തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തിറക്കിയ സർക്കുലറിനെ ചൊല്ലി വിവാദം. ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുന്നതരത്തിൽ അലങ്കാരങ്ങൾ വേണമെന്നുമാണ് പോലീസ് സർക്കുലർ.എന്നാൽ കാവി കൊടി വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധപൂർവ്വ നീക്കമാണ് നടക്കുന്നതെന്നാണ് ബിജെപിയുടേയും ആർഎസ്എസിന്റെയും ആരോപണം. സ്ഥലത്ത് രാഷ്ട്രീയസംഘർഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിർദ്ദേശം നൽകിയതെന്ന് പോലീസും വിശദീകരിക്കുന്നു. ഹിന്ദു ആചാരങ്ങൾ തകർക്കാനുളള ബോധപൂർവ്വ ശ്രമമാണിതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
കാർഷിക സംസ്കൃതിയുടെ പൈതൃകം പേറി 850 വർഷത്തിലേറെയായി നിലനിൽക്കുന്ന വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ വിവാദ സർക്കുലർ പുറത്തിറക്കിയത്. ഒരു നിറത്തിലുള്ള കൊടി മാത്രം ഉപയോഗിച്ചാൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നും ആയതിനാൽ കൊടി തോരണങ്ങളിൽ വർണ്ണ നിറങ്ങൾ വേണമെന്നുമാണ് പോലീസിന്റെ നിർദ്ദേശം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ഉത്സവ കമ്മിറ്റിയും ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും.
കാവിക്കൊടി വിലക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ നീക്കമാണ് പോലീസ് നടത്തുന്നതെന്ന ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം വിശ്വാസത്തിൻറെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന വിമർശനവുമായി സിപിഎമ്മും രംഗത്തെത്തി.പരമ്പരാഗത ആചാരങ്ങലോടെ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ ദിക്കുബലി തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പോലീസിന്റെ സർക്കുലർ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.