കൊച്ചി: ജാതിപ്രിവിലേജിന്റെ കനം, കൗശലം, വിവേചനം വളഞ്ഞവഴിയിൽ ഇറക്കിയാൽതന്നെ അത് തിരിച്ചറിയാനുള്ള ബോധോദയം ചെറുപ്പംമുതലേ ആർജിച്ചവരാണ് പ്രിവിലേജുകൾക്ക് പുറത്തുനിൽക്കുന്നവരെന്ന് കവിയും മാധ്യമപ്രവർത്തകനുമായ എസ്. കലേഷ്. കഴിഞ്ഞ ദിവസമുണ്ടായ വിവാദത്തിൽ നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായാണ് കലേഷ് രംഗത്തെത്തിയത്. ജാതിവാലിന്റെ പ്രിവിലേജിനു പുറത്തുനില്ക്കുന്ന ബിനീഷിന് മനുഷ്യനാണെന്നു വീണ്ടും വീണ്ടും പറഞ്ഞ് ഉറപ്പിക്കേണ്ടി വരുന്നതാണ് ദുരന്തം. നമുക്ക് ജാതിയില്ലായെന്ന് മൈക്കുകെട്ടി ജാതിവാലന്മാർ ഓടിനടന്ന് നാടുനീളെ പറഞ്ഞയിടത്താണ് മുഖ്യമന്ത്രി പിണറായി വിജയനെവരെ ജാതിപ്പേരിൽ ചീത്തവിളിച്ച സ്ത്രീകളെ കാണേണ്ടിവന്നത്. പരിചയപ്പെടുമ്പോൾ മുതൽ ജാതിയേതെന്നറിയാൻ നാടും വീടും അപ്പന്റെ അമ്മേടെ അമ്മൂമ്മേടെവരെ പേര് അന്വേഷിക്കുന്നവരെ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കലേഷ് പറയുന്നു.
എസ്. കലേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ജാതിവാലിന്റെ പ്രിവിലേജിനു പുറത്തുനില്ക്കുന്ന ബിനീഷിന് മനുഷ്യനാണെന്നു വീണ്ടും വീണ്ടും പറഞ്ഞ് ഉറപ്പിക്കേണ്ടി വരുന്നതാണ് ദുരന്തം. നമുക്ക് ജാതിയില്ലായെന്ന് മൈക്കുകെട്ടി ജാതിവാലന്മാർ ഓടിനടന്ന് നാടുനീളെ പറഞ്ഞയിടത്താണ് മുഖ്യമന്ത്രി പിണറായി വിജയനെവരെ ജാതിപ്പേരിൽ ചീത്തവിളിച്ച സ്ത്രീകളെ കാണേണ്ടിവന്നത്. പരിചയപ്പെടുമ്പോൾ മുതൽ ജാതിയേതെന്നറിയാൻ നാടും വീടും അപ്പന്റെ അമ്മേടെ അമ്മൂമ്മേടെവരെ പേര് അന്വേഷിക്കുന്നവരെ കണ്ടുമുട്ടിയിട്ടുണ്ട്. കല്യാണത്തിനും മരണത്തിനും ചെന്ന് മണത്തുമണത്ത് ജാതി കണ്ടെത്തുന്ന മറ്റൊരുകൂട്ടരുണ്ട്. ഇത്തരക്കാരോട്- സുഹൃത്തേ, ജാതിയേതെന്നറിയാൻ നേരിട്ടു ചോദിച്ചാൽ പോരേ, രണ്ടുവട്ടം പറഞ്ഞുതരില്ലേ. ഒരു കഥകൂടി പറയാം. കോളേജുപഠനകാലം. അറയ്ക്കൽ എന്ന വീട്ടുപേരിനെക്കുറിച്ചായി ഒരു ദിവസം ചർച്ച. ആ പേരിനുള്ളിലെ പ്രൗഢിയെക്കുറിച്ച് ഒരു സുഹൃത്ത് വാചാലനായി. ഉയർന്ന സാമൂഹികബോധം ഉണ്ടെന്ന് ധരിച്ചിരുന്ന ഒരു സുഹൃത്തിന്റെ മറുപടി പെട്ടെന്നായിരുന്നു: 'ഒന്ന് പോടാകൂവേ, അറയ്ക്കൽ എന്നു വീട്ടുപേരുള്ള കൊറെ പൊലയന്മാര് ഞങ്ങടെ നാട്ടിലുണ്ട്.' അപ്പറഞ്ഞയാളുടെ തോളിൽ കയ്യിട്ടുനടന്ന കാലം ആ നിമിഷം മുതലെന്നെ വികൃതമായ കണ്ണുകളോടെ തുറിച്ചുനോക്കിക്കൊണ്ടേയിരിക്കുന്നു. സ്‌കൂൾകാലം മുതൽ ഒരുപാട് ജാതി വിവേചനാനുഭവങ്ങളിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. അതായത് ഉത്തമാ, ജാതിപ്രിവിലേജിന്റെ കനം, കൗശലം, വിവേചനം വളഞ്ഞവഴിയിൽ ഇറക്കിയാൽതന്നെ അത് തിരിച്ചറിയാനുള്ള ബോധോദയം ചെറുപ്പംമുതലേ ആർജിച്ചവരാണ് പ്രിവിലേജുകൾക്ക് പുറത്തുനിൽക്കുന്നവർ.
സല്യൂട്ട് ബിനീഷ്!
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.