• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തമായി; ഏറ്റവും കൂടുതല്‍ മഴ കാസര്‍കോട് ജില്ലയില്‍

Kerala Rains | സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തമായി; ഏറ്റവും കൂടുതല്‍ മഴ കാസര്‍കോട് ജില്ലയില്‍

കണക്കുകള്‍ പ്രകാരം ശരാശരിയെക്കാൾ 60 ശതമാനത്തിന് മുകളിൽ മഴയാണ് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് ലഭിച്ചത്

  • Share this:
    തിരുവനന്തപുരം : മണ്‍സൂണ്‍ ആദ്യ മാസം പിന്നിട്ടതോടെ സംസ്ഥാനത്ത് മഴ വീണ്ടും  ശക്തമായി തിരിച്ചെത്തി.ജൂലൈ മാസം ആദ്യ ആഴ്ച പിന്നിടുമ്പോൾ കാലവർഷം കൂടുതൽ ശക്തമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിൽ ലഭിക്കേണ്ടതിനെക്കാൾ 63 ശതമാനത്തോളം അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. കാസർഗോഡ് കൂടുതൽ മഴ ലഭിച്ചപ്പോൾ തിരുവനന്തപുരത്താണ് കുറവ് മഴ പെയ്തത്.

    ജൂൺ 1 മുതൽ ജൂലൈ 7 വരെയുള്ള കണക്ക് പ്രകാരമാണെങ്കിൽ കേരളത്തിൽ ലഭിക്കേണ്ടതിനെക്കാൾ 33% കുറവ് മഴയാണ് പെയ്തത്. എന്നാൽ കഴിഞ്ഞ ഏഴ് ദിവസത്തെ സാഹചര്യം പരിശോധിച്ചാൽ. സാധാരണ   ലഭിക്കേണ്ടത് 151.4 മില്ലീമീറ്റർ മഴ. എന്നാൽ ലഭിച്ചതാകട്ടെ 230.6 മില്ലീമീറ്റർ മഴയും. ശരാശരിയെക്കാൾ 60 ശതമാനത്തിന് മുകളിൽ മഴ ഈ ദിവസങ്ങളിൽ ലഭിച്ചു.

    കഴിഞ്ഞ ഏഴ് ദിവസം ഏറ്റവും കൂടുതൽ ലഭിച്ചത് കാസറഗോഡ് ജില്ലയിലാണ്. 494.2 മില്ലീമീറ്റർ മഴ.  കണ്ണൂർ  372.7 മില്ലീമീറ്ററും, വയനാട്  306.8 മില്ലീമീറ്ററും മഴ 7 ദിവസത്തിനിടെ ലഭിച്ചു. കാസർഗോഡ് ജില്ലയിൽ ആദ്യ 30 ദിവസം 478.3 മില്ലീ മീറ്റർ മഴ മാത്രം ലഭിച്ചപ്പോൾ തുടർന്നുള്ള ഏഴ് ദിവസത്തിൽ  ലഭിച്ചതു  494.2 മില്ലീ മീറ്റർ മഴ.

    Also Read- സംസ്ഥാനത്ത് മഴ തുടരും; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്

    ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ് -93.5 മില്ലീമീറ്റർ  മഴ.  പത്തനംതിട്ട യിൽ 108.8 മില്ലീമീറ്ററുമാണ് മഴ ലഭിച്ചത്. ജൂൺ അവസാനിക്കുമ്പോൾ 52%  മഴക്കുറവായിരുന്ന സ്ഥാനത്ത് ഏഴ് ദിവസം കഴിഞ്ഞപ്പോൾ 33% ആയി കുറവ് മാറിയിട്ടുണ്ട്. മൺസൂൺ പാത്തിയും, പടിഞ്ഞാറൻ കാറ്റ് ശക്തമായതും കൂടതെ പശ്ചിമ ബംഗാളിനും മുകളിലായി ന്യുന മർദ്ദവുമാണ്  മഴ ശക്തമാകാൻ കാരണം.

    സംസ്ഥാനത്ത് ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ ഇന്നും ശക്തമായ മഴ ലഭിച്ചേക്കും.  12 ജില്ലകളിൽ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ, കോട്ടയം,  എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജിലകളിലാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സാധാരണ മഴയ്ക്ക് സാധ്യത യുള്ളതിനാൽ ഗ്രീൻ പ്രഖ്യാപിച്ചിട്ടുണ്ട്.  മൂന്ന് ദിവസം കൂടി മഴ തുടർന്നേക്കും.

    മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായതാണ് മഴ ശക്തമായി തുടരാൻ ഇടയാക്കുന്നത്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യത.

    കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ശനിയാഴ്ച രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
    Published by:Arun krishna
    First published: