• HOME
 • »
 • NEWS
 • »
 • kerala
 • »
 • K T Jaleel | ആദ്യവും അവസാനവും ബന്ധു നിയമനം കുരുക്കായി; അഞ്ചു വർഷത്തിനിടെ പിണറായി മന്ത്രിസഭയിൽനിന്ന് അഞ്ച് രാജി

K T Jaleel | ആദ്യവും അവസാനവും ബന്ധു നിയമനം കുരുക്കായി; അഞ്ചു വർഷത്തിനിടെ പിണറായി മന്ത്രിസഭയിൽനിന്ന് അഞ്ച് രാജി

ജലീലിനെ പോലെ ബന്ധുനിയമന വിവാദത്തിലാണ് ഇ പി ജയരാജൻ രാജിവെച്ചത്. പിണറായി സർക്കാരിലെ ആദ്യ രാജിയും അവസാന രാജിയും ബന്ധുനിയമന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ്.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത പരാമർശം എതിരായതിനെ തുടർന്ന് കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചു. പിണറായി വിജയൻ സർക്കാരിൽനിന്ന് അഞ്ചു വർഷത്തിനിടെ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ ടി ജലീൽ. വ്യവസായ മന്ത്രി ഇ. പി ജയരാജന്‍, ഗതാഗത മ​ന്ത്രി എ​. കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ്​ മുമ്പ്​ രാജിവെച്ചത്​. ജലീലിനെ പോലെ ബന്ധുനിയമന വിവാദത്തിലാണ് ഇ പി ജയരാജൻ രാജിവെച്ചത്. പിണറായി സർക്കാരിലെ ആദ്യ രാജിയും അവസാന രാജിയും ബന്ധുനിയമന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ്. ചാനലിന്‍റെ ഫോൺ കെണി എ കെ ശശീന്ദ്രന് വിനയായപ്പോൾ കായൽ കൈയ്യേറ്റവും അനധികൃത റിസോർട്ടുമാണ് തോമസ് ചാണ്ടിയുടെ മന്ത്രി കസേര തെറിപ്പിച്ചത്. പാർട്ടിയിലെ മുൻ ധാരണപ്രകാരമാണ് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസിന്‍റെ രാജിയിലേക്ക് നയിച്ചത്.

  പാർട്ടി കൈവിട്ടു; ഇ പി ജയരാജൻ പുറത്തുപോയി(2016 ഒക്ടോബർ 14)

  ഇ പി ജയരാജന്‍റെ ജയരാജന്‍റെ ബന്ധുവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി. കെ ശ്രീമതി ടീച്ചറുടെ മകൻ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എംഡിയായി നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് ഇ പി ജയരാജൻ രാജിവെച്ചത്. വ്യവസായവകുപ്പിലെ നിയമനത്തിൽ മന്ത്രിക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് പാർട്ടി വിലയിരുത്തുകയും ചെയ്തിരുന്നു. പിന്നീട്​ വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് വാങ്ങി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.

  ഫോൺകെണിയിൽ കുടുങ്ങി ശശീന്ദ്രൻ(2017 മാർച്ച് 26)

  അശ്ലീല സംഭാഷണം ഒരു ചാനൽ വഴി പുറത്തുവന്നതോടെയാണ് എ കെ ശശീന്ദ്രൻ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചത്. മന്ത്രി ഒരു സ്ത്രീയെ വിളിച്ച് അശ്ലീല സംഭാഷണം നടത്തുന്നത് ശബ്ദരേഖ സഹിതം ചാനൽ പുറത്തു വിടുകയായിരുന്നു. ഇത് വലിയ വിവാദമായതോടെ മന്ത്രി രാജിവെക്കുകയായിരുന്നു. എന്നാൽ പിന്നീട് പകരക്കാരനായി വന്ന തോമസ് ചാണ്ടി രാജിവെച്ചതോടെ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. അതിനിടെ ഫോൺ കെണി കേസിൽ അനുരജ്ഞനം ഉടലെടുക്കുകയും ചെയ്തിരുന്നു.

  കായൽ കൈയ്യേറ്റം തോമസ് ചാണ്ടിയുടെ കസേര തെറിപ്പിച്ചു(2017 നവംബർ 15)

  കായൽ കൈയ്യേറ്റ വിവാദത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം വന്നതോടെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചത്. മുന്നണിയും സർക്കാരും കൈവിട്ടിട്ടും രാജിവെക്കില്ലെന്ന നിലപാടിൽ അവസാനം വരെ ഉറച്ചുനിന്ന തോമസ് ചാണ്ടിയെ താഴെയിറക്കിയത് എൻ സി പി ദേശീയ നേതൃത്വത്തിന്‍റെ നിലപാടായിരുന്നു. മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദനും സിപിഐ നേതൃത്വവും തുടക്കം മുതൽ തോമസ് ചാണ്ടിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എൻസിപി സംസ്ഥാന നേതൃത്വം തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ലെന്നു വ്യക്തമാക്കി. എന്നാൽ ഹൈക്കോടതിയിൽനിന്ന് രൂക്ഷ വിമർശനം ഉയർന്നതോടെയാണ് തോമസ് ചാണ്ടിക്ക് പടിയിറങ്ങേണ്ടി വന്നത്.

  Also Read- K T Jaleel resigns | നിയമനവിവാദം: കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

  പാർട്ടിയിലെ ധാരണ പാലിച്ച് മാത്യു ടി തോമസ്(2018 നവംബർ 26)

  രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാമെന്ന ജനതാദൾ സംസ്ഥാന ഘടകത്തിലെ മുൻ ധാരണ പ്രകാരമാണ് മാത്യു ടി തോമസ് ജലവിഭവ മന്ത്രിസ്ഥാനം രാജിവെച്ചത്. മാത്യു ടി തോമസിന് പകരം പാലക്കാട് ചിറ്റൂരിൽനിന്നുള്ള എം എൽ എ കെ. കൃഷ്ണൻകുട്ടിയാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. മന്ത്രിപദം വെച്ചുമാറുന്നത് സംബന്ധിച്ച നിർദേശം പാർട്ടി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൌഡ നേരത്തെ അംഗീകരിച്ചിരുന്നു.

  ബന്ധുനിയമനത്തിൽ തട്ടിവീണ് ജലീലും(2021 ഏപ്രിൽ 13)

  മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കെ ടി ജലീലിന്‍റെ പടിയിറക്കം. സർക്കാരിനെ വലിയരീതിയിൽ പിടിച്ചുകുലുക്കിയ ബന്ധുനിയമനം ഉണ്ടായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇത്രയും കാലം പാർട്ടിയും മുഖ്യമന്ത്രിയും ജലീലിന് ഒപ്പം ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വന്ന ലോകായുക്ത ഉത്തരവ് ജലീലിന്‍റെ രാജി അനിവാര്യമാക്കുകയായിരുന്നു. സ്വർണക്കടത്ത് വിവാദത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യൽ നടന്നപ്പോഴും ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായിരുന്നു. എന്നാൽ അന്നൊക്കെ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന മന്ത്രിക്ക് പക്ഷേ ലോകായുക്ത ഉത്തരവിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.
  Published by:Anuraj GR
  First published: