തിരുവനന്തപുരം : കൈക്കൂലി ആവശ്യപ്പെട്ടതിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് പിടിയിലായത് നാൽപതോളം റവന്യു ഉദ്യോഗസ്ഥർ. തഹസിൽദാർ മുതൽ സ്വീപ്പർ വരെ ഉള്ള ജീവനക്കാരെയാണ് വിവിധ സ്ഥലങ്ങളിലായി വിജിലന്‍സ് പിടികൂടിയത്. മുന്നൂറ്റി അൻപതിലേറെ മിന്നൽ പരിശോധനകളിലൂടെയാണ് ഇവര്‍ പിടിയിലാകുന്നത്. 500 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച കേസുകൾ ഇതിൽ ഉൾപ്പെടും.
വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങുന്ന സംഭവങ്ങളാണ് കൂടുതലും പിടികൂടിയത്. താലൂക്ക് ഓഫിസു കളിലും അറസ്റ്റുണ്ടായി. പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഓഫിസിലെ വിരമിച്ച റവന്യു ഉദ്യോഗസ്ഥനെയും കൈക്കൂലി കേസിൽ കഴിഞ്ഞ വർഷം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. റവന്യു വകുപ്പിന് സ്വന്തമായി വിജിലൻസ് വിഭാഗമുണ്ടെങ്കിലും പരിശോധനയും നടപടികളും ശക്തമല്ല.
കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തു
സർട്ടിഫിക്കറ്റുകളും ഭൂരേഖകളും ലഭിക്കുന്നതിന് വേണ്ടി ജീവനക്കാര്‍ കൂടുതലും കൈക്കൂലി ആവശ്യപ്പെടുന്നത്. റവന്യു വകുപ്പിൽ നിന്നുള്ള 24 സർട്ടിഫിക്കറ്റുകൾക്കായി ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. നികുതി അടയ്ക്കാനും പോക്കു വരവ്, ഭൂമി തരംമാറ്റം തുടങ്ങിയ സേവനങ്ങൾക്കും റവന്യു ഇ സർവീസസ് പോർട്ടലും സജ്ജമാണ്.
എന്നാൽ, ഇതൊന്നും അറിയാതെ പലപ്പോഴും അപേക്ഷകൻ വില്ലേജ് ഓഫിസിലെത്തുമ്പോഴാണ് ജീവനക്കാര്‍ ഇവരെ ചൂഷണം ചെയ്യുന്നത്. ഇക്കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ റവന്യു ഇ സാക്ഷരത പദ്ധതിക്കു നവംബറിൽ ആരംഭിക്കുമെന്നാണു വകുപ്പിന്റെ പ്രഖ്യാപനം.
ഒരേ ഓഫിസിൽ തന്നെ മൂന്നു വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യു കമ്മിഷണറേറ്റിനു നിർദേശം നൽകിയതായി മന്ത്രി കെ.രാജൻ, അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.