SIRനെതിരെ ഒറ്റക്കെട്ട്; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനെതിരെ (SIR) ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്. സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. മുസ്ലിം ലീഗ് എംഎൽഎമാരായ യു എ ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.
എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ രീതിയിലാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നതെന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്. ബിഹാർ എസ്ഐആറിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോൾ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാനാവില്ല.
advertisement
ദീർഘകാല തയാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആറിൽ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിലാഴ്ത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024ലെ വോട്ടർപട്ടിക എസ്ഐആറിന് അടിസ്ഥാനമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് മുന്നോടിയായി 2002ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെയും നിലവിലെ വോട്ടർ പട്ടികയുടെയും സാങ്കേതിക പരിശോധന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. ഇരു പട്ടികകളും താരതമ്യം ചെയ്ത് എത്രത്തോളം വ്യത്യാസമുണ്ടെന്ന് ഐ ടി സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം.
advertisement
കേരളത്തിൽ എസ്ഐആർ നടപടികളുടെ സമയക്രമവും മറ്റും കേന്ദ്രം പ്രഖ്യാപിക്കാനിരിക്കെ ഈ പരിശോധന നിർണായകമാണ്. 2002ലെ പട്ടികയെ അപേക്ഷിച്ച് 2025ലെ പട്ടികയിൽ 53.25 ലക്ഷം വോട്ടർമാർ കൂടുതലുണ്ട്. 2002ലെയും 2025ലെയും വോട്ടർ പട്ടിക പരിശോധിക്കാൻ പൊതുജനങ്ങൾക്കുള്ള നിർദേശം കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 29, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SIRനെതിരെ ഒറ്റക്കെട്ട്; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി