തദ്ദേശപ്പോരിൽ തിളങ്ങുന്ന വിജയം നേടിയവർ 

Last Updated:

സംസ്ഥാനത്ത് ശ്രദ്ധേയ വിജയം നേടിയ 9 സ്ഥാനാർത്ഥികളെ അറിയാം

രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്
രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, 14 ജില്ലകളിലായി ഒട്ടേറെ സ്ഥാനാർത്ഥികളാണ് മികച്ച വിജയം നേടിയത്.   പ്രചാരണകാലഘട്ടത്തിൽ മാധ്യമങ്ങളിലൂടെ അടക്കം താരങ്ങളായവരും തദ്ദേശപ്പോരില്‍ വിജയം കൈവരിച്ചവരിലുണ്ട്.  സംസ്ഥാനത്ത് ശ്രദ്ധേയ വിജയം നേടിയ 9 സ്ഥാനാർത്ഥികളെ അറിയാം.
ആർ ശ്രീലേഖ- തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായ മുൻ ഡിജിപി ആർ. ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ അമൃതയെയാണ് തോൽപ്പിച്ചത്. ശ്രീലേഖ 1774 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ അമൃത 1066 വോട്ട് നേടി. 708 വോട്ടിന്‍റെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐപിഎസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തിരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.
advertisement
വി വി രാജേഷ്- തിരുവനന്തപുരം കോർപറേഷനിലെ കൊടുങ്ങാനൂർ വാർഡില്‍ നിന്നാണ് ബിജെപിയുടെ വി വി രാജേഷ് വിജയിച്ചത്. യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ. ബിജെപി മുൻ ജില്ലാ അധ്യക്ഷനും നിലവിൽ സംസ്ഥാന സെക്രട്ടറിയുമാണ്. ടെലിവിഷൻ ചാനലുകളിൽ ആദ്യംമുതൽ ബിജെപിയുടെ മുഖമായിരുന്നു രാജേഷ്
കെ എസ് ശബരിനാഥൻ - മുൻ അരുവിക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ എസ് ശബരിനാഥൻ തിരുവനന്തപുരം കോർപറേഷൻ കവടിയാർ വാർഡിൽ നിന്നാണ് ഇത്തവണ വിജയിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവും രണ്ട് തവണ കൗൺസിലറുമായിരുന്ന എസ് മധുസൂദനൻ നായരെയാണ് ശബരി പരാജയപ്പെടുത്തിയത്. 2005-ൽ സിഇടിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശബരീനാഥൻ, പിതാവ് ജി. കാർത്തികേയൻ്റെ നിര്യാണത്തെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2015-ലെ ഉപതിരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ എം വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2016-ൽ വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
advertisement
‍ദീപ്തി മേരി വര്‍ഗീസ്- കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്ന നേതാക്കളിലൊരാൾ. കലൂർ സ്റ്റേഡിയം ഡിവിഷനിൽ നിന്നാണ് വിജയം.
റിജിൽ മാക്കുറ്റി - കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് റിജില്‍ കണ്ണൂര്‍ കോർപറേഷനില്‍ വിജയിച്ചുകയറിയത്. ആദികടലായി ഡിവിഷനിലാണ് റിജില്‍ ജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് വിജയിച്ച ഡിവിഷനാണിത്. സിപിഐയിലെ എം കെ ഷാജിയെയാണ് റിജില്‍ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച ഡിവിഷനില്‍ 713 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് റിജില്‍ മാക്കുറ്റിയുടെ വിജയം. എസ്‌ഡിപിഐയാണ് മൂന്നാം സ്ഥാനത്ത്.
advertisement
അനിൽ അക്കര- മുൻ വടക്കാഞ്ചേരി എംഎല്‍എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര തൃശൂരിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ സംസ്കൃത കോളേജ് വാർഡിൽ നിന്നാണ് വിജയിച്ചത്. 300ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ കെ ബി തിലകനെയാണ് തോൽപിച്ചത്.
വൈഷ്ണ സുരേഷ് - കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് ഇടതു കോട്ടയായ മുട്ടട വാർ‌ഡിൽ നിന്നാണ് വിജയിച്ചത്. 24കാരിയായ വൈഷ്ണ, പ്രായം കുറഞ്ഞ മത്സരാർത്ഥി എന്ന നിലയിൽ തുടക്കം മുതലേ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എതിർ സ്ഥാനാർത്ഥിയെക്കാൾ 397 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈഷ്‌ണയുടെ തിളക്കമാർന്ന വിജയം. വോട്ടർ പട്ടികയിൽ നിന്നടക്കം വൈഷ്ണയുടെ പേര് നീക്കം ചെയ്തത് വലിയാ വിവാദമായിരുന്നു. പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് തന്റെ വോട്ട് ഒഴിവാക്കിയ വിവരം വൈഷ്ണയ്ക്ക് മനസ്സിലായത്. പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം പേര് വീണ്ടും ഉൾ‌പ്പെടുത്തുകയായിരുന്നു.
advertisement
ഫാത്തിമ തഹ്ലിയ- കോഴിക്കോട് ​കോർപറേഷനിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‍ലിയ മിന്നും ജയമാണ് നേടിയത്. വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെ വ്യക്തമായ ലീഡ് നേടിയ ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ എൽഡിഎഫിന്റെ ​ഐഎൻഎൽ സ്ഥാനാർത്ഥി വി പി റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
നവ്യ ഹരിദാസ്- കോഴിക്കോട് കോർപറേഷൻ കാരാപ്പറമ്പ് ഡിവിഷനിലായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി നവ്യ മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്നു നവ്യ. വയനാട് നിന്നായിരുന്നു ലോക്‌സഭാ സ്ഥാനാർത്ഥിയായി നവ്യ ജനവിധി തേടിയത്. ഇത്തവണ 439 വോട്ടുകൾക്കാണ് നവ്യയുടെ വിജയം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശപ്പോരിൽ തിളങ്ങുന്ന വിജയം നേടിയവർ 
Next Article
advertisement
തദ്ദേശപ്പോരിൽ തിളങ്ങുന്ന വിജയം നേടിയവർ 
തദ്ദേശപ്പോരിൽ തിളങ്ങുന്ന വിജയം നേടിയവർ 
  • സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 9 സ്ഥാനാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി ശ്രദ്ധ നേടി.

  • ആർ ശ്രീലേഖ, വി വി രാജേഷ്, കെ എസ് ശബരിനാഥൻ ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ളവർ വിജയിച്ചു.

  • വൈഷ്ണ സുരേഷ്, ഫാത്തിമ തഹ്‍ലിയ, നവ്യ ഹരിദാസ് തുടങ്ങിയ യുവ നേതാക്കൾക്കും മികച്ച വിജയം ലഭിച്ചു.

View All
advertisement