കടയുടമ വീട്ടിലാണ്, പണം പെട്ടിയിലിടാം; വിശ്വാസം മാത്രം വിളമ്പുന്ന 'സത്യസന്ധതയുടെ കട'
Last Updated:
ഉപ്പിലിട്ട മാങ്ങ മുതല്‍ സ്റ്റേഷനറി സാധനങ്ങള്‍ വരെ... കാവലിനാളില്ലാത്ത കടയില്‍ കച്ചോടം പൊടിപൊടിക്കുന്നു. മനുഷ്യരോടുള്ള വിശ്വാസത്തിലാണ് കച്ചവടം നടക്കുന്നത്.
ഉപ്പിലിട്ട വിഭവങ്ങളും മോരുവെള്ളവും മിഠായിയും ചുരുക്കം സ്റ്റേഷനറി വിഭവങ്ങളുമൊക്കെ നിരത്തിവച്ച ഈ കടയില്‍ ആര്‍ക്കും വരാം. വേണ്ട സാധനങ്ങളെടുക്കാം പണം നിക്ഷേപിക്കാം... ഇവിടെ ചോദിക്കാനോ കാവലിനോ ആരുമില്ല. പയ്യന്നൂര്‍ - തൃക്കരിപ്പൂര്‍ ബൈപാസ് റോഡില്‍ തലിച്ചാലം പാലത്തിന് സമീപത്തെ ഈ കൊച്ചു കട. തലിച്ചാലം സ്വദേശി മുണ്ടക്കുണ്ടില്‍ സുലൈമാന്, തൻ്റെ നാടിനോടും നാട്ടുകാരോടുമുള്ള വിശ്വാസത്തിൻ്റെ ആഴമാണ് ഈ കടയുടെ നിലനില്‍പ്.
കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ ആരെയും നിര്‍ത്തിയിട്ടില്ല. നിരത്തി വച്ച സാധനങ്ങളുടെ മുകളില്‍ പണം രേഖപ്പെടുത്തിയിട്ടുണ്ട്. വില തൊട്ടടുത്തുവച്ച പെട്ടിയില്‍ ഇടാം. കൈയിലില്ലാത്തവര്‍ക്ക് ഗൂഗിള്‍ പേ വഴി അയക്കാനുള്ള ക്യു ആര്‍ കോഡുമുണ്ട്. കടം പറയാനും സൗകര്യം ഒരുക്കിയിരിക്കുന്നു. ആളുകളെ നിരീക്ഷിക്കാന്‍ ക്യാമറയൊന്നും ഇവിടെയില്ല. രാവിലെ കടയിലെത്തുന്ന സുലൈമാൻ സാധനങ്ങള്‍ ഭരണിയില്‍ നിറച്ച ശേഷം വീട്ടിലേക്ക് മടങ്ങും. പിന്നെ രാത്രിയാണ് എത്തുക.
ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുലൈമാൻ്റെ മനസ്സില്‍ സൂക്ഷിച്ച ആശയമാണ് ഈ കൊച്ചു കട. ദിവസവും അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ കടയില്‍ നിന്നും ലഭിക്കുന്നുണ്ട്. കടയിലെ ലാഭ നഷ്ടത്തെ കുറിച്ച് സുലൈമാൻ ചിന്തിക്കാറില്ല. നാട്ടുകാരോടുള്ള വിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 13, 2026 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കടയുടമ വീട്ടിലാണ്, പണം പെട്ടിയിലിടാം; വിശ്വാസം മാത്രം വിളമ്പുന്ന 'സത്യസന്ധതയുടെ കട'







