ഷംസീറും ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കൽ കൂടി ലക്ഷ്യമിടുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്
തിരുവനന്തപുരം: കേരളത്തിൽ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതു സംബന്ധിച്ച ചർച്ചകളിലേക്ക് സിപിഎം കടന്നു. പുതുതായി കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിൽ എത്തും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. സ്പീക്കര്‍ എ എൻ ഷംസീറും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പകരം വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.
മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. ഗണേഷ് കുമാറിന് വനം വകുപ്പ് നൽകിയേക്കും. എ കെ ശശീന്ദ്രൻ ഗതാഗത വകുപ്പിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ഇത് സംബന്ധിച്ച നിർണായക നേതൃയോഗങ്ങൾ അടുത്താഴ്ച നടക്കും. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
Also Read- നിപയിൽ ആശ്വാസം; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം.
advertisement
അതേസമയം, മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന നടക്കുമെന്ന് അറിഞ്ഞതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. മന്ത്രി സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടാൽ ഒഴിയുമെന്നും അതിൽ വിഷമം ഉണ്ടാകില്ലെന്നും എൽഡിഎഫിനൊപ്പം തുടരുമെന്നും ആന്റണി രാജു പറഞ്ഞു. ഇതുവരെയും ഇത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല.. ഇതൊക്കെ മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ തനിക്ക് അറിയൂ എന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. മന്ത്രിസഭയിൽ മാറ്റം വേണമെന്ന ആവശ്യം ജെ ഡി എസും ഉന്നയിക്കുന്നു. കെ കൃഷ്ണൻകുട്ടിയെ മാറ്റി മാത്യു ടി തോമസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടേക്കും.
advertisement
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കൽ കൂടി ലക്ഷ്യമിടുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 15, 2023 12:21 PM IST