• HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളികളിൽ പ്രാർത്ഥനാ ഇളവുകൾ വേണം; സംയുക്ത പ്രതിഷേധത്തിന് സമസ്തയുമായി ആലോചന നടത്താൻ ഒരുക്കമെന്ന് കേരള മുസ്ലിം ജമാഅത്ത്

പള്ളികളിൽ പ്രാർത്ഥനാ ഇളവുകൾ വേണം; സംയുക്ത പ്രതിഷേധത്തിന് സമസ്തയുമായി ആലോചന നടത്താൻ ഒരുക്കമെന്ന് കേരള മുസ്ലിം ജമാഅത്ത്

സംയുക്ത സമരത്തിന് ഒരുങ്ങാൻ എ പി - ഇ കെ വിഭാഗങ്ങൾ ആലോചന നടത്തുമെന്ന് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ. ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖം....

കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ

കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ

  • Share this:
മലപ്പുറം:  ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ. ഇക്കാര്യത്തിൽ പ്രതിഷേധം ഉണ്ട്. എല്ലാ സുന്നി വിഭാഗങ്ങളും ഇക്കാര്യത്തിൽ ഒന്നിക്കേണ്ട സാഹചര്യം ഉണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വവുമായി ചർച്ച നടത്തും. ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

പള്ളികളിൽ വലിപ്പത്തിന് അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കുക, ജുമുഅ നമസ്കാരം നടത്താൻ അനുവദിക്കുക. ഈ രണ്ട് ആവശ്യങ്ങൾ മുഖ്യമന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ച് കഴിഞ്ഞ് ദിവസങ്ങൾ ആയി.. എന്താണ് ഇപ്പോഴത്തെ പ്രതികരണം? 

ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ : മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിൽ  രണ്ട് പ്രധാനപ്പെട്ട ആഘോഷങ്ങൾ ആണുള്ളത്. ഒന്ന് ചെറിയ പെരുന്നാൾ വിശുദ്ധ റമദാൻ മറ്റൊന്ന് വലിയ പെരുന്നാൾ അനുബന്ധ ദിവസങ്ങൾ .  ഏറ്റവും പ്രധാനപ്പെട്ടതാണ് വലിയ പെരുന്നാൾ. പേരിൽ എന്നപോലെ മഹത്വമുള്ള സമയങ്ങളാണ്. ഈ സമയങ്ങളിൽ പള്ളികൾ അടഞ്ഞുകിടക്കുന്ന എന്നത് ഏതൊരു വിശ്വാസിക്കും വളരെ വേദനാജനകവും നിരാശ നൽകുന്നതും ആയതാണ്. തീർച്ചയായും ഒരു പരിഹാരം കണ്ടേ പറ്റൂ.

അനുകൂലമായ സമീപനം സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഇത് വരെ ലഭിച്ചോ ?

ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ : ഇതുവരെ അടഞ്ഞു കിടന്നിരുന്ന പള്ളികളിൽ 15 ആളുകളെ പങ്കെടുപ്പിച്ച് ആരാധന നടത്താൻ കഴിയുന്നു എന്നത് സന്തോഷകരമാണ്. പക്ഷേ അവിടെയും ഒരു പ്രശ്നമുണ്ട്. വലിയ പള്ളിയിലും ചെറിയപള്ളി ഒരുപോലെ  അല്ലല്ലോ.  ഇപ്പോൾ മദ്യ ഷാപ്പുകൾ എല്ലാം തുറക്കുന്ന സാഹചര്യത്തിൽ കടകൾക്കും ഇളവ് നൽകണം.  അവർക്ക് വല്ലതും മിച്ചം കിട്ടുന്നത്, അവരുടെ കുട്ടികളുടെ പട്ടിണി മാറ്റുന്നത് ഇത് പോലെ ഉള്ള ആഘോഷവേളകളിൽ കിട്ടുന്ന കച്ചവടം കൊണ്ടാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ  എല്ലാ ആനുകൂല്യങ്ങളും നൽകുന്നു, പൊതുജനങ്ങളുടെ നികുതി ലഭിച്ചാണല്ലോ ഇതെല്ലാം ചെയ്യുന്നത്. അപ്പോൾ അവരുടെ  ആവശ്യങ്ങളും പരിഗണിക്കണം

‌ജുമുഅ നമസ്കാരത്തിന് അനുമതി, പെരുന്നാൾ നമസ്കാരം ചെയ്യാൻ അനുമതി, ഇതാണോ മുന്നോട്ട് വെക്കുന്നത്?

ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ :   എല്ലാം ഒരുപോലെ കാണണം. മദ്യഷാപ്പുകൾ തുറക്കാം. അവിടെ അപാരമായ തിക്കുംതിരക്കും ആണ്. അത് നമ്മുടെ നാടിന് നാണക്കേട് ആണ്. അതുകൊണ്ട് ഒരു ഗുണവും ഇല്ല. നമുക്ക് നഷ്ടങ്ങൾ മാത്രമേ ഉള്ളൂ. പള്ളിയിലേക്ക് വരുന്നവർ കൈകൾ കഴുകി, ശുദ്ധി ആയാണ് വരുന്നത്. അത് പോലെ വ്യാപാരികൾ അവർക്ക് പറ്റില്ല, കള്ള് വ്യവസായം മാത്രം പറ്റും എന്നത് നീതിപൂർവ്വം അല്ലല്ലോ.

സർക്കാരിനെ പ്രതിഷേധം അറിയിച്ചോ ?

ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ : ഇത് വരെ അനുഭാവപൂർവമായ സമീപനം ആണ് എടുത്തിട്ടുള്ളത്.  ഇതിലും എടുക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഉള്ളത്.  ഒന്നുകൂടി കാത്തിരിക്കുക എന്ന നിലപാടിൽ ആണ്. ഇല്ലെങ്കിൽ ജനങ്ങൾ നിയന്ത്രണം ഏറ്റെടുക്കും. അങ്ങനെ ഏറ്റെടുത്താൽ അത് വലിയ പ്രശ്നമായി മാറും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുക ആണ്.  ഒരു സംയുക്ത പ്രതിഷേധത്തിന് സാധ്യത ഉണ്ടോ ?

ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ : ഞങ്ങൾ എല്ലാവരും കൂടി സംയുക്തമായി നടത്തുന്നതിനെ പറ്റി ആലോചിക്കുക ആണ്. അതാകും പ്രായോഗികം. എല്ലാവരും കൂടി ഒരു കൂട്ടമായി ഒരു തീരുമാനം ഉണ്ടാകുക ആണെങ്കിൽ അത് കൂടുതൽ ഫലപ്രദം ആകും  എന്നാണ് കരുതുന്നത്. സുന്നി സംഘടനകൾ തന്നെ നിരവധി ഉണ്ടല്ലോ. എല്ലാവരും ഒത്തൊരുമിച്ച് നിന്നാൽ നന്നാകും, വലിയ നേട്ടങ്ങൾ നേടി എടുക്കാൻ ആകും. ആലോചനകൾ നടക്കുക ആണ്.

വലിയ പെരുന്നാൾ ദിനത്തിൽ പ്രാർത്ഥനകൾക്ക് സർക്കാർ അനുമതി നൽകും എന്ന് തന്നെ പ്രതീക്ഷിക്കുന്നുവോ ?

ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ :  അങ്ങനെ തന്നെ ആണ് പ്രതീക്ഷ...എന്താണ് വേണ്ടത് എന്ന് കൂടിയാലോചിച്ച് തീരുമാനം എടുക്കും.

ആശയപരമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന എ പി, ഇ കെ വിഭാഗം സുന്നികൾ അഥവാ കേരള മുസ്ലിം ജമാഅത്തും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും  സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുന്നു എന്നാണ് എ പി വിഭാഗം മുതിർന്ന നേതാവും മഅ്ദിൻ അക്കാദമി ഡയറക്ടറും ആയ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു നിർത്തുന്നത്.
Published by:Rajesh V
First published: