'വി സി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം': നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ സുപ്രീം കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സേര്‍ച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് ചാന്‍സലറായ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചു.
വി സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന സേര്‍ച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാപ്രകാരം ചാന്‍സലര്‍ നിയമനം നടത്തണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് സുധാംശു ദിലിയുടെ അധ്യക്ഷതയിലുള്ള സേര്‍ച്ച് കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ രണ്ടു പ്രതിനിധികളും ചാന്‍സലറുടെ രണ്ടു പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ സമിതിയാണ് വി സി പട്ടിക തയാറാക്കുന്നത്. സേര്‍ച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് ചാന്‍സലറായ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
advertisement
ബംഗാളില്‍ സ്വീകരിച്ചതിനു സമാനമായ നടപടിയാണു സുപ്രീം കോടതി ഈ രണ്ടു സര്‍വകലാശാലകളുടെയും സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ നടത്തിയത്. അതേസമയം, ബംഗാളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ഈ സര്‍വകലാശാലകളുടെ വി സി നിയമനത്തില്‍ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഒരു റോളുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ പൂര്‍ണമായി ഒഴിവാക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ അഞ്ചംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരണം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം സ്വീകരിച്ചതിനു ശേഷമാണ് ഗവര്‍ണറുടെ നടപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 02, 2025 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വി സി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം': നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ സുപ്രീം കോടതിയിൽ