നിയമസഭയിലെ 'കിട്ടാതെ പോയ' ഓണസദ്യ: മുങ്ങിയ കരാറുകാരനായി അന്വേഷണം
- Published by:Anuraj GR
- news18-malayalam
Last Updated:
സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിയമസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീർ ഒരുക്കിയ ഓണസദ്യ അലങ്കോലപ്പെട്ട സംഭവത്തിൽ കരാറുകാരനെ കണ്ടെത്താൻ അന്വേഷണം. 1300 പേർക്കുള്ള സദ്യയാണ് ഏർപ്പാട് ചെയ്തതെങ്കിലും 800 പേർക്ക് മാത്രമാണ് സദ്യ ലഭിച്ചത്. സ്പീക്കറും സ്റ്റാഫ് അംഗങ്ങളും സദ്യ കഴിക്കാതെ മടങ്ങിയിരുന്നു. സ്പീക്കർക്കും സംഘത്തിനും പായസവും പഴവും മാത്രമാണ് ലഭിച്ചത്. ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദേശം നൽകിയിരുന്നു.
സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിയമസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് നിയമസഭാ സെക്രട്ടറി കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. കാട്ടാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന കാറ്ററിങ് ഏജൻസിക്കാണ് നിയമസഭയിലെ സദ്യയ്ക്കുള്ള കരാർ നൽകിയിരുന്നത്. പരസ്യം നൽകിയാണ് സദ്യയ്ക്കുള്ള കരാർ ക്ഷണിച്ചത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏജൻസിക്കാണ് കരാർ നൽകിയത്.
പുറത്ത് പാചകം ചെയ്ത ഭക്ഷണം നിയമസഭയിൽ എത്തിക്കുകയായിരുന്നു. ആദ്യ പന്തിയില്‍ 500 പേരും രണ്ടാം പന്തിയില്‍ കഷ്ടിച്ച് 300 പേരും കഴിച്ചു. ഇതോടെ സദ്യയിലെ ഒട്ടുമിക്ക വിഭവങ്ങളും തീര്‍ന്നു. സ്പീക്കര്‍ ഉള്‍പ്പെടെ ഇരുപത് മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ ലഭിക്കാതെ മടങ്ങി. പഴവും പായസവും മാത്രമാണ് അദ്ദേഹത്തിന് കിട്ടിയത്.
advertisement
നിയമസഭയിലെ ഉന്നത ഉദ്യോഗസ്ഥർ ഭക്ഷണം ലഭിക്കാതെ അതിന് അകത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൌസിൽ എത്തിയെങ്കിലും അവിടെയും ഭക്ഷണമില്ലായിരുന്നു. ജീവനക്കാർക്കായി സദ്യ ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ കോഫീ ഹൌസിൽ ഭക്ഷണം ഒരുക്കിയിരുന്നില്ല. ഇതോടെ അവിടെ ഉണ്ടായിരുന്ന ചപ്പാത്തി കഴിക്കേണ്ടിവന്നു. 800 പേർക്ക് ഭക്ഷണം നൽകിയെങ്കിലും അതിന്‍റെ കാശ് വാങ്ങാതെയാണ് കരാറുകാരൻ മുങ്ങിയതെന്നും നിയമസഭയിലെ ഓണസദ്യയുടെ ചുമതലയുള്ള ജീവനക്കാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 27, 2023 2:08 PM IST