന് ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും അടിമുടി പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യം. ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ ആവശ്യമായുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്നും സുരേന്ദ്രന്‍ നാദാപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചില സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും ജില്ലാ പ്രസിഡണ്ടുമാരുടെ കാര്യത്തിലുമാണ് ഇന്ന് തീരുമാനങ്ങള്‍ വന്നിരിക്കുന്നത്. താഴെ തട്ടിലുള്ള മണ്ഡലം കമ്മിറ്റികള്‍ വിഭജിക്കുന്ന കാര്യവും തീരുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാകും എന്ന അഭ്യൂഹങ്ങള്‍ തള്ളി പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ തന്നെ അധ്യക്ഷനായി തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു. മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ ആക്കി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തിയ നേതാക്കള്‍ക്ക് ഭാരവാഹിത്വം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അധ്യക്ഷന്‍മാരെ മാറ്റിയത്. കോട്ടയത്തെ ന്യൂനപക്ഷ മുഖമായിരുന്ന ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യുവിനെ മാറ്റി ലിജിന്‍ ലാലിനെ നിയമിച്ചു. പി രഘുനാഥ്, ബി. ഗോപാലാകൃഷ്ണന്‍, സി ശിവന്‍കുട്ടി എന്നിവരെയാണ് പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. അടുത്തിടെ ബിജെപിയില്‍ എത്തിയ ഡോക്ടര്‍ പ്രമീളാദേവി, ഡോക്ടര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നാണ് ബി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആക്കിയത്.
advertisement
കെ ശ്രീകാന്ത്, ജെ ആര്‍ പത്മകുമാര്‍, രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവര്‍ പുതിയതായി സംസ്ഥാന സെക്രട്ടറിമാര്‍ ആകും. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനായ പന്തളം പ്രതാപന്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയില്‍ എത്തിയത്. കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോള്‍ എന്നിവര്‍ അവര്‍ പുതിയ വക്താക്കള്‍ ആകും.
സംസ്ഥാന ബിജെപിയിലെ കൃഷ്ണദാസ് പക്ഷ നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ പുനഃസംഘടനയില്‍ ഇരുവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും ഇരുവരും ജനറല്‍സെക്രട്ടറി സ്ഥാനത്തെ തിരിച്ചെത്തിയില്ല എന്നത് ശ്രദ്ധേയം. അതേസമയം എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും.
advertisement
നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായ ജില്ലകളിലാണ് ജില്ലാ അധ്യക്ഷന്മാരെ മാറ്റിയതെന്നാണ് സൂചന. വലിയ കുതിപ്പു ഉണ്ടാകും എന്ന് കരുതിയ കോട്ടയം ജില്ലയില്‍ ഒരു ലക്ഷത്തില്‍പരം വോട്ട് മറിഞ്ഞു. പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തിരിച്ചടിയാണ് നിയമസഭയില്‍ ഉണ്ടായത്. കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റി എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2021 4:18 PM IST