കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല; 'നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം'
- Published by:Rajesh V
- news18-malayalam
Last Updated:
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ ഇന്നും നാളെയും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎൽഎ കൂടിയായ മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചത്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ ഇന്നും നാളെയും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎൽഎ കൂടിയായ മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചത്.
ഇ-മെയിൽ മുഖേനയാണ് മൊയ്തീൻ ഇക്കാര്യം ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ, എ സി മൊയ്തീൻ ഇന്നു പുലർച്ചെ തിരുവനന്തപുരത്തെത്തി.
ചോദ്യം ചെയ്യലിന് ഇന്ന് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് എ സി മൊയ്തീൻ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ, അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ച് ഇ ഡി വീണ്ടും നോട്ടിസ് നൽകും. സാക്ഷികൾക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീന് നൽകിയത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണ് നീക്കം.
advertisement
10 വർഷത്തെ ബാങ്ക് ഇടപാട് രേഖകളും ആദായനികുതി രേഖകളും ഹാജരാക്കാൻ നേരത്തേ ഇ ഡി ആവശ്യപ്പെട്ടിരുന്നു. രേഖകൾ അപൂർണമായതിനാൽ പൂർണവിവരങ്ങളുമായി ചൊവ്വാഴ്ച എത്താനാണ് നിർദേശിച്ചിരിക്കുന്നത്. സെപറ്റംബർ 10ന് മൊയ്തീനെ ഇ ഡി 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മൊയ്തീനെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായുള്ള തെളിവ് ശേഖരണം കൂടിയാണ് തിങ്കളാഴ്ചയിലെ ഇ ഡിയുടെ പരിശോധനയെന്നാണ് വിവരം. ബാങ്കുകളിലെ പരിശോധനക്കുശേഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 19, 2023 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല; 'നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം'