വലതുപക്ഷ വ്യവഹാരങ്ങളെ മനസ്സിലാക്കണമെങ്കില്‍ വലതുപക്ഷ ആശയസാഹിത്യം അറിയണം' കണ്ണൂർ സർവകലാശാല
- Published by:Karthika M
- news18-malayalam
Last Updated:
കണ്ണൂര്‍ സര്‍വകാലശാല കോഴ്‌സിനെ കാവിവല്‍ക്കരിക്കുന്നു എന്നായിരുന്നു സിലബസുമായി ഉയര്‍ന്നു വന്ന ഒരു പ്രധാനപ്പെട്ട ആരോപണം
കണ്ണൂര്‍: ബ്രണ്ണന്‍ കോളേജില്‍ ആരംഭിച്ച പൊളിറ്റിക്‌സ് ആന്‍ഡ് ഗവേര്‍ണന്‍സ് എം എ പ്രോഗ്രാമുമായി ബന്ധപെട്ടു ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല.
മറുപടി അര്‍ഹിക്കുന്ന ആഴമുള്ള ആരോപണങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കേണ്ട എന്നായിരുന്നു തുടക്കത്തില്‍ എടുത്ത സമീപനം. എങ്കിലും ചില സമൂഹ മാധ്യമങ്ങളില്‍ ഇതിനെ സംബന്ധിച്ചു വാസ്തവവിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നതും, സോഷ്യല്‍ മീഡിയ ഒരു മാധ്യമമായി ഉപയോഗിച്ച് സിലബസിന്റെ സ്പിരിറ്റിനെ ഇല്ലാതാക്കാനും, സമുഹത്തെ തെറ്റിദ്ധരിപ്പിക്കാനും കണ്ടുപിടിച്ച ശ്രമങ്ങള്‍ ചില തല്പര കക്ഷികള്‍ നടത്തുന്നത് കണ്ടതുകൊണ്ടും കൂടിയാണ് അതിന്റെ നിജ സ്ഥിതി വെളിപ്പെടുത്തണം എന്ന ഒരു നിലപാടിലേക്കു എത്തപ്പെട്ടത്. തെറ്റിധാരണ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ കുറിപ്പ് ഇറക്കുന്നത്.
advertisement
സിലബസുമായി ഉയര്‍ന്നു വന്ന ഒരു പ്രധാനപ്പെട്ട ആരോപണം ബ്രണ്ണനില്‍ ആരംഭിച്ച പൊളിറ്റിക്‌സ് ആന്‍ഡ് ഗവേര്‍ണന്‍സ് എം എ പ്രോഗ്രാമ്മില്‍, ഗോള്‍ വാക്കറിനെയും, സവര്‍ക്കേറെയും പുല്‍കി കണ്ണൂര്‍ സര്‍വകാലശാല കോഴ്‌സിനെ കാവിവല്‍ക്കരിക്കുന്നു എന്നായിരുന്നു. ഇതിനു ആസ്പദമായി കൊടുത്തത് മൂന്നാം സെമെസ്റ്ററിലെ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന കോഴ്സില്‍ സവര്‍ക്കറുടെ ഹിന്ദുത്വ ആശയവും, ഗോള്‍ വാക്കറിന്റെ ബെഞ്ച് ഓഫ് തോട്‌സും പ്രത്യേകം ഇടം പിടിച്ചപ്പോള്‍, ഗാന്ധിയെയും നെഹ്രുവിനെയും തഴഞ്ഞു എന്നതാണ്.
advertisement
ഇനി ഈ ആരോപണത്തില്‍ കഴമ്പ് ഉണ്ടോ എന്ന് ആദ്യമായി പരിശോധിക്കാം.
'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന സിലബസ് പൂര്‍ണമായും 'ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന ആശയം ഉള്‍കൊള്ളുന്നില്ല. പരമ്പരാഗത രീതിയില്‍ രാം മോഹന്‍ റോയ് മുതല്‍ അംബേദ്കറും പിന്നെ വലതുപക്ഷ ചിന്ത പദ്ധതികളും ഉള്‍കൊള്ളുന്ന പരമ്പരാഗത സമീപനത്തില്‍ നിന്നും വ്യതിരിക്തമായ ഒരു സിലബസ് ആണിത് എന്നുള്ളതാണ് വാസ്തവം. നവീനമായ ഒരു സമീപനം ആണ് സിലബസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 'തീംസ്' മാത്രമേ പഠനവിഷയം ആകുന്നുള്ളു. 'തോട്ട്' സിലബസിന്റെ പരിസരങ്ങളില്‍ വരുന്നില്ല. അഞ്ചു തീംസ് ആണ് ഇതില്‍ ഇടം പിടിച്ചത്.
advertisement
കോഴ്‌സിലെ യൂണിറ്റുകള്‍ ആദ്യമായി ഒന്ന് പരിശോധിക്കാം.
ഒന്നാമത്തെ യൂണിറ്റ് 'ഡിബേറ്റ്‌സ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' ആണ്. അതില്‍ പരിശോധിക്കുന്നത് ഇന്ത്യയുടേതായ ഒരു രാഷ്ട്രീയ സാമൂഹിക ചിന്ത ഉണ്ടോ എന്നതാണ്. പ്രശസ്ത സാമൂഹിക ചിന്തകരായ എ കെ രാമാനുജന്‍ , ഷെല്‍ഡണ്‍ പൊള്ളോക്, ബിഖു പരേഖ്, നോര്‍മന്‍ ഡി പാല്‍മെര്‍ തുടങ്ങിയ ചിന്തകരുടെ പഠനങ്ങളെ മുന്‍നിര്‍ത്തി അവരുടെ റീഡിങ്ങ്‌സുകളിലൂടെയാണ് ക്ലാസുകള്‍ മുന്നാട്ടു പോകുന്നത് .
advertisement
രണ്ടാമത്തെ യൂണിറ്റ് 'രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' ആണ്. ഈ യൂണിറ്റ് ആണ് നേരത്തെ ഉന്നയിച്ച വിവാദത്തിനു ആധാരം. ഈ യൂണിറ്റ് അന്വേഷിക്കുന്നത് എന്താണ് ഇന്ത്യയുടെ പൊളിറ്റിക്കല്‍ സ്വത്വം, കൂടാതെ അതെങ്ങനെ രൂപം കൊണ്ടു, അതില്‍ ആരുടെയൊക്കെ ചിന്താധാരകള്‍ കടന്നു വരുന്നു എന്നതാണ്. ഈ യൂണിറ്റ് ആരംഭിക്കുന്നത് തന്നെ ദേശീയതയെ വിമര്‍ശിക്കുന്ന ടാഗോറിന്റെ രചനയെ മുന്‍നിര്‍ത്തിയാണ്. അദ്ദേഹത്തിന്റെ മൂന്നു പ്രധാന നാഷണലിസം സ്പീച്ചുകളുടെ റീഡിങ്സ് പഠിക്കുവാനായി സിലബസ് മുന്നോട്ടുവെക്കുന്നുണ്ട്. ഈ യൂണിറ്റില്‍ ടാഗോര്‍, ആരോബിന്ദോ, മഹാത്മാ ഗാന്ധി, നെഹ്റു, അംബേദ്കര്‍, വി ഡി സവര്‍ക്കര്‍, എം സ് ഗോള്‍വാക്കര്‍, ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക്, കാഞ്ച ഇല്‍ലൈഹ എന്നിവരുടെ ദേശീയതയെ സംബന്ധിച്ചുള്ള കാഴ്പ്പാടുകള്‍ പഠിക്കുന്നുണ്ട്. അത് മാത്രവുമല്ല ദേശീയതയെ കുറിച്ചുള്ള ആധുനിക ഇന്ത്യയുടെ നിര്‍മാതാക്കള്‍ എന്ന് കരുതുന്ന ടാഗോര്‍, ഗാന്ധി, നെഹ്റു, അംബേദ്കര്‍ എന്നിവരുടെ വളരെ വിശാലവും പുരോഗമനപരവുമായ കാഴ്ചപ്പാടുകളും, അതിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ വലതു ദേശീയതയുടെ വക്താക്കളായ സവര്‍ക്കര്‍, ഗോള്‍വാക്കര്‍, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരുടെയും, അതോടൊപ്പം തന്നെ ഇന്ത്യന്‍ വലതു ദേശീയതയെ അതി നിശിതമായി വിമര്‍ശിക്കുന്ന കാഞ്ച ഐലയ്യ ഉള്‍പ്പെടെയുള്ള ചിന്തകരുടെ ആശയ ധാരകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു സമഗ്രമായ യൂണിറ്റ് ആണ് ഇത്. ഇത്തരം ഒരു യൂണിറ്റില്‍ വലതു പക്ഷ ചിന്താധാര എങ്ങനെ ഇന്ത്യന്‍ ദേശീയ സ്വത്വത്തെ നോക്കി കാണുന്നു എന്നുള്ളത് ഒരു പൊളിറ്റിക്‌സ് വിദ്യാര്‍ഥി തീര്‍ച്ചയായും വായിച്ചുവരണം. അതുകൊണ്ടാണ് സിലബസ്സില്‍ വി ഡി സവര്‍ക്കര്‍, എം സ് ഗോള്‍വാക്കര്‍, ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ റീഡിങ്സ് നിര്‍ദേശിക്കപ്പെട്ടത്.
advertisement
സാംസ്‌കാരിക ദേശീയതയുമായി ബന്ധപെട്ടു സവര്‍ക്കര്‍, ഗോള്‍വാര്‍ക്കര്‍, ഉപാധ്യയായ് തുടങ്ങിയവരുടെ ചിന്തകള്‍ ഇന്ത്യയിലെ എല്ലാ യൂണിവേഴ്‌സിറ്റികളുടെയും പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകളില്‍ റീഡിങ് ആയി നല്‍കിയിട്ടുണ്ട്. അശോകാ യൂണിവേഴ്‌സിറ്റി വിനയ് സിതാപതിയുടെ ജുഗല്ബന്ദി: ബിജെപി ബിഫോര്‍ മോദി എന്ന ബുക്ക് മാത്രം ഒരു കോഴ്‌സ് ആയി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ അതിനെ അധികരിച്ചു ആര്‍ എസ് എസ് എന്ന സംഘടനയുടെ ചരിത്രം, അതിന്റെ ചിന്താധാര, അതില്‍ സവര്‍ക്കര്‍, ഗോള്‍വാക്കര്‍, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരുടെ ആശയം തുടങ്ങിയ കോംപോണന്റുകള്‍ കോഴ്‌സില്‍ ഓഫര്‍ ചെയ്യപ്പെടുന്നുണ്ട്. ആതു സൂചിപ്പിക്കുന്നത് പുതു തലമുറ ഇന്ത്യയെ മനസിലാക്കണമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷ വത്കരിക്കപ്പെട്ടു എന്നത് മനസിലാക്കണം എന്നുള്ളതാണ്. മാത്രമല്ല ഇതൊന്നും നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ അല്ല. മറിച്ചു ഇത്തരം ചിന്തകളിലൂടെയാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ ചലിക്കപ്പെടുന്നത്. ഒരു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി തീര്‍ച്ചയായും അത് മനസിലാക്കണം എന്ന ഉള്‍ക്കാഴ്ചയിലാണ് സിലബിസില്‍ വി ഡി സവര്‍ക്കര്‍, എം സ് ഗോള്‍വാക്കര്‍, ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് റീഡിങ്ങിനായി നിര്‍ദേശിക്കപ്പെട്ടത്.
advertisement
അതിലുപരിയായി ഇന്ത്യയിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസുകളില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രത്യശാസ്ത്ര പരിസരവും എന്ന വിഷയം കാലങ്ങളായി ചര്‍ച്ചചെയ്യപെട്ടുപോരുന്നു. അതില്‍ ബിജെപി, ആര്‍എസ് എസ്, എന്നിവയും ഉള്‍പെടും. അപ്പോള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തി എന്ന് തല്പരകക്ഷികള്‍ മുന്‍പ് ആരോപിക്കപ്പെട്ട വി ഡി സവര്‍ക്കര്‍, എം സ് ഗോള്‍വാക്കര്‍, ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവര്‍ പരമ്പരാഗതമായി റീഡിങ്ങിനായി നിര്‍ദേശിക്കപ്പെടുന്നവയും ക്ലാസ് മുറികളില്‍ ചര്‍ച്ച ചെയ്യപെടുന്നവരും ആണ്. അസാധാരണമായ ഒരു പുതിയ കാര്യവും അതില്‍ ഇല്ല എന്ന ഉത്തമ ബോധ്യത്തില്‍ ആണ് സിലബസ്സില്‍ വലതുപക്ഷ ദേശീയതയുടെ ലിറ്ററേച്ചര്‍ റീഡിങ്സില്‍ ഉള്‍പ്പെടുന്നത്.
മൂന്നാമതായി സിലബസില്‍ ഉള്‍പ്പെടുത്തിയ 'തീം' എന്നത് 'ക്രിട്ടിക്കല്‍ പെര്‍സ്‌പെക്റ്റീവ്' എന്നതാണ്. അതില്‍ അംബേദ്ക്കറുടെ 'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്', 'കാസ്റ്റ് ഇന്‍ ഇന്ത്യ' എന്ന അംബേദ്കറുടെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റി സ്പീച്ചും ഉള്‍പ്പെടും. അതിനു കിട്ടിയ ഏറ്റവും വലിയ വിമര്‍ശനം ഗാന്ധിയില്‍ നിന്നും ആണെന്നാണ് സിലബസ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം യൂണിറ്റില്‍ 'എ വിന്‍ഡിക്കേഷന്‍ ഓഫ് കാസ്റ്റ്: അംബേദ്കര്‍'സ് ഇന്ഡിക്കറ്റ്‌മെന്റ്' എന്ന പേരില്‍ ഗാന്ധിയുടെ വളരെ പ്രസിദ്ധയമായ അംബേദ്കറുടെ ഗാന്ധി ക്രിട്ടിക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഗാന്ധി നെഹ്റു എന്നിവരെ ഉള്‍പ്പെടുത്തിയില്ല എന്ന ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. തീര്‍ത്തും വായന ഇല്ലാത്ത, ഇത്തരം വിഷയങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത, വായന വിരുദ്ധത ഉള്ള, ഫാസിസിസ്റ്റ് നിലപാടുള്ള ആളുകള്‍ക്ക് മാത്രമേ ബാലിശമായ ഇത്തരത്തിലുള്ള ഒരു ആരോപണം മുന്നോട്ടു വെക്കാന്‍ സാധിക്കു. ആരോപണത്തില്‍ ചിന്തകള്‍ ഇല്ല എന്നുള്ളതാണ് സത്യം. മറിച്ചു വികാരങ്ങളും, പോപ്പുലിസം ഉപയോഗിച്ചു സമൂഹത്തെ തെറ്റായി ഇന്‍ഡോക്ടറിനെറ്റ് ചെയുന്ന സ്ട്രാറ്റജി ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് ആരോപണങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കും, അതുവഴി അക്കാദമിക്കായി മേല്‍കൈ നേടാം എന്ന വിലകുറഞ്ഞ ആന്റി അക്കാദമിക് നിലപാടുകള്‍ വ്യക്തമായി കാണുവാന്‍ സാധിക്കും. അതുവഴി സ്റ്റുഡന്റ്‌സ് ഓര്‍ഗേൈനസേഷനെ തെറ്റിദ്ധരിപ്പിക്കുക, മീഡിയകളെ തെറ്റായി ഇന്‍ഫോം ചെയുക എന്ന സ്ട്രാറ്റജികളൊക്കെ ഉപയോഗിച്ചിരിക്കുന്നു.
നാലമത്തെ യൂണിറ്റായി നിര്‍ദേശിക്കപ്പെട്ടത് 'ഇന്ത്യന്‍ ചിന്തയിലെ ഡിസ്സെന്റ്' എന്നതാണ്. അതില്‍ അമര്‍ത്യ സെന്നിന്റെ 'അര്‍ഗുമെന്റിവ് ഇന്ത്യന്‍', കാഞ്ച ഇലിയായയുടെ 'വൈ ഐ ആം നോട് എ ഹിന്ദു' എന്ന പുസ്തകവും, 'ലോകായത വാദം', കൂടാതെ ആന്‍ഡ്രൂ നിക്കോള്‌സണ്‍ എന്ന റൈറ്ററുടെ 'ആസ്തിക' 'നാസ്തിക' വാദം എന്ന റീഡിങ്ങും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
അഞ്ചാമതായി യൂണിറ്റില്‍ 'ഏര്‍ലി ഇന്ത്യ' എന്ന യൂണിറ്റില്‍ ജേണിഫെര്‍ ഓബോയെര്‍, ഷെല്‍ഡണ്‍ പൊള്ളോക്കിന്റെ 'പൊളിറ്റിക്കല്‍ തൊട്ട് ഇന്‍ രാമായണ', കുമാര്‍ സര്‍ക്കാരിന്റെ 'ഹിന്ദു പൊളിറ്റിക്കല്‍ ഫിലിസോഫി' എന്ന എസ്സയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അഞ്ചാമത്തെ യൂണിറ്റ് ടൈറ്റില്‍ പോലും ചിന്തിച്ചു നിര്‍ദേശിക്കപ്പെട്ടതാണ്. കാരണം 'ആന്‍ഷ്യന്റ് ഇന്ത്യ' എന്നല്ല സിലബസ് പറയുന്നത്, അതൊരു വിവാദ പ്രയോഗം ആയതു കൊണ്ട്, ബാലന്‍സ്ഡ് ആയി 'ഏര്‍ലി ഇന്ത്യ' എന്നാണ് സിലബസ് യൂണിറ്റ് ടൈറ്റിലില്‍ കൊടുത്തിരിക്കുന്നത്.
ദേശീയതയെ സംബന്ധിച്ചുള്ള ഇന്നത്തെ ഇന്ത്യന്‍ ഭൗതിക വ്യവഹാരങ്ങള്‍ ഒരു വിദ്യാര്‍ഥിക്ക് വിമര്‍ശനാത്മകമായി പരിശോധിക്കണമെങ്കില്‍ ഈ വ്യവഹാരങ്ങളെ കുറിച്ച് ഒരു അവബോധം ഉണ്ടായിരിക്കണം. പൗരത്വ ചര്‍ച്ചകള്‍, സിറ്റിസണ്‍ഷിപ് രജിസ്റ്റര്‍ തുടങ്ങി പുതിയതായി പല വലതു പക്ഷ വ്യവഹാരങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രൂപം കൊണ്ടിരിക്കുന്നു. അത് മനസ്സിലാക്കണമെങ്കില്‍ വലതു പക്ഷ ആശയ സാഹിത്യം അറിയണം. ആ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു കോഴ്‌സ് തയ്യാറാക്കിയത്.
ഗൗരവതരമായി അക്കാദമിക സമൂഹം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. എന്തെന്നാല്‍ ചില ആളുകള്‍ അവര്‍ എം എ സിലബസ്സില്‍ പണ്ട് പടിച്ച കാര്യങ്ങള്‍ക്കപ്പുറം മറ്റൊന്നും വായിക്കാന്‍ തയ്യാറല്ല. അവര്‍ സിലബസില്‍ പുതിയവ ഉള്‍പെടുമ്പോള്‍ എതിര്‍പ്പുമായി രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അവരുടെ ഭൗതിക നിലവാരമില്ലായ്മ മറച്ചുവെക്കുവാന്‍ ഉപയോഗിക്കുന്ന രസകരമായ ഒരു ആയുധം ഇവിടെ ഉപയോഗിക്കുന്നതു ചൂണ്ടികാണിക്കട്ടെ. അതിപ്രകാരം ആണ്. വിദ്യാര്‍ത്ഥികള്‍ ഇതൊന്നും പഠിക്കാന്‍ കഴിവില്ലാത്തവര്‍ ആണെന്നവര്‍ പറയുന്നു. അവര്‍ പാവങ്ങളാണ്, അവരുടെ ചിന്തകള്‍ ചെറുതാണ്. അതുകൊണ്ടു സിലബസ്സ് കടുപ്പം കുറക്കണം. ഇതാണ് ഇത്തരക്കാരുടെ ആരോപണം. ഇത്തരം ആരോപണം നടത്തുന്നവര്‍ വായന തീരെ കുറവുള്ളവര്‍ ആയതുകൊണ്ട്, പഠന ശാഖയില്‍ രൂപം കൊള്ളുന്ന പുതിയ ബോധ്യങ്ങളെ അറിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്തെന്നാല്‍ തങ്ങളുടെ കുറവുകളെ വിദ്യാര്‍ത്ഥികളെ മറയാക്കി, അവരെ ഒരു ആയുധമാക്കി, നല്ല പുതിയ മാറ്റങ്ങള്‍ ചെറുക്കുകയാണ്. ഇത്തരം ആളുകളെ തീര്‍ച്ചയായും ഒറ്റപെടുത്തണം എന്നതാണ് വാസ്തവം.
വായനയില്ലാത്ത ഇത്തരം ആളുകളുടെ ബാലിശമായ ആരോപണം ശ്രദ്ധിക്കേണ്ടതില്ല എന്നതായിരുന്നു അദ്യത്തെ നിലപാട്. പക്ഷെ അവര്‍ പോപുലിസം ഉപയോഗിച്ച്, നുണകള്‍ പറഞ്ഞു, പെട്ടന്ന് വാര്‍ത്തകള്‍ നിര്‍മിക്കാന്‍ സോഷ്യല്‍ മീഡിയ ഒരു ആയുധമായി ഉപയോഗിക്കുന്നു.
അതുകൊണ്ടു വെറും രാഷ്ട്രീയ ഉദ്ദേശ്യം മുന്‍ നിര്‍ത്തി കൊണ്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അക്കാഡമിക് രംഗത്ത് ശരിയാണോ എന്ന് ഗൗരവതരമായി ആലോചിക്കുന്നതിനുള്ള സന്ദര്‍ഭമായി ഈ ആരോപണത്തെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2021 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വലതുപക്ഷ വ്യവഹാരങ്ങളെ മനസ്സിലാക്കണമെങ്കില്‍ വലതുപക്ഷ ആശയസാഹിത്യം അറിയണം' കണ്ണൂർ സർവകലാശാല