വ്യാജ ഡിഗ്രി വിവാദം: കേരളയിൽ 75 % ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി; നിഖിലിന്റെ എംകോം പ്രവേശനത്തിൽ ഗുരുതര വീഴ്ചയെന്ന് കേരള വിസി
- Published by:Arun krishna
- news18-malayalam
Last Updated:
നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ തള്ളി കേരള സർവകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍. നിഖിൽ ആറ് സെമസ്റ്ററും എംഎസ്എം കോളജിൽ പഠിച്ചു. കേരളയിൽ 75 ശതമാനം ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. വിഷയത്തില്‍ പ്രിൻസിപ്പൽ സർവകലാശാലയിലെത്തി വിശദീകരണം നൽകണമെന്നും നിഖിലിന്റെ എംകോം പ്രവേശനത്തിൽ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും വി സി മോഹൻ കുന്നുംമ്മൽ പറഞ്ഞു.
നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലിംഗ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികതയിലും സംശയമുണ്ട്. കലിംഗ സർവകലാശാലയിൽ ഇപ്പോൾ സെമസ്റ്റർ സിസ്റ്റമാണ് നിലവിലുള്ളത്. നിഖിലിന്റെ സർട്ടിഫിക്കറ്റിൽ ഇയർലി പ്രോഗ്രാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നുവർഷം മുൻപ് അങ്ങനെയായിരുന്നോ എന്ന് അറിയില്ല. മുഴുവൻ സമയ വിദ്യാർഥിയാണ് നിഖിൽ. 75 ശതമാനം ഹാജരുണ്ട്. എല്ലാ വിഷയത്തിലും ഇന്റേണൽ മാർക്കുണ്ട്. പരീക്ഷകളൊക്കെ തോറ്റു. ഇതേ കാലഘട്ടത്തിൽ തന്നെയാണ് കലിംഗ യൂണിവേഴ്സിറ്റിയിലും പഠിക്കുന്നത്. മാർക്ക് ലിസ്റ്റ് അനുസരിച്ച് ഫസ്റ്റ് ക്ലാസോടെയാണ് അവിടെ നിന്ന് പാസായത്. കലിംഗ യൂണിവേഴ്സിറ്റിയുടേത് വ്യാജ സർട്ടിഫിക്കറ്റ് ആകാനാണ് സാധ്യത. പക്ഷേ അത് കലിംഗ യൂണിവേഴ്സിറ്റിയിൽ പരിശോധിക്കേണ്ടതുണ്ടെന്നും കേരള വിസി പറഞ്ഞു.
advertisement
രാവിലെ കായംകുളത്തും വൈകിട്ട് റായ്പൂരും പഠിക്കാനാകില്ലെന്നും അത്തരത്തിൽ ഒരു വിമാനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാർഥിയുടെ അഡ്മിഷൻ റദ്ദാക്കേണ്ടി വരുമെന്നും കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണവിധേയനായ നിഖിൽ തോമസിന് ക്ലീൻ ചിറ്റ് നൽകി എസ്എഫ്ഐ നേതൃത്വം. നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘മുഴുവൻ ഡോക്യുമെന്റുകളും നിഖിൽ എസ്എഫ്ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്, നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നും ആർഷോ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 19, 2023 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ ഡിഗ്രി വിവാദം: കേരളയിൽ 75 % ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി; നിഖിലിന്റെ എംകോം പ്രവേശനത്തിൽ ഗുരുതര വീഴ്ചയെന്ന് കേരള വിസി