Kerala Secretariat Fire| സെക്രട്ടേറിയറ്റിലെ തീപിടിത്തം: 'ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി'; ആരോപണവുമായി പ്രതിപക്ഷ നേതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
ഫോറൻസിക് വിഭാഗത്തിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറൻസിക് വിഭാഗത്തിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചതായും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് തെളിവുകൾ നശിപ്പിക്കുന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടായതെന്ന ഫോറൻസിക്കിന്റെ റിപ്പോർട്ട് തിരുവനന്തപുരം സിജിഎം കോടതിയിൽ എത്തിയതിന് പിന്നാലെ ഒരു ഐജി ഫോറൻസിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരോട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐജി കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് ആസ്ഥാനത്ത് ഐജി വാങ്ങിവെച്ചു. അടുത്ത റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് ഐജി നിർദേശം നൽകി.- പ്രതിപക്ഷ നേതാവ് പറഞ്ഞു.
advertisement
Related News- BJPയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി കെ.സുരേന്ദ്രൻ
ഫോറൻസിക് റിപ്പോർട്ടുകളിൽ ഒരുകാലത്തും പൊലീസ് ഇടപെടൽ ഉണ്ടായിട്ടില്ല. ഐജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണേണ്ടത്. ഫോറൻസിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താൻ ഐജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിർദേശപ്രകാരമാണ് ഐജി ഇതു ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു. ഐജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫോറന്‍സിക്കില്‍ ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഇതും അട്ടിമറിയാണ്. ഇന്നുവരെ ഡിജിപി റാങ്കിലുളള ഒരു ഉദ്യോഗസ്ഥനെ ഫോറന്‍സിക്കില്‍ നിയമിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായി തെളിവുകള്‍ ശേഖരിക്കാനുളള സംവിധാനമാണ് ഫോറന്‍സിക്കിനുളളത്. ശാസ്ത്രജ്ഞര്‍ക്ക് പകരം പോലീസ് ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റിലേക്ക് വന്നാല്‍ അതിന്റെ സ്വഭാവം നഷ്ടപ്പെടും. 2021 ജനുവരി വരെ സർവീസുള്ള ഡയറക്ടർ വോളന്ററി റിട്ടയർമെന്റിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നീൽ ഭീഷണിയുണ്ടോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2020 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire| സെക്രട്ടേറിയറ്റിലെ തീപിടിത്തം: 'ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി'; ആരോപണവുമായി പ്രതിപക്ഷ നേതാവ്


