തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി കർണാടക പൊലീസ് കൊല്ലത്തെത്തി പരിശോധന നടത്തി. ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തിയത്. പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നൽകുക. മഅദനി താമസിക്കുന്ന എറണാകുളത്തെ വീടും പൊലീസ് സന്ദർശിക്കും.
മഅദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബെംഗളൂരു പൊലീസിലെ റിസർവ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിന് അസരിച്ചേ മഅദനിക്ക് യാത്ര ചെയ്യാനാവൂ.
Also Read- മഅദനിയുടെ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍
മഅദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഉച്ചക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യാത്രാ ക്രമീകരണങ്ങൾ, സുരക്ഷ കാര്യങ്ങള്‍, ചികിത്സ ഉൾപ്പെടെ പിഡിപി നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read- അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിൽ വരാൻ സുപ്രീം കോടതി അനുമതി
മഅദനിയുടെ കേരളത്തിലേക്ക് വരവ് തടയാൻ പലവിധ ശ്രമങ്ങളുണ്ടായിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു. കേരളത്തിൽ മഅദനിയുടെ സുരക്ഷ ശക്തമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മികച്ച ചികിത്സാ സൗകര്യം ഒരുക്കണം, മെഡിക്കൽ സംഘത്തെ അനുവദിക്കണം. യുപിയിലെ ആതിഖ് കൊലപാതകം നമുക്ക് മുന്നിലുണ്ട്. മഅദനിക്ക് കൂടുതൽ സുരക്ഷ വേണം. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതായും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abdul nasar madani, Chief Minister Pinarayi Vijayan, Karnataka police, Kollam