സംസ്ഥാനത്ത് പനി പടരുന്നു; കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു. ഒടയംച്ചാൽ സ്വദേശിനി അശ്വതി(28)യാണ് മരിച്ചത്. പരവനടുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ചയാണ് രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് കാസർഗോട്ടെ സ്വകാര്യ ആശുപത്രി ചികിത്സ തേടി.
ചൊവ്വാഴ്ച രോഗം മൂർച്ഛിച്ചതോടെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ചെമ്മനാട് ആലക്കം പടിക്കാലിലെ ശ്രീജിത്താണ് ഭർത്താവ്. ആറു വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംച്ചാലിലുള്ള അശ്വതിയുടെ വീട്ടിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.
ജില്ലയിൽ നിലവിൽ പനി ബാധിച്ച് 619 പേർ ചികിത്സയിലാണ്. ഡെങ്കിപനി സംശയമുള്ള 9 പേരും ആശുപത്രിയിൽ ഉണ്ട്. എന്നാൽ ആരുടെയും പനി ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരാൾ എലിപ്പനി ബാധിച്ച് ചികിത്സയിൽ ഉണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
advertisement
സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം പതിനായിരത്തിലേറെ പേർ ചികിൽസ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ . ഈ മാസം 27 വരെ 1660 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 6 മരണം ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചപ്പോൾ 27 എണ്ണം ഡെങ്കിപ്പനിയെ തുടർന്നാണെന്ന് സംശയ്ക്കുന്നു.
9 എച്ച് വൺ എൻ വൺ മരണങ്ങളും സ്ഥിരീകരിച്ചു. പനിക്കണക്ക് ഇന്നലെ ആരോഗ്യ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അവധി ദിവസമായതിനാലെന്നാണ് വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 29, 2023 11:43 AM IST