കാളപ്പുറത്ത് അരിയുമായി കുടകര്‍ പയ്യാവൂരിലെത്തി; ഭക്തിനിര്‍ഭരമായി പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം
Last Updated:
പയ്യാവൂര്‍ കോമരത്തച്ചൻ്റെ ക്ഷണപ്രകാരം കുടകര്‍ കാളപ്പുറത്ത് അരിയുമായെത്തി. 27 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് ക്ഷേത്രത്തിലെത്തിയ കുടകര്‍ അരി സമര്‍പ്പിച്ചതോടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന ഊട്ടുത്സവത്തിന് തുടക്കമായി.
കാളപ്പുറത്ത് അരിയുമായി കുടകര്‍ എത്തിയതോടെ പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് ഭക്കിനിര്‍ഭരമായ തുടക്കം. കുടകിലെ ബഹൂറിയന്‍, മുണ്ടയോടന്‍, തറവാടുകളിലെ അംഗങ്ങള്‍ 27 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് കുടകര്‍ സംഘം പയ്യാവൂരിലെത്തിയത്. ഉത്സവത്തില്‍ ഊട്ടിന് ആവശ്യമായ അരി കുടകുനാട്ടില്‍ നിന്ന് കൊണ്ടു വരിക എന്നത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ്.
ഉത്സവാരംഭത്തിന് ദിവസങ്ങള്‍ക്ക് മുന്‍പെ ഊട്ട് അറിയിക്കാന്‍ ക്ഷേത്രത്തിലെ കോമരത്തച്ചന്‍ കുടകിലേക്ക് കാട്ടിലൂടെ കാല്‍നടയായി പോകുന്ന ചടങ്ങുണ്ട്. ഊട്ടറിയിക്കാന്‍ ഉള്ള കോമരത്തച്ചൻ്റെ പുറപ്പാട് എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കാഞ്ഞിരക്കൊല്ലി വനത്തിലൂടെ അവിടെ എത്തി പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ അവകാശം ഉള്ള കുടുംബങ്ങളില്‍ ചെന്ന് ഊട്ടറിയിച്ചതിനു ശേഷമാണ് മടങ്ങുക. കോമരത്തച്ചൻ്റെ ക്ഷണ പ്രകാരമാണ് കാളപ്പുറത്ത് അരിയുമായി കുടകര്‍ എത്തുന്നത്.
ക്ഷേത്രത്തിലെത്തിയ കുടക് സംഘത്തെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇവരില്‍ നിന്നും അരി സ്വീകരിച്ച് അരിയളവ് നടന്നതോടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമായി. പൊന്നുംപറമ്പിലെ കുടക് സ്ഥാനത്താണ് ഉത്സവ സമാപനം വരെ കുടകര്‍ താമസിക്കുക. ഊട്ടുത്സവം ആരംഭിക്കുന്നതോടെ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. വ്യാഴാഴ്ച ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച നടന്നു.
advertisement
ശിവരാത്രി ദിനത്തില്‍ വൈകിട്ട് ആറിന് കാഞ്ഞിലേരി ദേശവാസികളുടെ ഊട്ടുകാഴ്ചയും ക്ഷേത്രത്തിലെത്തി. 20-ന് രാവിലെ അഞ്ചിന് താഴത്തമ്പലത്തിലും 21-ന് രാവിലെ ആറിന് തിരുനടയിലും കുടകരുടെ അരിസമര്‍പ്പണമുണ്ടാകും. 21-ന് രാത്രി 8.30-ന് ചേടിച്ചേരി, കുട്ടാവ് നിവാസികളുടെ ഇളനീര്‍ കാഴ്ചയും നടക്കും. പ്രധാന ഉത്സവദിനമായ 22-ന് രാവിലെ നാലിന് നെയ്യമൃത് കാരുടെ നെയ്യൊപ്പിക്കല്‍, ഉച്ചയ്ക്ക് 12-ന് മഹാ അന്നദാനം, രണ്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും കൊമരത്തച്ചൻ്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തവും, വൈകിട്ട് നാലിന് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച നടക്കുന്നതിന് പിന്നാലെ ഉത്സവത്തിൻ്റെ സമാപനം കുറിച്ച് കുടകര്‍ നാട്ടിലേക്ക് മടങ്ങും. ഫെബ്രുവരി 24 ന് ഊട്ടുത്സവത്തിന് സമാപനമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 16, 2026 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാളപ്പുറത്ത് അരിയുമായി കുടകര്‍ പയ്യാവൂരിലെത്തി; ഭക്തിനിര്‍ഭരമായി പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം










